ഇരിട്ടി: തില്ലങ്കേരി കടുക്കാപ്പാലത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. മുഴക്കുന്ന് മണ്ഡല്‍ സഹകാര്യവാഹ് സുജേഷ് പാലക്കലിന്റെ വീടിന് നേരെയാണ് ബോംബേറ് നടന്നത്.
വീടിന് സമീപം ബോംബ് വീണ് ഉഗ്ര ശബ്ദത്തോടെ പൊട്ടുകയായിരുന്നു. ബോംബ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് പരിശോധന നടത്തി. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ ബൈക്കിലെത്തിയ 2 അംഗ സംഘമാണ് ബോംബെറിഞ്ഞതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സുജേഷിന്റെ വീടിന്റെ 20 മീറ്റര്‍ അകലെയാണ് ബോംബ് വീണ് പൊട്ടിയത്.
സ്റ്റീല്‍ ബോംബാണ് അക്രമത്തിന് ഉപയോഗിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് കണ്ണൂരില്‍ നിന്നെത്തിയ ബോംബ് സ്‌ക്വാഡും പോലീസും കടുക്കാപ്പാലം ,മാമ്പറം, മാഞ്ചേരി തുടങ്ങി മേഖലകളില്‍ റെയ്ഡ് നടത്തി.
ബോംബ് സ്‌ക്വാഡ് എസ്‌ഐ പി.വി. ശശിധരന്‍ , മുഴക്കുന്ന് സിഐ ഉണ്ണികൃഷ്ണല്‍ ,എസ്‌ഐ സി.സി. ലതീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സുജേഷിന്റെ പരാതിയില്‍ മുഴക്കുന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
















