കണ്ണൂര്‍: സ്പ്രിംങ്ക്ളര്‍ കരാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി മൗനം വെടിയണമെന്നും വിവാദ സ്പ്രിംങ്ക്ളര്‍ കമ്പനി ഫേസ്ബുക്കുമായുണ്ടാക്കിയ കരാര്‍ മുഖ്യമന്ത്രിക്ക് അറിവുണ്ടായിരുന്നോയെന്ന് വ്യക്തമാക്കണമെന്നും ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കരാറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും ഐടി സെക്രട്ടറിയും പറയുന്നത് അടിസ്ഥാന രഹിതവും യുക്തിക്ക് നിരക്കാത്തതുമായ കാര്യങ്ങളാണ്. കോവിഡ് വ്യാപനത്തെ മുന്‍നിര്‍ത്തി അന്താരാഷ്ട്ര ഏജന്‍സികള്‍ക്ക് ഡാറ്റ കൈമാറാനുളള പദ്ധതിയില്‍ സ്പ്രിംങ്ക്ളര്‍ പാട്ണറാണ്. ഫെയ്സ്ബുക്കിന്റെ പദ്ധതിയാണ് ഇത്. സ്പ്ളിംങ്കറുമായി ഫെയ്സ്ബുക്ക് കമ്പനി ഇക്കാര്യത്തില്‍ ധാരണയിലെത്തിയിട്ടുണ്ട്.
രോഗികളുടേയും രോഗം വരാന്‍ സാധ്യതയുളളവരുടെയും ആരോഗ്യ വിശദാംശങ്ങള്‍ അന്താരഷ്ട്ര ഏജന്‍സികള്‍ക്ക് വിവരങ്ങള്‍ കൈമാറുക എന്നതാണ് ഫെയ്സ്ബുക്ക് പദ്ധതി. പാകിസ്ഥാനും ഈ കരാറില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതു കാെണ്ട് തന്നെ സ്പ്രിംങ്ക്ളറുമായുള്ള കരാര്‍ രാജ്യദ്രോഹപരവും നിയമ വിരുദ്ധവുമാണ്.
ആഗോളതലത്തില്‍ ഒരുപാട് ആരോപണങ്ങള്‍ ഉയര്‍ന്ന കമ്പനിയാണ് ഫെയ്സബുക്ക്. സ്പ്രിംങ്ക്ളര്‍ കമ്പനി സൗജന്യ സേവനം ചെയ്യുന്നുവെന്ന് സര്‍ക്കാര്‍ പറയുന്നത് ഫെയ്സ്ബുക്കിന്റെ നിര്‍ദ്ദേശ പ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരുണ്ടാക്കിയ കരാര്‍ കേന്ദ്ര ഗവണ്മെന്റോ ആഭ്യന്തര വകുപ്പോ അറിയില്ല. അതുകൊണ്ടുതന്നെ കരാര്‍ ജനദ്രോഹകരം മാത്രമല്ല രാജ്യ വിരുദ്ധമാണ്. കേരളത്തിലടക്കം സൗജന്യ സേവനമാണ് ആദ്യഘട്ടത്തില്‍ സ്പ്രിംങ്ക്ളര്‍ കരാര്‍ പ്രകാരം നല്‍കുന്നത്. ഒരുതരത്തിലുമുള്ള അന്വേഷണം നടത്താതെ മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായി പിണറായി വിജയന് കരാറുമായി മുന്നോട്ട് പോകുകയാണ് ചെയ്തത്.
വിദേശ കമ്പനിയെ പിന്തുണക്കേണ്ട ആവശ്യം മുഖ്യമന്ത്രിക്കെന്താണ്. സ്പ്രിംങ്ക്ളറുമായി ഉള്ള കരാറുമായി ബന്ധപ്പെട്ട് മാര്‍ക്സിസ്റ്റ് പാര്‍ട്ടി നിലപാട് വ്യക്തമാക്കണം .ആധാര്‍ കൊണ്ട് വരാന്‍ സമയത്ത് വിവാദം ഉണ്ടാക്കിയ മാര്‍ക്സിസ്റ്റ് പാര്‍ട്ടി പ്രധാനമന്ത്രിയോട് മാപ്പ് പറയണം .ഇത് ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട കാര്യമായത് കൊണ്ട് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം. ഐടി സെക്രട്ടറി മാരീചനാണ് പുറകില്‍ മറ്റൊരാള്‍ ഒളിഞ്ഞു നില്‍ക്കുന്നുണ്ട്. കമ്പനിയുടെ വിശദാശങ്ങള്‍ അറിയാതെയാണ് കരാര്‍ ഒപ്പിട്ടതെങ്കില്‍ കരാര്‍ റദ്ദാക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം.
എനിക്കില്ലാത്ത വേവലാതി നിങ്ങള്‍ക്കെന്തിനാണെന്ന് പറയുന്ന മുഖ്യമന്ത്രി ജനങ്ങള്‍ക്ക് വേവലാതിയുള്ള കാര്യം മനസിലാക്കണമെന്നും കൃഷ്ണദാസ് പറഞ്ഞു.സംസ്ഥാന സെക്രട്ടറി കെ. രഞ്ചിത്ത്, ജില്ലാ പ്രസിഡന്‍് എന്‍. ഹരിദാസ്, ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ് കുമാര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: