ഡാളസ് :പ്രാര്‍ത്ഥന എന്നത് സുഖത്തിലേക്കുള്ള ഒരു പ്രയാണമാണ് . മനസ്സിനെ മുറിവേല്‍പ്പിക്കുന്ന കാമ , ക്രോധ , ലോഭ , മദ , മാത്സര്യങ്ങള്‍ എങ്ങോ പോയ്മറഞ്ഞു ശാന്തിയുടെ ശീതളിമ നമ്മളിലേക്ക് ഒഴുകി എത്തുന്നതാണ് മനസ്സുനിറഞ്ഞുള്ള പ്രാര്‍ത്ഥനകള്‍ ..നമ്മില്‍ ഉറഞ്ഞിരിക്കുന്ന നന്മയെ പുറത്തു കൊണ്ടുവന്നു അണയാത്ത ഊര്‍ജസ്രോതസ്സായി അവ നമ്മെ നന്മയിലേക്ക് നയിക്കും . ശിവഗിരി ആശ്രമം ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഗുരു വന്ദനം വിശ്വശാന്തി ഓണ്‍ലൈന്‍ പ്രാര്‍ഥനാ പരമ്പരയില്‍ നടന്ന സത്സംഗത്തില്‍ പ്രാര്‍ത്ഥനയുടെ മാധുര്യവും ശക്തിയും എന്തെന്ന് ഗുരുദേവന്റെയും ഗാന്ധിജിയുടെയും കൃതികളെ പരാമര്‍ശിച്ചു പ്രഭാഷണം നടത്തുകയായിരുന്നുഅവ്യയാനന്ദ സ്വാമി
ആശ്രമം ജനറല്‍ സെക്രട്ടറി മനോജ് തങ്കച്ചന്റെ ആമുഖത്തോടെ സമാരംഭിച്ച സത്സംഗത്തിന് ട്രഷറര്‍ സന്തോഷ് വിശ്വനാഥ് സ്വാഗതമാശംസിച്ചു . തുടര്‍ന്ന് ഗുരുപ്രസാദ് സ്വാമികളുടെ നേതൃത്വത്തില്‍ ഗുരുസ്മരണയോടുകൂടി പ്രാര്‍ഥനകള്‍ക്കു തുടക്കം കുറിച്ചു .
അവ്യയാനന്ദ സ്വാമികളുടെ അനുഗ്രഹ പ്രഭാഷണം വളരെ ഹൃദ്യമായിരുന്നു . പ്രാര്‍ത്ഥനയുടെ മാധുര്യവും ശക്തിയും എന്തെന്ന് ഗുരുദേവന്റെയും ഗാന്ധിജിയുടെയും കൃതികളിലൂടെ അദ്ദേഹം വിശദീകരിക്കുകയുണ്ടായി. ‘ ദൈവമേ കാത്തുകൊള്‍കങ്ങു കൈവിടാതെ ഇങ്ങു ഞങ്ങളെ ‘ എന്ന് ഗുരുദേവന് പറയുമ്പോള്‍ ആ ഞങ്ങള്‍ എന്നത് എല്ലാ ചരാചരങ്ങളെയും സാക്ഷി ആക്കിയാണ് . അവിടെ, ആ ഞങ്ങള്‍ അഭേദമായിരിക്കുന്നു. പ്രാര്‍ത്ഥനയുടെ ആ തരളിതമായ നിമിഷത്തില്‍ മനസ് അരുളും , അന്പും , അനുകമ്പയും കൊണ്ട് നിറയും . ഗുരുദേവന്റെ അനുകമ്പാദശകത്തിലെ വരികള്‍ ഉരുവിട്ട സ്വാമിജി , സഹജീവികളോട് കരുണ എങ്ങനെ പ്രകടിപ്പിക്കണം എന്ന് ഓര്‍മിപ്പിച്ചു . ‘അരുളുള്ളവനാണ് ജീവി’ എന്ന നവാക്ഷരീ മന്ത്രം ഉരുവിട്ടു അത് ജീവിതത്തില്‍ സ്വായത്തമാക്കണമെന്നു ഉപദേശിച്ചു . അരുള്‍ ഇല്ലാത്ത ഹൃദയം അസ്ഥിയും , തോലും , സിരയുമുള്ള നാറുന്ന ഒരു ഉടമ്പു മാത്രമാണ് . അങ്ങനെയുള്ള മനുഷ്യന് ,മണമില്ലാത്ത പുഷ്പംപോലെ ആര്‍ക്കും ഉപയോഗപെടാതെ കൊഴിഞ്ഞു പോകും. പ്രാര്‍ത്ഥന നാമെല്ലാം നടത്താറുണ്ടെങ്കിലും പലപ്പോളും പൂര്‍ണമായ വിശ്വാസം ഉണ്ടാകാറില്ല എന്നത് ഒരു കഥയിലൂടെ സ്വാമിജി വരച്ചു കാട്ടി . ‘ഒരിടത്തു മഴക്കുവേണ്ടി യാഗം നടക്കുന്നു . വളര്‍ച്ച കൊടുമ്പിരികൊണ്ടിരുന്ന ആ നാട്ടില്‍ ഏഴു ദിവസത്തെ ഗംഭീര യാഗം . യാഗത്തിന്റെ അവസാന നാള് നിങ്ങള്‍ക്കു പ്രിയപ്പെട്ടത് കൊണ്ടുവരാന്‍ ആചാര്യന് ആവശ്യപ്പെട്ടു . കൂടുതല്‍പേരും ജപമാലയും , വിശിഷ്ട ഗ്രന്ഥങ്ങളുമായി യാഗശാലയില്‍ എത്തി . യാഗത്തിന് അവസാനം കോരിച്ചൊരിയുന്ന മഴ . എല്ലാപേരും കുടയ്ക്കായി നെട്ടോട്ടം .ഒരു എട്ടു വയസുള്ള കുട്ടിമാത്രം കുടയുമായി നില്കുന്നു . ആ കുഞ്ഞുമനസ്സ് മഴപെയ്യുമെന്നു പൂര്‍ണമായി വിശ്വസിച്ചിരുന്നു . മറ്റുള്ളവര്‍ക്ക് യാഗം ഒരു ആചാരം മാത്രം . പൂര്‍ണമായ അര്‍പ്പണവും വിശ്വാസവും അര്‍പ്പിക്കേണ്ടതാണ് പ്രാര്‍ത്ഥന. സ്വയം അര്‍പ്പിക്കാത്ത പ്രാര്‍ത്ഥന പൂര്‍ണമാകുന്നില്ല .’അറിവിന് ശക്തി അനന്തമുണ്ട് ‘ എന്ന ഗുരുവാണി ഓര്‍മിപ്പിച്ചു കൊണ്ട് ശരണാഗതി ഭാവത്തോടെ പൂര്‍ണമായി അഹങ്കാരം നശിച്ചു നിര്‍മലമായ മനസോടുകൂടി പ്രാര്‍ത്ഥിക്കാന്‍ എല്ലാവര്ക്കും സാധിക്കട്ടെ എന്ന് അദ്ദേഹം അനുഗ്രഹിച്ചു .
തുടര്‍ന്ന് ഋതംബരാനന്ദ സ്വാമി,ഗുരുദേവന്റെ വിശ്വ മാനവികത നിറഞ്ഞ ഉപദേശങ്ങളുടെയും അവയുടെ കാലിക പ്രസക്തിയെയും വിശദീകരിച്ചു . ഗുരുദേവന് രചിച്ച ജീവകാരുണ്യ പഞ്ചകം എത്ര വലിയ ഉപദേശമായിരുന്നു !
‘കൊല്ലുന്നവനില്ല ശരണ്യത
മറ്റെല്ലാവക നന്മയുമാര്‍ന്നിടിലും ‘
എന്ന വരികള്‍, ഈ കോവിഡ് എന്ന മഹാമാരി, സഹജീവികളെ നിര്‍ദ്ദാക്ഷിണ്യം കശാപ്പു ചെയ്യുന്ന മനുഷ്യരുടെ മനോഭാവത്തിനെതിരെയുള്ള ഒരു ഓര്‍മ്മപ്പെടുത്തലായി സ്വാമിജി സൂചിപ്പിച്ചു . ഗുരുവചസ്സുകള്‍ നാം ഉള്‍ക്കൊണ്ടിരുന്നെങ്കില്‍ വവ്വാലുകളില്‍ മാത്രം കണ്ടിരുന്ന ഈ വൈറസുകള്‍ മനുഷ്യനെ ഇത്രമേല്‍ പേടിപ്പിക്കുമായിരുന്നില്ല . ശുചിത്വത്തെ പറ്റി ഗുരുദേവന് അന്ന് അരുളി ചെയ്തത് പരിപാലിക്കുവാന്‍ ഇന്ന് നാം നിര്‍ബ്ബന്ധിതരായിരിക്കുന്നു. . ഗുരു ലോകത്തിനുവേണ്ടി കാരുണ്യപൂര്‍വം നല്കിയ ഉപദേശങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തിയാല്‍ അത് മാനവരാശിയുടെ സന്തോഷകരമായ ജീവിതത്തിനു വഴികാട്ടിയാകും. ‘ഈശാവാസ്യം ഇദം സര്‍വ്വം ‘ എന്ന് ഉപദേശിച്ച ഗുരുദേവന് പ്രകൃതിയെ ഒരു ഉപഭോഗ വസ്തുവായി കാണാതെ അതുമായി ഇണങ്ങി ജീവിക്കുന്നതിന്റെ ആവശ്യകത നമ്മോടു പറഞ്ഞിരുന്നു . എല്ലാത്തിലും ഈശ്വരനെ കാണാന്‍ സാധിക്കുന്ന ഭഗവദ് ദാസന് ഒന്നും തന്നെ നിന്ദ്യമായി ഇല്ലതന്നെ . അര്‍പ്പണ മനോഭാവത്തോടെയുള്ള പ്രാര്‍ത്ഥന നടത്തുന്ന ഒരു ഭക്തന് ഭഗവാന് എന്നും തുണ ഉണ്ടാകുമെന്നു ഭഗവദ് ഗീതയിലെ
‘അനന്യചിന്തയന്തൊം മാം യെ ജനാ : പര്യുപാസനത്തെ
തേഷാമ നിത്യാഭിയുക്തനാം യോഗക്ഷേമം വഹാമ്യഹം .’
എന്ന വരികള്‍ ഉദ്ധരിച്ചുകൊണ്ടു സ്വാമിജി വ്യക്തമാക്കി. . തന്നെ പൂര്‍ണ്ണമായി ഭഗവാന് അര്‍പ്പിക്കുന്ന ഭക്തനെ ഭഗവാന് കാത്തുകൊള്ളും . ഗുരുദേവന്റെ ഉപദേശങ്ങള്‍ പകര്‍ത്തിക്കൊണ്ട് ഭഗവാനില്‍ പൂര്‍ണ്ണമായി അര്‍പ്പിച്ച പ്രാര്‍ത്ഥനയുമായി ജീവിതം നയിച്ചാല്‍ , തീര്‍ച്ചയായും നമ്മെ ഈ അവസരത്തില്‍ കൈപിടിച്ച് നടത്തുവാന്‍ ഭഗവാന് നമ്മോടൊപ്പമുണ്ടാകുമെന്ന് സ്വാമി ഉപദേശിച്ചു .
സജീഷ് വാസുദേവന്‍ ആലപിച്ച വാസുദേവഷ്ടകവും ഇന്ദിരാമ്മ അവതരിപ്പിച്ച ഗുരുദേവ കീര്‍ത്തനവും ഹൃദ്യമായിരുന്നു . പ്രസാദ് കൃഷ്ണന് നന്ദി അറിയിച്ചു .
മെയ് 3 ന് ശിവഗിരി മഠത്തില്‍ നിന്നും ത്രിരത്നതീര്‍ത്ഥ സ്വാമികളാണ് സംവദിക്കുവാനെത്തുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: