വടകര: ഒരു ദിവസം വീട്ടിലിരുന്നാല്‍ നാളെ എങ്ങനെ എന്ന് ചിന്തിക്കുന്ന വരാണ് ഓട്ടോറിക്ഷ തൊഴിലാളികള്‍. അന്നന്ന് കിട്ടുന്ന രൂപ കൊണ്ട് ഓരോ ദിവസവും തള്ളി നീക്കുന്നവര്‍. എന്നാല്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒരു മാസമായി വീട്ടിലിരിക്കയാണ് ഇവരും. വഴിമുട്ടിയ ജീവിത സാഹചര്യത്തില്‍ ഓരോ ദിവസവും തള്ളിനീക്കാന്‍ പാടുപെടുകയാണ്. 30 ദിവസം എങ്ങനെ കഴിച്ചു കൂട്ടി എന്ന് ചിന്തിക്കാന്‍ പോലും ഇവര്‍ക്ക് കഴിയുന്നില്ല.
വടകര നഗരപരിധിയില്‍ മാത്രം രണ്ടായിരത്തില്‍പ്പരം ഓട്ടോറിക്ഷകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. സ്വന്തമായുള്ളതും വാടകയ്ക്ക് എടുത്ത് ഓടുന്ന ഓട്ടോകളുമുണ്ട്. ഒരു ദിവസം ഓടിയാല്‍ പെട്രോളും മറ്റ് ചിലവുകളും കഴിച്ച് 700 രൂപയോളം മിച്ചം വരും. ഇതുകൊണ്ട് വീട്ടുകാര്യങ്ങളും കുട്ടികളുടെ വിദ്യാഭ്യാസവും ഒക്കെ ഒരുവിധം ഒപ്പിച്ചു കൊണ്ടുപോകും. അവധിക്കാലത്താണ് അല്പം മിച്ചം വെക്കാന്‍ പറ്റുക. കൂടുതല്‍ ഓട്ടം കിട്ടുന്ന സമയം. ചെറിയ കുടുംബങ്ങളെല്ലാം പലസ്ഥലങ്ങളിലേക്കായി യാത്ര പോകാന്‍ ഓട്ടോറിക്ഷകളെയാണ് ആശ്രയിക്കാറ്. അതൊരു അധിക വരുമാനമായിരുന്നു. അതെല്ലാം നിലച്ചു.
സര്‍ക്കാര്‍ നല്കിയ സൗജന്യ അരിക്ക് പുറമേ, വിവിധ സംഘടനകളുടെ സഹായങ്ങളും പലയിടങ്ങളിലും നല്‍കിയിട്ടുണ്ടെങ്കിലും എല്ലാവര്ക്കും ലഭിച്ചിട്ടില്ല. കോവിഡ് വ്യാപനം തുടരുകയാണെങ്കില്‍ ജീവിതം എങ്ങനെ മുന്നോട്ട് നയിക്കും എന്ന ആശങ്കയിലാണ് ഇവര്‍. പലരും ഓട്ടോറിക്ഷ വാങ്ങാനും വീട് വെക്കാനുമെല്ലാം വിവിധ ബാങ്കുകളില്‍ നിന്ന് വായ്പ എടുത്തിട്ടുണ്ട്. മൊറട്ടോറിയം പ്രഖ്യാപിച്ചത് താല്‍ക്കാലിക രക്ഷമാത്രമാണ്.
സര്‍ക്കാറിന്റെ ഭാഗത്തുനിന്നുള്ള കൂടുതല്‍ സഹായം ലഭിച്ചില്ലെങ്കില്‍ ജീവിതം ദുരിതക്കയത്തിലേക്ക് നീങ്ങുമെന്ന് വടകരയിലെ ഓട്ടോറിക്ഷ തൊഴിലാളിയായ തെക്കയില്‍ രവീന്ദ്രന് പറയുന്നു. ലോക്ക്ഡൗണിനു ശേഷവും ഇന്‍ഷൂറന്‍സ്, ഫിറ്റ്നസ് തുടങ്ങി സാമ്പത്തിക ചെലവ് വരുന്ന ബാദ്ധ്യതകള്‍ മുന്നിലുണ്ട്. അതിനെ എങ്ങിനെ പ്രതിരോധിക്കും എന്ന ചിന്തയിലാണ് തന്നെപ്പോലെയുള്ളവരെന്നും രവീന്ദ്രന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: