കുന്ദമംഗലം: അരയ്ക്ക് താഴെ തളര്‍ന്നു കിടക്കുന്ന പെരുമണ്ണ മുണ്ടുപാലം സ്വദേശി സതീഷിന് കുടയാണ് തണല്‍. മനോഹരങ്ങളായ കുടകളാണ് കിടക്കയില്‍ കിടന്ന് സതീഷ് തയ്യാറാക്കുന്നത്. കഴിഞ്ഞ 20 വര്‍ഷമായി തളര്‍ന്ന് കിടക്കുന്ന സതീഷിന്റെ ഏക വരുമാനമായിരുന്നു സ്കൂള്‍ തുറക്കുമ്പോള്‍ കുടയും പേനയും വിറ്റു കിട്ടുന്ന തുക. ഇത്തവണ സ്കൂള്‍ തുറക്കുന്നതിന് മുമ്പ് കുട നിര്‍മ്മിക്കാന്‍ തയ്യാറെടുക്കുമ്പോഴാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്.
ലോക്ഡൗണിന് മുമ്പ് നൂറു കുടയും ആയിരം പേപ്പര്‍ പേനയും നിര്‍മ്മിക്കാനുള്ള സാധനങ്ങള്‍ സതീഷ് വാങ്ങിയിരുന്നു. ഇത് ഉപയോഗിച്ച് 100 കുടയും 900 പേപ്പര്‍ പേനയും നിര്‍മ്മിച്ചുവെങ്കിലും ഇത് എങ്ങനെ വിറ്റ് തീര്‍ക്കുമെന്ന സങ്കടത്തിലാണ് സതീഷ്. എല്ലാ വര്‍ഷവും നാന്നൂറിലധികം കുടകള്‍ നിര്‍മ്മിക്കാറുണ്ടായിരുന്നു. ഏപ്രില്‍ മാസമാവുമ്പോഴേക്കും പകുതി കുടയെങ്കിലും വിറ്റുപോവാറുണ്ട്. എന്നാല്‍ ഇത്തവണ ലോക് ഡൗണ്‍ വന്നതോടെ ഒരു കുട പോലും വില്ക്കാന് കഴിയാത്ത അവസ്ഥയിലാണ്. കണ്ണഞ്ചിപ്പിക്കുന്ന പരസ്യങ്ങളോ കുടകള്‍ക്കൊപ്പം സമ്മാനങ്ങളോ നല്കാന് സതീഷിന് കഴിയില്ല. പക്ഷേ പ്രമുഖ കമ്പനികളോട് കരുത്തിലും ഗുണമേന്മയിലും കിടപിടിക്കുന്ന കുടകള്‍ തന്നെയാണ് സതീഷ് നിര്‍മ്മിക്കുന്നത്. 300 രൂപയാണ് ഒരു കുടയുടെ വില. പേപ്പര്‍ പേനക്ക് 10 രൂപയും.
43 കാരനായ സതീഷിന് 23 വയസുള്ളപ്പോഴാണ് തെങ്ങില്‍ നിന്ന് വീണ് പരിക്കേറ്റത്. അന്നു മുതല്‍ മലമുകളിലുള്ള വീട്ടില്‍ എത്താന്‍ കഴിയാത്തത് കൊണ്ട് അമ്മാവന്റെ വീട്ടിലാണ് താമസം. എരഞ്ഞിക്കല്‍ മീത്തല്‍ കുമാരന്, കൗസു ദമ്പതികളുടെ മകനാണ് സതീഷ്. അമ്മാവന്റെ വീടിന് സമീപം നാട്ടുകാരുടെ സഹായത്തോടെ സതീഷിന് വീട് നിര്‍മ്മിക്കുന്നുണ്ട്. വീട് പണി പൂര്‍ത്തിയാക്കി തന്റെ അവസ്ഥ മനസ്സിലാക്കി കൂടെ ജീവിക്കാന്‍ ഒരു പെണ്ണ് തയ്യാറായി വന്നാല്‍ വിവാഹം കഴിച്ച് ഇനിയങ്ങോട്ട് ജീവിക്കാനാണ് സതീഷിന്റെ ആഗ്രഹം. ഇതിനായുള്ള ശ്രമത്തിലാണ് വീട്ടുകാരും ബന്ധുക്കളും. കുടയും പേനയും ആവശ്യമുള്ളവര്‍ സതീഷിന്റെ 98472 93034 എന്ന നമ്പറില്‍ ബന്ധപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: