വൈഷ്ണവഭക്തിയുടെ ധാരാപ്രവാഹം നാലു കൈവഴിയായാണ് ഒഴുകിപ്പരന്നത്. വിഷ്ണുവില് നിന്ന് സനകാദികളും നാരദമുനിയും യോഗതത്ത്വങ്ങളുടെ ദീപശിഖയുമായി മുന്നേറിയന്നെ സ്വപ്നപ്പഴമയുടെ പരിവേഷത്തിനപ്പുറം ഭക്തിധാരയുടെ അമൃതകലശവുമായുള്ള സഞ്ചാരമാര്‍ഗത്തില്‍ ‘നിംബാര്‍ക്ക സമ്പ്രദായം’ നേടിയ സ്ഥാനം അപൂര്‍വമാണ്. ‘ഹംസ സമ്പ്രദായം’,’കുമാര സമ്പ്രദായം’ എന്നീ പേരുകളിലും ഈ വിഷ്ണുവിഭൂതിപഥം അറിയപ്പെടുകയുണ്ടായി.
തൈലംഗദേശത്തെ ( ഇന്നത്തെ ഹൈദരാബാദ്) ഗോദാവരീ തീരത്തുള്ള അരുണാശ്രമ ഗ്രാമത്തിലെ അരുണാമുനിയുടെയും ജയന്തിയുടെയും പുത്രനായി പിറന്ന നിംബാര്ക്കാചാര്യയാണ് ഈ മഹിത സമ്പ്രദായം ആവിഷ്കരിച്ചത്. കാലം പന്ത്രണ്ട്, പതിമൂന്ന് നൂറ്റാണ്ടിനിടയിലാണെന്ന് ചരിത്രകാരന്മാര് രേഖപ്പെടുത്തുന്നു.
പൂര്‍വാശ്രമത്തില്‍ നിയമാനന്ദ് എന്നായിരുന്നു ആചാര്യനാമധേയം. ശ്രേഷ്ഠവിദ്യയുടെ അതീതതലങ്ങള്‍ നേടിയശേഷം ആചാര്യന് തീര്ഥാടനമാരംഭിച്ചു. ആദ്യകാലം സിദ്ധിയുടെ വിസ്മയകരമായ കര്മങ്ങളിലൂടെ ഗുരുസമൂഹത്തിന്റെ ആദരം നേടുകയായിരുന്നു. ‘നിംബാര്ക്കവിക്രാന്തി’ എന്ന ഗ്രന്ഥത്തില്‍ ഇത്തരം ദിവ്യപ്രകടനങ്ങള്‍ പ്രസ്താവിച്ചിട്ടുണ്ട്. വിഷ്ണുഭക്തിയുടെ സാന്ദ്രചേതനയില് ദിവ്യാവബോധം സൃഷ്ടിക്കുക ആചാര്യന്റെ പരമലക്ഷ്യമായിരുന്നു. ഭാഷാഭേദ ഭാവദര്ശനമാണ് ആചാര്യന്റെ ഭാവസംഹിത. ‘ദൈ്വതാദൈ്വതവാദം’ എന്നും ഈ ദര്‍ശന സമീക്ഷ അറിയപ്പെടുന്നു. നവീനദര്ശനമെന്ന് തോന്നുമെങ്കിലും ദൈ്വതാദൈ്വതമീമാംസയുടെ പാരസ്പര്യവും സമന്വയദര്ശനവും തന്നെയിതെന്ന് വാദിച്ചവരുണ്ട്. ഇന്നും ‘നിംബാര്ക്കാരാധനാ സമ്പദ്രായത്തി’ന്റെ വിധിചര്യകളുമായി പ്രയാണം ചെയ്യുന്ന ക്ഷേത്രങ്ങള്‍ ഭാരതത്തില്‍ ഏറെ കാണാം. വൃന്ദാവനത്തില്‍ ശ്രീജികുഞ്ജവും, രാജസ്ഥാനിലെ സുലേമാബാദും ഈ മാര്‍ഗം പിന്തുടരുന്ന കേന്ദ്രങ്ങളാണ്. രാധാകുണ്ഡ്, നീം ഗാവ്, മഥുര, ഗിരിരാജ തുടങ്ങി നിംബാര്ക്കക്ഷേത്രങ്ങളുടെ നീണ്ടനിര തന്നെയുണ്ട്.
വിഷ്ണുമഹിമയുടെ ആദര്‍ശാത്മകമായ അനുഭൂതികള്‍ എട്ടുഗ്രന്ഥങ്ങളില് നിംബര്ക്കാചാര്യ രേഖപ്പെടുത്തുന്നു. ഇതില്‍ അഞ്ചെണ്ണം മാത്രമാണ് കണ്ടെടുക്കാനായത്. ‘വേദാന്ത പാരിജാത സൗരഭം’, ‘ദശശ്ലോകി’, ‘ശ്രീകൃഷ്ണാസ്തവരാജ’, ‘മന്ത്രരഹസ്യ ഷോഡശി’, ‘പ്രപത്ര കല്പവല്ലി’, എന്നിവ ഇതിലുള്‍പ്പെടുന്നു. ഗ്രന്ഥത്തിന്റെ സമഗ്രരൂപത്തില്‍ തെളിയുന്ന ആത്മീയമായ അറിവിന്റെ നിറവും മാനസസഞ്ചാരത്തിന്റെ നിറങ്ങളും കാലാതീതമാണ്.
കേവലഭക്തിക്കപ്പുറം വ്യക്തിയെയും സമൂഹത്തെയും രാഷ്ട്രത്തെയും പുനഃസംവിധാനത്തിന് പാത്രമാക്കാനുള്ള ആത്മീയയജ്ഞമായിരുന്നു ആചാര്യന്റെ മഹിത ജീവിതം. ഗുരുപരമ്പരയിലൂടെയാണ് ഈ മഹിത ലക്ഷ്യത്തിലേക്ക് പ്രവാചകഗുരുവിന്റെ പ്രയാണം. യോഗി പരമ്പരയില്‍ നിവാസാചാര്യ, വിശ്വാചാര്യ, സ്വരൂപാചാര്യ, മാധവവാചാര്യ, വല്ലഭദ്രാചാര്യ തുടങ്ങി നാല്‍പ്പത്തിയൊമ്പതു പേരുടെ കര്‍മകാണ്ഡം തെളിയുന്നു.
സിദ്ധിയും ബുദ്ധിയും ഭക്തിയുംശക്തിയും ചേര്‍ന്ന പരിവര്‍ത്തന കാഹളമാണ് ‘നിംബാര്‍ക്ക ഭക്തിയോഗം’. ‘ആര്യവേപ്പിന് മീതെ ഉദിച്ച സൂര്യബിംബം’ എന്ന ഭാവാര്‍ഥ കല്‍പ്പന നല്കുന്ന ‘നിംബാര്‍ക്ക’ നാമം ഔചിത്യപൂര്ണമാക്കുകയാണ് പരമാചാര്യന്റെ ചര്യാപഥം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: