ഇരിട്ടി: കോവിഡ് വ്യാപനമില്ലാത്ത ഇരിട്ടി നഗരസഭയെ ഹോട്ട് സ്‌പോട്ടാക്കിയതില്‍ വ്യാപക പ്രതിഷേധം. നഗരസഭയുടെ ഭാഗമായ ഉളിയില്‍ കല്ലേരിക്കലില്‍ ഒരാള്‍ക്ക് മാത്രമായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നത് . 24ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വ്യക്തി രോഗം ഭേദമായതിനെത്തുടര്‍ന്ന് കഴിഞ്ഞ ഏഴാം തീയതി വീട്ടിലേക്ക് മടങ്ങി. ഇയാളുടെ ഒന്നാം സമ്പര്‍ക്ക പട്ടികയില്‍ 43 പേരും രണ്ടാം സമ്പര്‍ക്കപ്പട്ടികയില്‍ മുന്നൂറ് പേരുമാണ് ഉണ്ടായിരുന്നത്.
നഗരസഭയില്‍ ആകെ ഉണ്ടായിരുന്ന ഈ ഒരു രോഗിയുടെ ആദ്യ സമ്പര്‍ക്കപ്പട്ടികയിലെ പതിനേഴ് പേര്‍ ഒഴികെ 26 പേര്‍ നഗരസഭക്കകത്തുള്ളവരാണ്. ഇവരുടെമുഴുവന്‍ സ്രവ പരിശോധന നെഗറ്റീവും ആയിരുന്നു. നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന രണ്ട് ആരോഗ്യ പ്രവര്‍ത്തകരുടെയും ഫലവും നെഗറ്റീവായിരുന്നു. ഡോക്ടര്‍ ഉള്‍പ്പെടെയുള്ള അഞ്ച് ആരോഗ്യ പ്രവര്‍ത്തകരും നിരീക്ഷണ സമയം കഴിഞ്ഞതിനാല്‍ തിരിച്ചെത്തി ജോലിയില്‍ പ്രവേശിച്ചു. ആദ്യ സമ്പര്‍ക്കപ്പട്ടിക മുഴുവന്‍ നെഗറ്റീവാണെന്നതിനാല്‍ രണ്ടാം സമ്പര്‍ക്ക പട്ടിക നോക്കേണ്ടതില്ല. 604 പേരാണ് ഇതുവരെയായി വിവിധ ഘട്ടങ്ങളിലായി നഗരസഭയില്‍ വീട്ടു നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഇത് അഞ്ചുപേര്‍ മാത്രമായി ചുരുങ്ങി.
രോഗ ഭീതിയുടെ സാഹചര്യങ്ങള്‍ നഗരസഭയില്‍ ഇല്ലെന്നിരിക്കെ ഇരിട്ടിയെ ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചതിലാണ് വിവിധ കേന്ദ്രങ്ങളില്‍ നിന്നും പ്രതിഷേധം ഉയരുന്നത്. ആകെ ഉണ്ടായിരുന്ന ഒരു രോഗി സുഖം പ്രാപിച്ച് പോയതോടെ ഇരിട്ടി നഗരസഭാ മേഖല സുരക്ഷിത മാണെന്നും ജാഗ്രതമാത്രം മതിയെന്നുമാണ് ഇവരുടെ അഭിപ്രായം. അതേസമയം സുരക്ഷ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ഇരിട്ടി നഗരപ്രദേശങ്ങളില്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന പോലീസുകാര്‍ക്ക് യാതൊരു വിധ സുരക്ഷയും ലഭിക്കുന്നില്ല എന്നതും മറ്റൊരു വസ്തുതയാണ്.
ഒരു ദിവസം തന്നെ നിരവധി വാഹനങ്ങളെയാണ് ഇവര്‍ പരിശോധിക്കേണ്ടി വരുന്നത്. വാഹനം തടഞ്ഞു നിര്‍ത്തി പരിശോധിക്കുമ്പോള്‍ പലരുമായും തര്‍ക്കത്തില്‍ ഏര്‍പ്പെടേണ്ടിയും വരുന്നു. ഇവരുടെയെല്ലാം നമ്പര്‍ കുറിച്ചെടുക്കുകയും അഡ്രസ്സ് എഴുതി എടുക്കേണ്ടിയും വരുമ്പോള്‍ ഒരു വാഹനയാത്രക്കാരന് മുന്നില്‍ അഞ്ച് മിനിട്ടോളം ചിലവഴിക്കേണ്ടിയും വരുന്നു . കാറ് പോലുള്ള വാഹനങ്ങള്‍ക്കുള്ളില്‍ തലയിട്ടും ചിലപ്പോള്‍ സംസാരിക്കേണ്ടിയും വരുന്നുണ്ട്. ഇതെല്ലാം ഇവരുടെ കോവിഡ് കാലത്തെ സുരക്ഷയെ ബാധിക്കുന്ന പ്രശ്‌നങ്ങളാണ് എന്നാണ് ചില പോലീസുകാരുടെ അഭിപ്രായം.
















