പാലക്കാട്/കല്‍പ്പറ്റ/കൊല്ലം: മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ സംസ്ഥാനത്തെ ചെക്ക്‌പോസ്റ്റുകളില്‍ സര്‍വത്ര ആശയക്കുഴപ്പം. സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്രമങ്ങളിലെ വീഴ്ച മൂലം പലര്‍ക്കും ചെക്ക്‌പോസ്റ്റുകളില്‍ മണിക്കൂറുകളോളം കാത്തുകിടക്കേണ്ടിവന്നു. വിവിധ സംസ്ഥാനങ്ങളിലൂടെ യാത്ര ചെയ്യേണ്ടതിനുള്ള നടപടിക്രമങ്ങള്‍ വ്യത്യസ്തമായതും യാത്രക്കാരെ കുഴക്കി.
വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ ഇന്നലെ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. പാസ് നല്‍കിയതിലെ വീഴ്ച മൂലം പലര്‍ക്കും കാത്തുകിടക്കേണ്ടിവന്നത് മണിക്കൂറുകള്‍. അസൗകര്യങ്ങളില്‍ യാത്രക്കാര്‍ വീര്‍പ്പുമുട്ടി. ഒരുമിച്ചെത്തിയവരില്‍ പലരുടെയും പാസുകളില്‍ കൂടെ വരുന്നവരുടെ എണ്ണവും വിവരങ്ങളുമില്ലാത്തത് തിരിച്ചടിയായി. സൈറ്റിലെ വീഴ്ചയാണെന്ന് പറഞ്ഞ് അധികൃതര്‍ കൈയൊഴിഞ്ഞപ്പോള്‍ പുലര്‍ച്ചെയെത്തിയവരില്‍ പലരും രാത്രിയോടെയാണ് വീടുകളിലേക്ക് മടങ്ങിയത്.
ആദ്യം അഞ്ചു മണി വരെയാണ് വാഹനങ്ങള്‍ കടത്തിവിടാന്‍ അനുമതിയുണ്ടായിരുന്നത്. വൈകിട്ട് ആറു മണിക്കും വാഹനങ്ങളുടെ നീണ്ടനിര അനുഭവപ്പെട്ടതിനാല്‍ എല്ലാവരെയും കടത്തിവിടാന്‍ നിര്‍ദ്ദേശം നല്‍കി.
വാഹനങ്ങളുടെ തിരക്കും, യാത്രക്കാരുടെ എണ്ണവും വര്‍ധിച്ചതോടെ ഇവരെ നിയന്ത്രിക്കാന്‍ പലപ്പോഴും അധികൃതര്‍ക്ക് കഴിഞ്ഞില്ല. സാമൂഹിക അകലം പാലിക്കാതെ ആളുകള്‍ കൂടി നില്‍ക്കുകയായിരുന്നു. ആരാഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടക്കുന്നുണ്ടെങ്കിലും ഇത് കണ്ണില്‍പൊടിയിടാനാണെന്ന് യാത്രക്കാര്‍ ആരോപിച്ചു.
ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ടാക്‌സികളില്‍ എത്തുന്നവര്‍ക്ക് സ്വന്തം വീടുകളിലേക്ക് പോകാനായി വാളയാറില്‍ നിന്നും വാഹന സൗകര്യമില്ലാത്തതും തിരിച്ചടിയായി. 2574 പേരാണ് വാളയാര്‍ വഴി കേരളത്തിലെത്തിയത്.
ആര്യങ്കാവ് അതിര്‍ത്തി കടന്ന് 151 പേരും സംസ്ഥാനത്തെത്തി. പ്രാഥമിക ആരോഗ്യപരിശോധനയ്‌ക്കു ശേഷം വിശദപരിശോധനകള്‍ക്കായി ആര്യങ്കാവ് സെന്റ് മേരീസ് സ്‌കൂളിലേക്ക് അയച്ചു. അതിര്‍ത്തി കടന്നെത്തിയ വാഹനങ്ങള്‍ ഫയര്‍ഫോഴ്‌സ് അണുവിമുക്തമാക്കി.
വാളയാറിലെത്തിയ മൂന്നു പേരെ നിരീക്ഷണത്തിലാക്കി
വാളയാര്‍ ചെക്‌പോസ്റ്റ് വഴിയെത്തിയ മൂന്ന് പേരെ കൊറോണ കെയര്‍ സെന്ററിലേക്ക് മാറ്റി. സേലത്തു നിന്നെത്തിയ മൂന്ന് ഹോമിയോ വിദ്യാര്‍ഥികളെയാണ് മാറ്റിയത്. കഴിഞ്ഞ ദിവസം ജില്ലയിലെത്തിയ ഇവര്‍ക്ക് പനി വന്നതിനെത്തുടര്‍ന്ന് ജില്ലാ ആശുപത്രിയിലെത്തി സാമ്പിളെടുത്തിരുന്നു. ഇതിനു ശേഷമാണ് നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയത്. കോഴിക്കോട്, കണ്ണൂര്‍ സ്വദേശികളാണ് ഇവര്‍.
ചെന്നൈയില്‍ നിന്ന് പാലക്കാട്ടേക്ക് വരികയായിരുന്ന കോങ്ങോട് സ്വദേശിയെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന്റെ സാമ്പിള്‍ പരിശോധനയ്‌ക്കെടുത്തു. ചെന്നൈയില്‍ നിന്ന് കാറില്‍ ആറു പേര്‍ അടങ്ങുന്ന സംഘത്തോടൊപ്പമാണ് ഇദ്ദേഹമെത്തിയത്.
പാസ് ലഭിച്ചിട്ടും വൈകുന്നവര്‍ക്ക് രണ്ട് ദിവസം ഇളവ്
കര്‍ണാടകഅതിര്‍ത്തി കടക്കാന്‍ പാസ് ലഭിച്ചിട്ടും സമയത്തിനുള്ളില്‍ അതിര്‍ത്തിയിലെത്താന്‍ സാധിക്കാത്തവര്‍ക്ക് രണ്ട് ദിവസത്തെ സാവകാശം. രാത്രിയാത്ര നിരോധനത്തെ തുടര്‍ന്ന് നിരവധി യാത്രക്കാര്‍ കഴിഞ്ഞരാത്രിയില്‍ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ കുടുങ്ങിയിരുന്നു.
ഈ അവസ്ഥ ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം ഇളവനുവദിച്ചത്. ഇന്നലെ മുത്തങ്ങ വഴി 275 യാത്രക്കാര്‍ അതിര്‍ത്തി കടന്നു. ഗര്‍ഭിണികള്‍, ചികിത്സയ്‌ക്കായി വരുന്നവര്‍, മൃതശരീരവുമായി എത്തുന്നവര്‍ എന്നിവര്‍ക്ക് വരി നില്‍ക്കേണ്ടതില്ലെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള പറഞ്ഞു
















