പള്ളുരുത്തി: കൊച്ചിക്കായലിന്റെ ഉള്‍പ്രദേശങ്ങളില്‍ കല്ലുമ്മക്കായ നിറഞ്ഞു. കടലില്‍ മാത്രം കണ്ടുവരുന്ന കല്ലുമ്മക്കായ ഉള്‍നാടന്‍ കായല്‍ പരപ്പുകളിലേക്കും എത്തിയത് കൗതുകത്തോടെ നോക്കിക്കാണുകയാണ് നാട്ടുകാര്‍.
ഇടക്കൊച്ചി, അരൂര്‍, കുമ്പളം, പള്ളുരുത്തി, കുമ്പളങ്ങി കായല്‍ പ്രദേശങ്ങളില്‍ പാലത്തിന്റെ തൂണുകളിലും, ചീനവല, ഊന്നി കുറ്റികളിലും കരിങ്കല്‍കെട്ടുകളിലും കായലിലെ മണല്‍ പരപ്പിലും കല്ലുമ്മക്കായ നിറഞ്ഞിരിക്കയാണ്.
കഴിഞ്ഞ വര്‍ഷം കടലിനോട് ചേര്‍ന്നു കിടക്കുന്ന കായല്ഭാഗങ്ങളിലും കൊച്ചി ഗോശ്രീ പാലത്തിന്റെ തൂണുകളിലും കല്ലുമ്മക്കായ വ്യാപകമായി കണ്ടിരുന്നു. മലബാറില്‍ നിന്നുള്ള റെസ്റ്റോറന്റ് ഉടമകള്‍ കഴിഞ്ഞ വര്‍ഷം ഇവിടെയെത്തി കല്ലുമ്മക്കായ സംഭരിച്ചിരുന്നു. ഇത്തവണ ലോക്ഡൗണ്‍ മൂലം മലബാറിലേക്ക് കടക്കാന്‍ വഴിയില്ല. ഭക്ഷണശാലകള്‍ പലതും അടഞ്ഞുകിടക്കുന്നതും തിരിച്ചടിയായിട്ടുണ്ട്.
കായല്‍ തീരത്തുള്ളവരും മത്സ്യതൊഴിലാളികളും കല്ലുമ്മക്കായ ശേഖരിക്കുന്ന തിരക്കിലാണ്. പെരുമ്പടപ്പ്, പള്ളുരുത്തി മാര്‍ക്കറ്റുകളിലും വില്‍പ്പനക്കായി ഇവ എത്തുന്നുമുണ്ട്. കിലോയ്ക്ക് 300 രൂപ മുതലാണ് വില.
അതേസമയം കല്ലുമ്മക്കായ കടലില്‍ നിന്നും കായല്‍പരപ്പിലേക്ക് എത്താന്‍ തക്കതായ കാരണങ്ങളുണ്ടെന്ന് പനങ്ങാട് ഫിഷറീസ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ബി. മധുസൂദനക്കുറുപ്പ് പറഞ്ഞു. പ്രധാനമായും കടലിലേയും കായലിലേയും ജലസാന്ദ്രത ഒരേതരത്തിലായതാണ് ഇത്തരം പ്രതിഭാസത്തിന് കാരണം. കല്ലുമ്മക്കായ പോലുള്ള ജീവികളുടെ ലാര്‍വകളെ ഭക്ഷിച്ചിരുന്ന വലിയതരം ചില മത്സ്യങ്ങള്‍ കടലില്‍ നിന്നും അപ്രത്യക്ഷമായതും ഇവയുടെ പ്രജനനം വലിയ തോതില്‍ വര്‍ധിക്കാന്‍ കാരണമായതായും അദ്ദേഹം ജന്മഭൂമിയോട് പറഞ്ഞു. കായല്പരപ്പില് ഇത്തരം ജീവികള്‍ എത്തുന്നതോടെ കായലില്‍ അടിഞ്ഞു കൂടിയിരിക്കുന്ന മാലിന്യങ്ങള്‍ക്ക് കുറവു വരാന്‍ സഹായകമാവുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: