കോട്ടൂര്‍: ഗ്രാമപഞ്ചായത്തിലെ 17,18,19 വാര്‍ഡുകളിലെ പാടത്ത് കൃഷിയിറക്കണമെങ്കില്‍ ഗെയിലോ സര്‍ക്കാരോ കനിയണം. ഗെയില്‍ പൈപ്പ്‌ലൈന്‍ വരുന്നതിന് മുമ്പ് വളരെ നല്ല രീതിയില്‍ കര്‍ഷകര്‍ നെല്‍ കൃഷി നടത്തിയതാണ്. ഇപ്പോള്‍ ഏക്കര്‍കണക്കിന് സ്ഥലം കൃഷിയോഗ്യമല്ലാതായി. ഇതിലൂടെ കടന്നു പോവുന്ന പൈപ്പ് ലൈന്‍ തോട്കട്ട് ചെയ്താണ് ഇതിന് കാരണം. തോട് ദിശമാറി ഒഴുകിയതുമൂലം വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടും ഏക്കര്‍കണക്കിന് സ്ഥലം കൃഷിയിറക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
കൃഷി മന്ത്രി വി.എസ്. സുനില്‍കുമാറിന് പരാതി നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല . കൃഷിമന്ത്രിയും സര്‍ക്കാരും ഒരു സെന്റ് ഭൂമി പോലും കൃഷിയിറക്കാതെയിടരുതെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുമ്പോള്‍ ഇവിടുത്തെ പരിഹാരം കാണാന്‍ തയ്യാറായിട്ടില്ല.
ഗെയില്‍ അധികൃതരുടെ എഗ്രിമെന്റില്‍ 2 വര്‍ഷം കൊണ്ട് ബാക്കി വരുന്ന കൃഷിസ്ഥലം കൃഷിക്ക് യോഗ്യമാക്കി കൊടുക്കുമെന്ന് പറയുന്നുണ്ടെങ്കിലും മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും ഒരു നടപടിയുമുണ്ടായില്ല.
ഇതുസംബന്ധിച്ച് ജില്ലാ കളക്ടര്‍, ഗെയില്‍ ഇന്ത്യാ ലിമിറ്റഡ് കോഴിക്കോട്, കൃഷി ഓഫീസ്, ഗ്രാമപഞ്ചായത്ത് എന്നിവര്‍ക്കും പരാതി നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. മഴക്കാലത്തിന് മുമ്പ് ഇതിന് പരിഹാരം കണ്ടില്ലെങ്കില്‍ ഇവിടെ വലിയ തോതില്‍ വെള്ളകെട്ട് രൂപപ്പെട്ട് തൊട്ടടുത്തുള്ള വീടുകള്‍ക്ക് വരെ ഭീഷണിയാകുമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു.
















