ന്യൂദല്‍ഹി : രാജ്യത്തെ കോവിഡ് വ്യാപനം സംബന്ധിച്ച്് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തും. കൊറോണ വൈറസില്‍ നിന്നും ഇനിയും മോചനം ആകാത്തതിനാല്‍ ചില സംസ്ഥാനങ്ങള്‍ ലോക്ഡൗണ്‍ ഇനിയും നീട്ടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വീഡിയോ കോണ്‍ഫറന്‍സിങ്ങില്‍ സംസ്ഥാനങ്ങള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടച്ചിടല്‍ നിലവില്‍ വന്നതിനുശേഷം മൂന്നാംവട്ടമാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തുന്നത്.
ലോക്ഡൗണ്‍ വീണ്ടും നീട്ടണമെന്ന് ദല്‍ഹി, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, പഞ്ചാബ്, മധ്യപ്രദേശ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. നിലവില്‍ മേയ് മൂന്നിന് രണ്ടാംഘട്ട ലോക്ഡൗണ്‍ അവസാനിക്കും.
ഗുജറാത്ത്, ആന്ധ്രാപ്രദേശ്, തമിഴ്നാട്, ഹരിയാന, ഹിമാചല്‍പ്രദേശ്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങള്‍ അടച്ചിടല്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശമെന്തായാലും അതു നടപ്പാക്കുകയെന്ന നിലപാടാണെടുത്തിരിക്കുന്നത്. തെലങ്കാന നേരത്തേതന്നെ അടച്ചിടല്‍ മേയ് ഏഴുവരെ നീട്ടിയിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ച ഇളവുകളും അവര്‍ നടപ്പാക്കിയിട്ടില്ല. തീവ്രവ്യാപനമേഖലകളില്‍ മേയ് 18 വരെ അടച്ചിടല്‍ നീട്ടണമെന്നാണ് മഹാരാഷ്ട്രയുടെ നിലപാട്. കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനത്തിന് പുറത്തുവന്നശേഷം തീരുമാനം കൈക്കൊള്ളാമെന്നാണ് കേരളത്തിന്റെ നിലപാട്.
അതേസമയം രോഗവ്യാപന മേഖലകളില്‍ അടച്ചിടല്‍ നിലനിര്‍ത്തണമെന്നും രോഗബാധയില്ലാത്ത മേഖലകളില്‍ സാമൂഹിക അകലം പാലിച്ചുകൊണ്ട് കൂടുതല്‍ ഇളവുകള്‍ ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെടാനും സാധ്യതയുണ്ട്. തിങ്കളാഴ്ചത്തെ ചര്‍ച്ചയില്‍ ഒമ്പത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായിരിക്കും പ്രധാനമന്ത്രിയുമായി സംസാരിക്കുകയെന്നാണ് സൂചന. നേരത്തേ നടന്ന ചര്‍ച്ചകളില്‍ സംസാരിക്കാന്‍ അവസരം ലഭിക്കാതിരുന്ന ബീഹാര്‍, ഒഡീഷ, ഗുജറാത്ത്, ഹരിയാന, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ്, മിസോറം, മണിപ്പൂര്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിക്കുമായിരിക്കും അവസരം. രോഗവ്യാപനം, പ്രതിരോധ നടപടികള്‍, തുടങ്ങിയവ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. സാമ്പത്തിക പാക്കേജ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ സംസ്ഥാനങ്ങളും ഉന്നയിക്കും.
മുംബൈ, അഹമ്മദാബാദ്, ഇന്‍ഡോര്‍, പുനെ, ജെയ്പുര്, ഹൈദരാബാദ്, താനെ, സൂറത്ത്, ചെന്നൈ, ഭോപാല്‍, ആഗ്ര, ജോധ്പൂര്‍, ദല്‍ഹി എന്നീ 13 നഗരങ്ങളില്‍ രോഗബാധ ഉള്ളതായാണ് റിപ്പോര്‍ട്ട്. 718 ജില്ലകളില്‍ 429 ഇടത്ത് കോവിഡുണ്ടെന്നും 289 ജില്ലകളില്‍ കോവിഡ് കാര്യമായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നുമാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: