ന്യൂദല്‍ഹി: റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്കെതിരെ സുപ്രീംകോടതിയില്‍ പോയ കോണ്‍ഗ്രസിനും സോണിയ ഗാന്ധിക്കും കനത്ത തിരിച്ചടി. സോണിയയെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് അര്‍ണബ് ഗോസ്വാമിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍, അര്‍ണാബിന് അറസ്റ്റില്‍ നിന്ന് സംരക്ഷണം നല്‍കുകയാണ് കോടതി ചെയ്തത്.
സന്യാസിമാരുടെ കൊലപാതകങ്ങള്‍ ചൂണ്ടിക്കാട്ടി രാജ്യത്തിനകത്ത് ചേരിതിരിവുണ്ടാക്കാന്‍ ശ്രമിച്ചെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്നും ആരോപിച്ച എഫ്ഐആറുകളിലാണ് കോടതി അറസ്റ്റ് തടഞ്ഞത്. മൂന്നാഴ്ചത്തേക്ക് അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്യരുത്. അര്‍ണബിനെതിരെയുള്ള എല്ലാ ആരോപണങ്ങളും മുംബൈയിലെ ഒറ്റ എഫ്ഐആറില്‍ അന്വേഷിക്കണമെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
മാധ്യമ സ്വതന്ത്ര്യത്തില് ഇടപെടാനില്ലെന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരു നിയന്ത്രണവും ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. മഹാരാഷ്ട്രയില്‍ ഒഴികെ രാജ്യത്തെ മറ്റിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ എഫ്ഐആറുകളും സ്റ്റേ ചെയ്ത സുപ്രീംകോടതി നാഗ്പൂരിലെ എഫ്ഐആര്‍ മുംബൈയിലേക്ക് മാറ്റാനും ഉത്തരവിട്ടു. അര്‍ണബിനും റിപ്പബ്ലിക് ടിവി ഓഫീസിനും സുരക്ഷ ഉറപ്പാക്കണമെന്നും കോടതി മുംബൈ പോലീസ് കമ്മീഷണര്‍ക്ക് കര്‍ശന നിര്‍ദേശം നല്കി.
കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ പരസ്യ ഭീഷണിക്ക് പിന്നാലെ അര്‍ണബിന് ആക്രമണം നേരിടേണ്ടിവന്നത് ഞെട്ടിക്കുന്ന സംഭവമാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ പ്രതികരിച്ചു. അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിച്ച ഒരു മാധ്യമ പ്രവര്‍ത്തകനെ ഇത്തരത്തില്‍ പരസ്യമായി വേട്ടയാടുന്നത് ദുഖകരമാണ്. അടിയന്തിരാവസ്ഥ കൊണ്ടുവന്ന കോണ്‍ഗ്രസിന് അഭിപ്രായ സ്വാതന്ത്ര്യത്തെ ചവിട്ടിമെതിക്കുന്നത് അവരുടെ പാരമ്പര്യത്തിന്റെ ഭാഗമാണെന്നും ജെ.പി. നദ്ദ വിമര്‍ശിച്ചു.
ചാനല്‍ സ്റ്റുഡിയോയില്‍ നിന്ന് മടങ്ങും വഴി മുംബൈയിലെ ഗണപത്രവ് കദംമാര്ഗില് വെച്ചാണ് അര്‍ണബ് അക്രമത്തിനിരയായത്. കാറിന്റെ വിന്‍ഡോ ഗ്ലാസ് തകര്‍ത്ത അക്രമികളെ അര്‍ണബിന്റെ സുരക്ഷാഗാര്‍ഡുമാര്‍ തടഞ്ഞു. അര്‍ണബിനെ അക്രമിച്ച പ്രതികളെ മുംബൈ പോലീസ് പിന്നീട് പിടികൂടി. പ്രതികള്‍ രണ്ടുപേരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് അര്‍ണബ് ആരോപിച്ചു. സോണിയാഗാന്ധിയുടെ അറിവോടെയാണ് അക്രമമെന്നും അര്‍ണബ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: