ന്യൂദല്‍ഹി: രാജ്യത്തേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നവരെയെല്ലാം തിരികെ എത്തിക്കുമെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരന് അറിയിച്ചു. എംബസികളിലും കോണ്‍സുലേറ്റിലും എത്രപേരാണോ രജിസ്റ്റര്‍ ചെയ്തത് അത്രയും പേരെ മടക്കിയെത്തിക്കും. ഗര്‍ഭിണികള്‍, ടൂറിസ്റ്റ് വിസയില്‍ പോയവര്‍, വയോധികര്‍, വിദ്യാര്‍ഥികള്‍, ജോലി നഷ്ടമായവര്‍, ലേബര്‍ ക്യാമ്പുകളില്‍ കഷ്ടതകളനുഭവിക്കുന്നവര്‍, വിസ കാലാവധി അവസാനിച്ചവര്‍, മറ്റു രോഗബാധിതര്‍ തുടങ്ങി പ്രധാന എട്ടു വിഭാഗങ്ങളിലുള്ളവരെയാണ് ആദ്യഘട്ടത്തില്‍ തിരികെ എത്തിക്കുന്നതെന്നും വി. മുരളീധരന് വിശദീകരിച്ചു.
ഇപ്പോഴത്തേത് ദൗത്യത്തിന്റെ ആദ്യ പട്ടികയാണ്. കേരളത്തിന്റെ മുന്‍ഗണനാ പട്ടിക അംഗീകരിച്ചില്ല എന്നു മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞത് ശരിയല്ല. എണ്‍പതിനായിരം പേരെ കൊണ്ടുവരുന്നു എന്നാണ് മുഖ്യമന്ത്രി ഇന്നലെ പത്രസമ്മേളനത്തില്‍ പറഞ്ഞത്. ഈ കണക്ക് എവിടെ നിന്നു കിട്ടി എന്നറിയില്ല. 1,97,000 പ്രവാസികളാണ് യുഎഇ എംബയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പേരെയും വിദേശരാജ്യങ്ങളില്‍ നിന്ന് കൊണ്ടുവരണമെന്നാണ് തീരുമാനം. മുഖ്യമന്ത്രി ഉത്തരവാദിത്തമില്ലാതെ സംസാരിക്കരുത്. അദ്ദേഹം പറഞ്ഞതിനേക്കാള്‍ കൂടുതല്‍ വിഭാഗങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേന്ദ്രം ഒന്നും അറിയിച്ചിട്ടില്ല എന്നും പിണറായി പറയുന്നു, ചില കാര്യങ്ങള്‍ അറിഞ്ഞു എന്നും പിണറായി പറയുന്നു. ഇതെല്ലാം തെറ്റിദ്ധാരണ സൃഷ്ടിക്കാനുള്ള ശ്രമമാണ്. എല്ലാ കാര്യങ്ങളും സംസ്ഥാന സര്‍ക്കാരുമായി പങ്കുവെയ്ക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തും, മുരളീധരന് പറഞ്ഞു.
വിദേശത്തുനിന്ന് മടക്കിയെത്തിക്കാന്‍ താരതമ്യേന ഏറ്റവും കുറഞ്ഞ വിമാനനിരക്കാണ് നിശ്ചയിച്ചിരിക്കുന്നത്. വിദേശകാര്യമന്ത്രാലയവുമായി ചര്‍ച്ച ചെയ്ത് വ്യോമയാനമന്ത്രാലയമാണ് ഇതില്‍ തീരുമാനമെടുത്തിരിക്കുന്നത്.
മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കാത്തത് കേരള സര്‍ക്കാരിന്റെ അനാസ്ഥമൂലമാണെന്നും വി. മുരളീധരന് ആരോപിച്ചു.
കണ്ണൂര്‍ വിമാനത്താവളത്തില്‍ പ്രവാസികളെ എത്തിക്കില്ല എന്നൊരു തീരുമാനം കേന്ദ്രസര്‍ക്കാര്‍ എടുത്തെന്ന് മുഖ്യമന്ത്രി എന്തടിസ്ഥാനത്തില്‍ പറഞ്ഞു, വി. മുരളീധരന് ചോദിച്ചു. കണ്ണൂര്‍ വിമാനത്താവളം അടക്കം ലിസ്റ്റില്‍ ഉണ്ട്. ആദ്യ ആഴ്ച തന്നെ കണ്ണൂരിലേക്കും സര്‍വീസ് ഉണ്ടാവും.
വിമാനജീവനക്കാര്‍ക്ക് പിപിഇ കിറ്റുകള്‍ അടക്കമുള്ള സുരക്ഷാ ഉപാധികള്‍ നല്‍കും. വിമാനത്തിനുള്ളില്‍ ആരെങ്കിലും രോഗ ലക്ഷണം കാണിച്ചാല്‍ അവരെ ഐസൊലേഷനിലാക്കാനുള്ള ക്രമീകരണം ഉണ്ട്. ഇതിനായി വിമാനത്തിനുള്ളില്‍ കുറച്ചു സ്ഥലം മാറ്റി വെയ്ക്കും. യാത്ര സംബന്ധിച്ച നടപടിക്രമങ്ങളുടെ അന്തിമ രൂപം ഇന്ന് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കും.
സൗദിയില്‍ ജോലിചെയ്യുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള 900 ആരോഗ്യപ്രവര്‍ത്തകരുടെ മടക്കത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ബെഹ്റിനിലേക്കുള്ള പുതിയ 150 പേരുടെ റിക്രൂട്ട്മെന്റും പൂര്‍ത്തിയായിട്ടുണ്ട്. യുഎഇയിലെ ഇന്ത്യന്‍ ആശുപത്രികളിലേക്ക് റിക്രൂട്ട് ചെയ്തവര്‍ക്കും യാത്രാ അനുമതിയുണ്ട്. ഇന്ത്യയില്‍ നിന്ന് പ്രവാസികളെ മടക്കിക്കൊണ്ടുവരാന്‍ പോകുന്ന വിമാനങ്ങളില്‍ ഇവര്‍ക്ക് ഗള്‍ഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം, വി. മുരളീധരന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: