ആലപ്പുഴ: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യറേഷന് വിതരണം അട്ടിമറിക്കാന്‍ ആസൂത്രിത നീക്കം. കേരളത്തിലെ ഏത് റേഷന്‍കടയില്‍നിന്നും ഭക്ഷ്യധാന്യം വാങ്ങാനുള്ള പോര്‍ട്ടബിലിറ്റി സംവിധാനം കേന്ദ്രത്തിന്റെ സൗജന്യറേഷനില്‍ പാടില്ലെന്നാണ് ഒരു വിഭാഗം ആര്‍ഐമാര്‍ റേഷന്‍ വ്യാപാരികളോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതേത്തുടര്‍ന്ന് ചില റേഷന്‍കടകള്‍ പോര്‍ട്ടബിലിറ്റി നല്‍കുന്നത് നിര്‍ത്തിവച്ചു. ഇടതുപക്ഷാനുകൂലികളായ ഉദ്യോഗസ്ഥരാണ് ഇത്തരം നിര്‍ദേശം നല്‍കുന്നത്.
രാജ്യത്ത് എവിടെനിന്നും റേഷന്‍ വാങ്ങാനുള്ള സൗകര്യം കേന്ദ്രം വ്യാപിപ്പിച്ചു കൊണ്ടിരിക്കുമ്പോഴാണ് സംസ്ഥാന സര്‍ക്കാരിന്റെ മൗനാനുവാദത്തോടെ ഉദ്യോഗസ്ഥര്‍ തടസവാദവുമായി എത്തുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യറേഷന് വിതരണത്തിന് പോര്‍ട്ടബിലിറ്റി സംവിധാനം നിലവിലുണ്ടായിരുന്നു.
സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് വിതരണത്തിന് പോര്‍ട്ടബിലിറ്റി ആദ്യം ഒഴിവാക്കിയിരുന്നു. പ്രതിഷേധമുയര്‍ന്നപ്പോള്‍ നിലവില്‍ താമസിക്കുന്ന പരിധിയിലുള്ള റേഷന്‍കടയില്‍നിന്ന് ജനപ്രതിനിധികള്‍ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം നല്കി പോര്‍ട്ടബിലിറ്റിയിലൂടെ കിറ്റ് വാങ്ങാന്‍ അവസരമൊരുക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ സൗജന്യറേഷനില്‍ മാത്രം ഇതൊന്നും അനുവദിക്കാതെ അലങ്കോലമാക്കാന്‍ ശ്രമം നടക്കുന്നത്.
മൊബൈല്‍ ഫോണില്‍ ഒടിപി ലഭ്യമാകാത്തവര്‍ക്കും റേഷന്‍ നിഷേധിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമായ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഒടിപി നമ്പര്‍ ലഭിക്കാത്തതിന്റെ പേരില്‍ ഒട്ടേറെപ്പേര്‍ക്ക് സൗജന്യറേഷന് കിട്ടാത്ത സ്ഥിതിയുണ്ടായി. അതേസമയം പോര്‍ട്ടബിലിറ്റി പാടില്ലെന്ന് ആര്‍ക്കും നിര്‍ദേശം നല്‍കിയിട്ടില്ലെന്നും ഒടിപിയുടെ പേരില്‍ റേഷന്‍ നിഷേധിക്കരുതെന്നാണ് നിലപാടെന്നുമാണ് പൊതുവിതരണ വകുപ്പ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഫലത്തില്‍ മറിച്ചാണ് നടക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യറേഷന് വിതരണം കൃത്യമായി നടപ്പാക്കുകയും, കേന്ദ്രസര്‍ക്കാരിന്റേത് അട്ടിമറിക്കുക എന്ന ഗൂഢലക്ഷ്യമാണ് ഇതിന് പിന്നിലെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: