ഹേഗ്: 2019-20 സീസണിലെ ഫുട്ബോള്‍ ലീഗ് മത്സരങ്ങള്‍ അവസാനിപ്പിച്ചതായി ഡച്ച് ഫുട്ബോള്‍ ഫെഡറേഷന് അറിയിച്ചു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ റദ്ദാക്കുന്ന ആദ്യത്തെ ഉയര്‍ന്ന യൂറോപ്യന്‍ ലീഗാണിത്.
ഒരു ടീമിനെയും ചാമ്പ്യന്മാരായി പ്രഖ്യാപിക്കില്ല. ലീഗിലെ ഒമ്പത് മത്സരങ്ങള്‍ കൂടിശേഷിക്കെ അയാക്സും എഇസഡ് അല്‍ക്മാറും പോയിന്റ് നിലയില്‍ ഒപ്പത്തിനൊപ്പമായിരുന്നു.
ലോക്ഡൗണിനെ തുടര്‍ന്ന് ആളുകള്‍ കൂട്ടംകൂടുന്നത് സര്‍ക്കാര്‍ നിരോധിച്ച സാഹചര്യത്തില്‍ ഈ സീസണിലെ ലീഗ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്ന് ഡച്ച് ഫുട്ബോള്‍ ഫെഡറേഷന് വ്യക്തമാക്കി. കൊറോണ പടരുന്ന സാഹചര്യത്തില്‍ പൊതുജനാരോഗ്യത്തിനാണ് മുന്‍ഗണന. ഫുട്ബോള്‍ ഒരു പ്രശ്നമല്ല. ലീഗ് റദ്ദാക്കാനുള്ള തീരുമാനം ചിലരില്‍ നിരാശയുണ്ടാക്കുമെന്നുറപ്പാണ്.
പോയിന്റ് നിലയില്‍ അയക്സും എഇസഡ് അല്‍ക്മാറും ഒപ്പത്തിനൊപ്പം ആണെങ്കിലും ഗോള്‍ ശരാശരിയില്‍ അയാക്സാണ് മുന്നില്‍. അതിനാല്‍ അയാക്സിന് അടുത്ത സീസണിലെ ചാമ്പ്യന്‍സ് ലീഗില്‍ മത്സരിക്കാന്‍ യോഗ്യത ലഭിക്കും. 1945ന് ശേഷം ഇതാദ്യമായാണ് ചാമ്പ്യന്മാരില്ലാതെ ഡച്ച് ലീഗ് സീസണ് അവസാനിക്കുന്നത്.
ചാമ്പ്യന്മാരെ പ്രഖ്യാപിക്കാത്തതില്‍ ദുഃഖമുണ്ട്. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥ എല്ലാവര്ക്കും മനസിലാകും. ഫുട്ബോളിനേക്കാള്‍ പ്രധാനപ്പെട്ട ഒട്ടേറെ കാര്യങ്ങള്‍ ഇപ്പോഴുണ്ടെന്ന് അയാക്സ് ചീഫ് എക്സിക്യൂട്ടീവ് എഡ്വിന് വാന്‍ഡെര്‍ സാര്‍ ക്ലബ്ബിന്റെ വെബ്്സൈറ്റില്‍ കുറിച്ചു.
കൊറോണയുടെ പശ്ചാത്തലത്തില്‍ സെപ്തംബര്‍ ഒന്ന് വരെ ആളുകള്‍ കൂട്ടം കൂടുന്നത് സര്‍ക്കാര്‍ നിരോധിച്ചതിനെ തുടര്‍ന്നാണ് ഡച്ച് ലീഗ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ഈ സീസണില്‍ കളിച്ച പതിനെട്ട് ടീമുകള്‍ തന്നെ അടുത്ത സീസണിലും മത്സരിക്കും. ഒരു ടീമിനെയും തരം താഴ്ത്തില്ലെന്ന് ഡച്ച് ഫുട്ബോള്‍ ഫെഡറേഷന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: