അമ്പലപ്പുഴ: കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന വള്ളങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍ കബളിപ്പിച്ചു. സഹകരണ ബാങ്കില്‍നിന്ന് ലോണെടുത്ത മത്സ്യത്തൊഴിലാളി കുടുംബം ജപ്തി ഭീഷണിയില്‍. ആലപ്പുഴ പുന്നപ്ര തെക്ക് പഞ്ചായത്ത് 16-ാം വാര്‍ഡ് അറയ്ക്കല്‍ വീട്ടില്‍ ബെന്നി ജോസഫും (49) കുടുംബവുമാണ് ജപ്തി നേരിടുന്നത്.
ഇവര്‍ താമസിക്കുന്ന അഞ്ചു സെന്റ് സ്ഥലവും വീടും ഈടുവച്ച് ഭാര്യ മാര്‍ഗരറ്റിന്റെ പേരില്‍ പുന്നപ്ര സഹകരണ ബാങ്കില്‍ നിന്ന് 2015ല്‍ നാലു ലക്ഷം രൂപ വായ്പയെടുത്തു. ഈ പണമുപയോഗിച്ച് ഒരു ഡിസ്കോ വള്ളവും ഇറക്കി. തുടര്‍ന്ന് കൃത്യമായി പലിശ അടച്ചിരുന്നു. 2016 ആഗസ്തില്‍ പുന്നപ്ര കടപ്പുറത്തുണ്ടായ കടല്‍ക്ഷോഭത്തില്‍ വള്ളവും വലയും പൂര്‍ണമായി നശിച്ചു. ഇതിന്റെ നഷ്ടപരിഹാരമായി 13 ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കുമെന്ന് മന്ത്രി ജി. സുധാകരന് പറഞ്ഞെങ്കിലും ഇതുവരെ പ്രാവര്‍ത്തികമായില്ല. ഇതിനിടെ ബെന്നിക്ക് ഹൃദയാഘാതമുണ്ടായി ചികിത്സയിലായി. ഭര്‍ത്താവിന് സുഖമില്ലാതായതോടെ കുടുംബം പോറ്റാന്‍ മാര്‍ഗരറ്റ് ബെംഗളൂരുവില്‍ വീട്ടുജോലിക്കായി പോയി.
കഴിഞ്ഞ മാര്‍ച്ച് 10ന് നടന്ന അദാലത്തില്‍ 44,000 രൂപ ഇളവ് ചെയ്ത് 5,98,000 രൂപ തിരിച്ചടയ്ക്കാന്‍ ബാങ്ക് ആവശ്യപ്പെട്ടു. തുടര്‍ന്ന് മാര്‍ഗരറ്റ് നാട്ടില്‍ തിരിച്ചെത്തി. ബെഗളൂരുവില്‍നിന്ന് വന്നതിനാല്‍ 14 ദിവസം വീട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞശേഷം സഹോദരിമാരുടെയും ബന്ധുക്കളുടെയും സഹായത്താല്‍ പണം അടയ്ക്കാന്‍ ചെന്നപ്പോള്‍ മാര്‍ച്ച് 31 വരെയേ ഇളവുണ്ടായിരുന്നുള്ളൂവെന്നും പണം മുഴുവനും അടയ്ക്കണമെന്നുമാണ് ബാങ്ക് മാനേജര്‍ ഇവരോട് പറഞ്ഞത്.
ദൈനംദിന ചെലവു പോലും കണ്ടെത്താനാകാതെ പ്രതിസന്ധിയിലായ കുടുംബം ഇനി എന്തെന്നറിയാതെ കുഴങ്ങുകയാണ്. ദിവസേന ബെന്നിയുടെ മരുന്നിനു തന്നെ നല്ല തുക വേണം. പ്ലസ്ടുവിനും പ്ലസ്വണ്ണിനും പഠിക്കുന്ന രണ്ടു കുട്ടികളടങ്ങുന്ന കുടുംബം നിത്യചെലവിന് മര്‍ഗമില്ലാതെ നട്ടം തിരിയുകയാണ്. കിടപ്പാടം നഷ്ടപ്പെട്ടാല്‍ കയറി കിടക്കാന്‍ മറ്റു യാതൊരു മാര്‍ഗവുമില്ലെന്ന് ബെന്നി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: