മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് വാചാലരാവുന്നവരാണ് നാട്ടിലെ ബഹുഭൂരിപക്ഷവും. എന്നാല്‍, ഒരു വാര്‍ത്തയുടെയും നിലപാടിന്റെയും പേരില്‍, അര്‍ണാബ് ഗോസ്വാമി എന്ന പ്രമുഖ മാധ്യമ പ്രവര്‍ത്തകനെ മഹാരാഷ്ട്ര പോലിസ് പന്ത്രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്തതിനെപ്പറ്റി ഇവിടത്തെ മാധ്യമ ലോകമോ സാംസ്കാരിക സമൂഹമോ മിണ്ടിക്കേട്ടില്ല. പോലീസ് നടപടി പോലെ തന്നേ, അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരായ കനത്ത വെല്ലുവിളിയായെ ഈ മൗനത്തെ കാണാനാവൂ. ചില മൗനങ്ങള്‍ക്ക് അര്‍ഥ വ്യാപ്തി കൂടുമല്ലോ.
മാധ്യമ പ്രവര്‍ത്തകര്‍ വഴി തല്ലും തലോടലും കിട്ടിയവര്‍ അതത് സംസ്കാരത്തോടെ പെരുമാറുകയും ചെയ്യാറുണ്ട്. നിഷ്പ്പക്ഷമായ മാധ്യമ പ്രവര്‍ത്തനം പുഷ്കലമാകുന്നിടത്താണ് ജനാധിപത്യം കരുത്താര്‍ജിക്കുകയെന്ന് മഹാത്മാഗാന്ധി നിരീക്ഷിച്ചിട്ടുണ്ട്. ജനാധിപത്യത്തെ താങ്ങിനിര്‍ത്തുന്ന നാല് സ്തംഭങ്ങളില്‍ ഒന്നായി ചൂണ്ടിക്കാട്ടുന്ന പ്രസ്സിന് ഒരിക്കലും ബലക്ഷയം സംഭവിക്കരുതെന്ന് നിഷ്കര്‍ഷിച്ചതിനു പിന്നിലും ഉദാത്തമായ ഒരു സംസ്കാരമുണ്ട്. സംഗതിവശാല്‍ പുരോഗമനത്തിന്റെ മേല്‍മൂടിയിട്ട നടപ്പുകാലത്ത് എല്ലാം കീഴ്മേല്‍ മറിയുകയാണ്.
മാധ്യമ സ്വാതന്ത്ര്യം, ഭരിക്കുന്നവരുടെ സ്വാതന്ത്ര്യത്തിന് അനുഗുണമായില്ലെങ്കില്‍ ആക്രമണവും പീഡനവും എന്നായിരിക്കുന്നു. മാധ്യമ സിന്‍ഡിക്കേറ്റായി ചൂണ്ടിക്കാട്ടുന്നവരും തങ്ങളുടെ വരുതിക്ക് മാധ്യമപ്രവര്‍ത്തകരെ നിര്‍ത്താന്‍ ശ്രമിക്കുന്നവരും ഒരേ നുകമാണ് കൈയില്‍ വെച്ചിരിക്കുന്നത്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് റിപ്പബ്ലിക് ടിവിയുടെ ഉടമയും മാധ്യമ പ്രവര്‍ത്തകനുമായ അര്‍ണാബ് ഗോസ്വാമിക്കെതിരെ മഹാരാഷ്ട്രാ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന പ്രതികാര നടപടികള്‍. ഭരണകൂടത്തിന്റെ തൊഴുത്തില്‍ കെട്ടാന്‍ പറ്റിയില്ലെങ്കില്‍ ഗളച്ഛേദം ചെയ്യുകയെന്ന നിലപാടാണ്.
മഹാരാഷ്ട്രയിലെ പാല്‍ഗഡില്‍ രണ്ടു ഹിന്ദു സംന്യാസിമാരെയും ഡ്രൈവറേയും ജനക്കൂട്ടം കൊലപ്പെടുത്തിയതിന്റെ പശ്ചാത്തലത്തില്‍ അര്‍ണാബിന്റെ ചാനലില്‍ നടന്ന ചര്‍ച്ച കോണ്‍ഗ്രസിന് കടുത്ത തലവേദന സൃഷ്ടിച്ചിരുന്നു. ഏപ്രില്‍ 22ന് രാത്രി ചര്‍ച്ചകഴിഞ്ഞ് വീട്ടിലേക്കു മടങ്ങുമ്പോള്‍ അര്‍ണാബും ഭാര്യയും സഞ്ചരിച്ച കാര്‍ ആക്രമിക്കുകയും ഇരുവരെയും കയേറ്റം ചെയ്യുകയുമുണ്ടായി. അക്രമികള്‍ കോണ്‍ഗ്രസ് ഗുണ്ടകളാണെന്ന് അര്‍ണാബ് തെളിവു സഹിതം പുറത്തുവിട്ടു. അതോടെ നാണക്കേടിലായ സര്‍ക്കാറിന് പിടിച്ചു നില്ക്കാന് വേറെ അടവു സ്വീകരിക്കേണ്ടി വന്നു.
അതുപ്രകാരം അര്‍ണാബിനെതിരെ പരശ്ശതം പരാതികള്‍ കൊടുക്കപ്പെട്ടു. കോണ്‍ഗ്രസ് ഭരണസംസ്ഥാനങ്ങളില്‍ നിന്നായിരുന്നു ബഹുഭൂരിപക്ഷവും. അതിനെ തുടര്‍ന്ന് എന്‍.എം. ജോഷി മാര്‍ഗിലെ പൊലീസ് സ്റ്റേഷനില്‍ 12 മണിക്കൂറാണ് അര്‍ണാബിനെ ചോദ്യം ചെയ്തത്. അദ്ദേഹത്തിനെതിരെ നടപടി ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പോയ കോണ്‍ഗ്രസ് വൈതാളിക സംഘത്തിന് മുഖമടച്ചുള്ള അടിയാണ് കിട്ടിയത്. അതിന്റെ പകപോക്കലായേ ഇതു കാണാനാവൂ. മാധ്യമ സ്വാതന്ത്ര്യം ഉയര്‍ത്തിക്കാട്ടിയ സുപ്രീം കോടതി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, അര്‍ണാബിനെ അറസ്റ്റു ചെയ്യരുതെന്നും രാജ്യത്തെ പലയിടത്തും ഫയല്‍ ചെയ്ത എഫ്ഐആര്‍ ഒറ്റയൊന്നായി പരിഗണിച്ച് മുംബൈയില്‍ നടപടി തുടരാനും നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ ജാള്യം മറയ്ക്കാന്‍ മഹാരാഷ്ട്രാ പൊലീസില്‍ സമ്മര്‍ദ്ദം ചെലുത്തി ഗുണ്ടായിസം നടത്തുകയാണുണ്ടായത്. കോണ്‍ഗ്രസിന്റെ വിരലില്‍ തൂങ്ങി നില്ക്കുന്ന ശിവസേനസര്‍ക്കാര്‍ തികഞ്ഞ വിടുപണി തന്നെയാണ് ഇക്കാര്യത്തില്‍ നടത്തിയത്.
പാല്‍ഗഡിലെ സംഭവ വികാസങ്ങളില്‍ തരിമ്പും മനസ്സാക്ഷിക്കുത്തില്ലാത്ത മഹാരാഷ്ട്രാ സര്‍ക്കാര്‍, വസ്തുത വെളിപ്പെടുത്തിയ പത്രപ്രവര്‍ത്തകന്റെ നെഞ്ചത്തു കേറുന്നത് ജനാധിപത്യ രാഷ്ട്രത്തിന് കണ്ടുനില്‍ക്കാനാവുന്നതല്ല. അടിയന്തരാവസ്ഥയില്‍ മുട്ടിലിഴഞ്ഞ ചിലരുടെ അതേ മാധ്യമ സംസ്കാരമാണ് വേണ്ടതെന്ന കോണ്‍ഗ്രസ് മുട്ടാപ്പോക്കിന് അരുനില്ക്കാന് മാധ്യമലോകത്തിന് കഴിയുമോ? ഏതൊക്കെ മാര്‍ഗമുപയോഗിച്ചു പീഡിപ്പിച്ചാലും പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുമെന്ന് അര്‍ണാബ് വ്യക്തമാക്കിയിട്ടുണ്ട്. ആര്‍ജവമുള്ള ആ വാക്കുകള്‍ പാല്‍ഗഡ് സംഭവത്തില്‍ ‘നിശ്ശബ്ദ സേവനം’ നടത്തിയ ഇവിടുത്തെ മാധ്യമ പ്രവര്‍ത്തകരും ഓര്‍മിക്കുന്നത് നന്ന്. രാഷ്ട്രീയക്കാരുടെ വോട്ടുബാങ്ക് ട്രാക്കിലേക്ക് വായനക്കാരെ ആട്ടിത്തെളിക്കേണ്ടവരല്ല മാധ്യമ പ്രവര്‍ത്തകര്‍ എന്ന ശക്തമായ കാഴ്ചപ്പാടുള്ള വ്യക്തിയാണ് അര്‍ണാബ്.
മാധ്യമ പ്രവര്‍ത്തകന്റെ ഡ്യൂട്ടി സര്‍ക്കാര്‍ നിശ്ചയിക്കുമെന്ന തരത്തിലേക്ക് കാര്യങ്ങള്‍ വഴുതിമാറുന്നത് ജനാധിപത്യ സംവിധാനങ്ങള്‍ അട്ടിമറിക്കപ്പെടാന്‍ ഇടവരുത്തും. അടിയന്തരാവസ്ഥ നമുക്ക് ആവോളം അനുഭവം നല്കിയിട്ടുണ്ടല്ലോ. കേരളത്തില്‍ അടുത്തയിടെ വാര്‍ത്താ റിപ്പോര്‍ട്ടിങ്ങിനിടെ മര്‍ദ്ദനമേല്‍ക്കേണ്ടി വന്ന ചില ചാനല്‍ – പത്ര പ്രവര്‍ത്തകര്‍ക്കൊക്കെ വ്യത്യസ്ത രാഷ്ട്രീയ വീക്ഷണമുണ്ടെങ്കിലും മാധ്യമ ലോകത്ത് അവരൊക്കെ ഒരേ വഴിയിലൂടെ സഞ്ചരിക്കുന്നവരാണ്.
അര്‍ണാബ് ഗോസ്വാമിക്കെതിരെ സ്വീകരിച്ചിരിക്കുന്ന നടപടിക്ക് ഒരു പൊതുസ്വഭാവം വന്നാല്‍ ഇന്ത്യയെ ഇരുട്ടറയിലേക്കു തള്ളാനുള്ള ശ്രമത്തിന് കൈത്താങ്ങ് നല്‍കുന്നതിന് തുല്യമാകും. അങ്ങനെയുണ്ടാകാതിരിക്കാന്‍ ജാഗ്രത്തായ നിലപാടും നിശ്ചയദാര്‍ഢ്യവുമായി മാധ്യമ ലോകം ഒറ്റക്കെട്ടായി പ്രതികരിച്ചു മുന്നേറണം. ഏറാന്മൂളികളുടെ ഉണര്‍ത്തുപാട്ടിനൊപ്പം ചുവടു വെക്കേണ്ടവരല്ല മാധ്യമ പ്രവര്‍ത്തകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: