മുക്കം: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ല അതിര്‍ത്തികള്‍ കല്ലിട്ട് അടച്ച സംഭവത്തില്‍ അയവ് വരുത്തി പോലീസ്. തോട്ടുമുക്കം വാലില്ലാപുഴ റോഡ് പോലീസ് തുറന്നു. റോഡില്‍ തട്ടിയ കരിങ്കല്ലുകളും മാറ്റിയിട്ടുണ്ട്. എല്ലാ റോഡുകളും അടച്ചതില്‍ പ്രതിഷേധിച്ച് ജനപ്രതിനിധികളടക്കം ഇടപെട്ടിരുന്നു. സമ്മര്‍ദ്ദം ശക്തമായതോടെയാണ് പോലീസ് റോഡ് തുറന്നതെന്നാണ് ആരോപണം. അതേ സമയം കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് വാഹനങ്ങള്‍ പോവുന്ന സാഹചര്യത്തിലാണ് റോഡ് തുറന്നതെന്നാണ് പോലീസ് പറയുന്നത്.
ശനിയാഴ്ച ഉച്ചയോടെയാണ് കോഴിക്കോട് മലപ്പുറം ജില്ലാ അതിര്‍ത്തികള്‍ മുക്കം പോലീസ് കരിങ്കല്ലിട്ട് അടച്ചത്. വാലില്ലാപ്പുഴ പുതിയനിടം റോഡ്, തേക്കിന്‍ചുവട് തോട്ടുമുക്കം റോഡ്, പഴംപറമ്പ് പന്നിക്കോട് റോഡ്, തോട്ടുമുക്കം എടക്കാട്റോഡ്, പനംപിലാവ് തോട്ടുമുക്കം റോഡ് എന്നിവടങ്ങളിലുള്ള അതിര്‍ത്തികളായിരുന്നു അടച്ചത്. പ്രധാന വഴിയായ എരഞ്ഞിമാവ് അതിര്‍ത്തിയും കുഴിനക്കിപ്പാറ പാലവും അടച്ചിരുന്നില്ല. മതിയായ രേഖകള്‍ ഉള്ളവരെ കുഴിനക്കിപ്പാറ പാലം, എരഞ്ഞി മാവ് ചെക്ക് പോസ്റ്റുകള്‍ വഴി കടത്തിവിടുകയും ചെയ്തിരുന്നു.
കോവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ അനധികൃതമായി ജില്ലയിലേക്ക് പ്രവേശിക്കുന്നവരെ തടയുകയെന്ന ഉദ്ദേശത്തിലാണ് എല്ലാ ഊട് വഴികളും അടച്ചതെന്ന് മുക്കം പോലീസ് വ്യക്തമാക്കിയത്. പ്രധാന അങ്ങാടികളിലെല്ലാം പോലീസ് പരിശോധന നല്ല രീതിയില്‍ നടക്കാറുണ്ടങ്കിലും ഗ്രാമപ്രദേശങ്ങളില്‍ പലപ്പോഴും പോലീസിന് എത്തിച്ചേരാന്‍ സാധിക്കാറില്ല. ഇത് മുതലെടുത്ത് ഈ സ്ഥലങ്ങളില്‍ ആളുകള്‍ കൂട്ടം കൂടി നില്ക്കുന്നതും പതിവാണ്. ഇത്തരക്കാരെ പിടിക്കുന്നതിനായി നടപടികള്‍ ശക്തമാക്കുമെന്നും പോലീസ് അറിയിച്ചു.
റോഡിലെ തടസ്സങ്ങള്‍ നീക്കിയ സ്ഥലവും റോഡുകള്‍ അടച്ച സ്ഥലവും കോഴിക്കോട് ഡെപ്യൂട്ടി തഹസില്‍ദാര്‍ വി.പി. സതീശന്റെ നേതൃത്വത്തില്‍ പരിശോധിച്ചു. ക്ലാര്‍ക്ക് പി.കെ. സനു, വില്ലേജ് അസിസ്റ്റന്റ് രാജാമണി, കെ. ചന്ദ്രന്, വാര്‍ഡ് മെമ്പര്‍ കെ.സി. നാടി കുട്ടി എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: