തിരുവല്ല: ജില്ലയിൽ കോവിഡിനിടെ വ്യാജവാറ്റ് വ്യാപകമായിട്ടും ശക്തമായ നടപടിയെടുക്കാതെ സർക്കാരും എക്‌സൈസും. ഉത്തരവാദിത്വപ്പെട്ട സിപിഎം നേതാക്കൾ അടക്കം പ്രതിയായ അഞ്ചോളം കേസുകൾ കഴിഞ്ഞ മൂന്നാഴ്ചയ്‌ക്കിടയിൽ രജിസ്റ്റർ ചെയ്തു. എന്നാൽ ഇവരെ അവസാനം വരെ സംരക്ഷിക്കാനുള്ള നീക്കമായിരുന്നു എക്‌സൈസും പോലീസും നടത്തിയത്.
കീഴ്‌വായ്‌പ്പൂരിൽ പിടിയിലായ പ്രതി സിപിഎം നേതാവും അധ്യാപകനുമായ സാബു തോമസ് സ്വന്തം ആവശ്യത്തിനാണ് ചാരായം വാറ്റിയെന്ന മുടന്തൻ ന്യായം നിരത്തിയാണ് റിമാൻഡ് വൈകിപ്പിച്ചത്. ഇയാളുടെ രേഖകൾ പോലും നൽകാൻ പോലീസ് തയാറായില്ല. കേസിൽ രണ്ട് സിപിഎം പ്രവർത്തകർ കൂടി പിടിയിലാകാനുണ്ട്. പലകേസുകളിലും ജാമ്യക്കാരായി വരുന്നത് പ്രാദേശിക സിപിഎം നേതാക്കൾ തന്നെ. കൊറോണക്കാലത്ത് കേരളത്തെ കുടിപ്പിച്ച് കിടത്താൻ ശ്രമിച്ച സംസ്ഥാനസർക്കാരും പാർട്ടി നേതാക്കളും നിലവിലെ അന്തരീക്ഷം അട്ടിമറിക്കാനാണ് നോക്കുന്നത്.
കൊറോണക്കാലത്തെ ആനന്ദ ലഹരി
ചെത്ത് കള്ള് വിൽപനയും അങ്ങിങ്ങായി അരങ്ങ് തകർക്കുന്നു. പരുവ, വെൺകുറിഞ്ഞി ഭാഗങ്ങളിൽ എക്‌സൈസ് സംഘം കഴിഞ്ഞ ദിവസം റെയ്ഡ് നടത്തി. ചാത്തൻതറ കവല, പഞ്ചായത്ത് വക ശ്മശാനം റോഡ്, ഓലക്കുളം ഭാഗങ്ങളിലാണ് വ്യാജമദ്യ വിൽപനക്കാരുടെ കേന്ദ്രമാണ്.
മുൻകാലങ്ങളിൽ അബ്കാരി കേസുകളിൽ പ്രതികളായിട്ടുള്ളവരുടെ വീടുകൾ കേന്ദ്രീകരിച്ചും എക്‌സൈസ് സംഘം പരിശോധന നടത്തുന്നുണ്ടെങ്കിലും ഇത് പ്രഹസനമായി മാറുകയാണ്. ലഹരി ഉൽപന്നങ്ങളുടെ വിൽപനയും സജീവമാകുന്നു. വനമേഖലകളും ആൾതാമസമില്ലാത്ത വീടുകളുടെ പറമ്പുകളും കേന്ദ്രീകരിച്ചാണ് പഴയ വാറ്റുകാർ ഉൾപ്പെടെ സജീവമായിരിക്കുന്നത്.
പലചരക്ക് കടകളിലും മറ്റും ശർക്കര കൂടുതലായി വാങ്ങാൻ വന്നാൽ നൽകരുതെന്ന് വ്യാപാരികളോട് എക്‌സൈസ് നിർദേശിച്ചിട്ടുണ്ട്. അനധികൃതമായി ചെത്ത് കള്ള് വിൽപനയും മദ്യനിരോധന കാലത്ത് സജീവമാകുകയാണ്. ചാത്തൻതറ, കൊല്ലമുള മേഖലകളിൽ ലഹരി വസ്തുക്കളുടെ വിൽപന വ്യാപകമാണെന്നും പരാതി ഉയർന്നിട്ടുണ്ട്. കഞ്ചാവ് മാഫിയ സംഘങ്ങളും നാടിനെ ലഹരിയിൽ മുക്കുന്നു.
എക്‌സൈസിനും പോലീസിനുമാളില്ല നാട്ടുകാരെ ഉദ്യോഗസ്ഥരാക്കിയാലോ…
വ്യാജമദ്യം ഒഴുകുമ്പോൾ നാട്ടിൽ എക്‌സൈസും പോലീസും ഇല്ലാതെ വന്നാൽ നാട്ടുകാർ കാര്യങ്ങൾ നിർവ്വഹിക്കേണ്ട സ്ഥിതിയിലാണ്. ഇതുവരെ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും നാട്ടുകാരുടെ വിവരത്തെ തുടർന്നാണ് അറസ്റ്റുണ്ടായത്. പലപ്പോഴും വിവരങ്ങൾ നൽകുന്നവരുടെ ഡേറ്റയടക്കം ചോരുന്നതായും ആക്ഷേപമുണ്ട്.
കോവിഡ് പ്രതിരോധത്തിന്റെ പേര് പറഞ്ഞ് രക്ഷപെടാൻ പോലീസ് നോക്കുമ്പോൾ ആളില്ലെന്ന കാരണമാണ് എക്‌സൈസ് പറയുന്നത്. പത്തനംതിട്ട ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർക്ക് കീഴിൽ 5 സർക്കിളുകളാണ് ഉള്ളത്. 10 റേഞ്ചുകളും ഇതിൽ പെടുന്നു. കൂടാതെ എൻഫോഴ്‌സ്‌മെന്റ് ആൻഡ് നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാർഡും പ്രവർത്തിക്കുന്നു. ഇവിടെ എല്ലാമായി 100 ൽ താഴെ ജീവനക്കാർ മാത്രമാണുള്ളത്. പരിമിതമായ വാഹന സൗകര്യവും വിലങ്ങുതടിയാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: