Categories: Marukara

കേന്ദ്രമന്ത്രി നേരിട്ട് വിളിച്ച് പിന്തുണ അറിയിച്ചു; അക്രമികളുടെ വിവരങ്ങള്‍ ശേഖരിച്ച് എംബസി; പ്രവീണിനെ മര്‍ദിച്ച ജിഹാദികള്‍ക്ക് ഉടന്‍ പിടിവീഴും

നേരിട്ട് കേസു നല്‍കി ആക്രമിച്ചവരെ പിടികൂടാനുള്ള നീക്കമാണ് എംബസി  മുഖേന നടന്നുകൊണ്ടിരിക്കുന്നത്. പിടിയിലായ ശേഷം പ്രതികളെ നാടുകടത്തല്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കും.

Published by

കുവൈറ്റ് സിറ്റി: പ്രധാനമന്ത്രിയെ അനുകൂലിച്ച് പോസ്റ്റിട്ട  മലയാളി യുവാവ് ജിഹാദികളാല്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ശക്തമായ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി.മുരളീധരന്‍ ആക്രമിക്കപ്പെട്ട പ്രവീണിനെ ഫോണില്‍ ബന്ധപ്പെട്ടു. നടപടികള്‍ കൈക്കൊള്ളാന്‍ എംബസിക്ക് നിര്‍ദേശം നല്‍കിയതായും കേന്ദ്രമന്ത്രി അറിയിച്ചു.

കേന്ദ്രമന്ത്രി നേരിട്ട് ഫോണ്‍ ചെയ്തിരുന്നു. ഭയപ്പെടേണ്ടതില്ലെന്നും നമ്മള്‍ എല്ലാവരും കൂടെയുണ്ടെന്നും അദേഹം ഉറപ്പുനല്‍കി. ആക്രമികളെ പിടികൂടാന്‍ എത്രയുംപെട്ടെന്ന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് എംബസിക്ക് നിര്‍ദേശം നല്‍കിയതായും അദേഹം പറഞ്ഞു. പിന്നാലെ എംബസിയിലെ ഉദ്യോഗസ്ഥന്‍ വിളിച്ച് വിവരങ്ങള്‍ തിരക്കി. നടപടികള്‍ പുരോഗമിക്കുകയാണെന്നും ആക്രമിച്ചവര്‍ ഉടന്‍ പിടിയിലാകുമെന്ന് ഉറപ്പു നല്‍കിയതായും പ്രവീണ്‍ വ്യക്തമാക്കി.  

നേരിട്ട് കേസു നല്‍കി ആക്രമിച്ചവരെ പിടികൂടാനുള്ള നീക്കമാണ് എംബസി  മുഖേന നടന്നുകൊണ്ടിരിക്കുന്നത്. പിടിയിലായ ശേഷം പ്രതികളെ നാടുകടത്തല്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കും. കുവൈറ്റില്‍ കൊറോണ വ്യാപനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം മന്ദഗതിയിലാണെങ്കിലും എംബസി നേരിട്ട്‌ ഇടപെടുന്ന കേസായതിനാല്‍ പോലീസ് അറസ്റ്റ് നടപടികള്‍ വേഗത്തില്‍ സ്വീകരിക്കും.  

പ്രധാനമന്ത്രി നരേന്ദ്രമോദി ഒമാന്‍ സന്ദര്‍ശിച്ച വീഡിയോ ഷെയര്‍ ചെയതത് ചോദ്യം ചെയ്താണ് പത്തോളംപേര്‍ അടങ്ങുന്ന സംഘം താമസിച്ചിരുന്ന സ്ഥലത്തില്‍ അതിക്രമിച്ചുകയറി ദിവസങ്ങള്‍ക്കു മുന്‍പ് പ്രവീണിനെ മര്‍ദ്ദിച്ചത്. അക്രമികള്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുകയും സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തു. സംഭവം ചര്‍ച്ചയാകുകയും ആഭ്യന്തര മന്ത്രാലയത്തില്‍ ഉള്‍പ്പെടെ പരാതി എത്തുകയും ചെയ്തതോടെ ആക്രമികള്‍ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തു. വിഷയത്തില്‍ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രവീണ്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് കത്തെഴുതി. ആക്രമിച്ചവരുടെ പേരുള്‍പ്പെടെ വെളിപ്പെടുത്തിക്കൊണ്ടായിരുന്നു പ്രവീണിന്റെ കത്ത്. കാസര്‍ഗോഡ് ചുള്ളിക്കര സ്വദേശി അസി, കൊല്ലം അഞ്ചല്‍ തടിക്കാട് സ്വദേശി അനീഷ്, അഷ്‌കര്‍, ഹനീഫ, ഷനോദ് തുടങ്ങിയവര്‍ ആണ് ആക്രമിച്ചതെന്ന് പ്രവീണ്‍ പരാതിയില്‍ പറയുന്നു. സൈബര്‍ ആക്രമണം മൂലം മാനസികമായും ദേഹോപദ്രവം കാരണം ശാരീരികമായും തകര്‍ന്ന അവസ്ഥയിലാണെന്നും ആത്മഹത്യയുടെ വക്കിലാണെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

പരാതി വി.മുരളീധരന്‍ ഇന്ത്യന്‍ എംബസിക്ക് കൈമാറിയിട്ടുണ്ട്. ഇവരില്‍ രണ്ടു പേര്‍ കേരളത്തിലേക്ക് വരാന്‍ നോര്‍ക്ക റൂട്ടില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രവീണിനെ അസി തല്ലുന്ന  വീഡിയോ ഷൂട്ട് ചെയ്തത് കൊല്ലം അഞ്ചല്‍ സ്വദേശിയായ അനീഷ് തടിക്കാട് എന്ന സിപിഎമ്മുകാരനാണ്. പോസ്റ്റ് ഷെയര്‍ ചെയ്തതിന്റെ പേരില്‍ മാപ്പ് പറയിക്കുകയും പോസ്റ്റ് ഡിലീറ്റ് ചെയ്യിക്കുകയും ചെയ്ത ശേഷമായിരുന്നു പ്രവീണിനെ ഇവര്‍ ക്രൂരമായി മര്‍ദ്ദിച്ചത്.  ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പ്രവീണിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എല്ലാവിധ നിയമസഹായവും പ്രവീണിന് ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക

Recent Posts