ലണ്ടന്‍ : പത്ത് ആഴ്ച കൂടി ഇന്ത്യയിലെ ലോക്ഡൗണ്‍ നീട്ടണമെന്ന് ആരോഗ്യ വിദഗ്ധര്‍. തിരക്ക് കൂട്ടി രാജ്യത്തെ ലോക്ഡൗണ്‍ എടുത്ത മാറ്റരുത്. പത്ത് ആഴ്ച കൂടി ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി സ്ഥിതിഗതികള്‍ നിരീക്ഷിക്കണമെന്ന് ദി ലാന്‍സര്‍ എഡിറ്റര്‍ റിച്ചാര് ഹോര്‍ട്ടണ്‍ അറിയിച്ചു. ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് റിച്ചാര്‍ഡിന്റെ മുന്നറിയിപ്പ്. മേയ് മൂന്നിനാണ് നിലവിലുള്ള ലോക്ഡൗണ്‍ അവസാനിക്കുന്നത്.
ലോക്ഡൗണ്‍ അവസാനിച്ച ശേഷം വാണിജ്യപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കേണ്ടതാണ്. അതിനായി ധൃതി കൂട്ടരുതെന്നാണ് തന്റെ അഭിപ്രായമെന്നു റിച്ചാര്‍ഡ് പറഞ്ഞു. ധൃതി കൂട്ടി വൈറസിന്റെ രണ്ടാം വ്യാപനം ഉണ്ടായാല്‍ അത് ആദ്യത്തേതിനേക്കാള്‍ ഗുരുതരമായിരിക്കും. ലോക്ഡൗണിനു വേണ്ടി ഒരുപാട് സമയവും അധ്വാനവും ചെലവിട്ടു കഴിഞ്ഞു. അതു പാഴാക്കരുത്. കഴിയുമെങ്കില്‍ പത്താഴ്ച വരെ ലോക്ഡൗണ്‍ തുടര്‍ന്നു കൊണ്ടുപോകണം.
ലോക്ഡൗണ്‍ കാലാവധി അവസാനിച്ചശേഷം വൈറസ് വ്യാപനമുണ്ടായാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വീണ്ടും പുനരാരംഭിക്കേണ്ടതായി വരും. മഹാമാരി ഒരിക്കലും ഒരു രാജ്യത്തും ദീര്‍ഘകാലം നിലനില്‍ക്കില്ല. ഇന്ത്യയില്‍ ലോക്ഡൗണ്‍ വിജയകരമാണെങ്കില്‍ പത്താഴ്ചയ്ക്കുള്ളില്‍ രോഗത്തിന്റെ തോത് കുറയുന്നതായി കാണാം. ഈ ഘട്ടം കഴിഞ്ഞാല്‍ സാധാരണ നിലയിലേക്കു മടങ്ങാന്‍ കഴിയും. പിന്നീടു സാമൂഹിക അകലം പാലിക്കല്‍, മാസ്ക് ധരിക്കല്‍ തുടങ്ങിയ നിയന്ത്രണങ്ങള്‍ തുടരുന്നതും നല്ലതാണ്. വ്യക്തിശുചിത്വത്തിനാണ് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതെന്നും റിച്ചാര്‍ഡ് പറഞ്ഞു.
ചൈനയിലെ വുഹാനില്‍ പത്താഴ്ചയിലേറെ നീണ്ട ലോക്ഡൗണ്‍ കൊണ്ടാണു കാര്യങ്ങള്‍ നിയന്ത്രണ വിധേയമാക്കിയത്. ജനുവരി 23 മുതല്‍ ഏപ്രില്‍ ആദ്യം വരെ വുഹാന്‍ അടച്ചിട്ടു. അവരിപ്പോള്‍ പഴയ സ്ഥിതിയിലേക്കു മടങ്ങിയിട്ടുണ്ട്. വൈറസിന്റെ പ്രകൃതം അനുസരിച്ച് സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ അതു സമൂഹത്തില്‍ പടര്‍ന്നുപിടിക്കുമെന്നും റിച്ചാര്‍ഡ് പറഞ്ഞു.
പത്താഴ്ച കഴിയുമ്പോള്‍ വളരെ കുറച്ചു പേര്‍ക്കു മാത്രമേ വൈറസ് ബാധയുണ്ടാകുകയുള്ളു. അതുകൊണ്ടു തന്നെ പടര്‍ന്നുപിടിക്കാനുള്ള സാധ്യത കുറവാണ്. പത്ത് ആഴ്ച അവസാനത്തോടെ രോഗവ്യാപനം കുറയുകയാണെങ്കില്‍ ഇന്ത്യയ്ക്ക് സാധാരണ നിലയിലേക്ക് മാറാമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: