തിരുവനന്തപുരം: അവശനിലയില്‍ മാസങ്ങളായി കുളിക്കാതെ ദുര്‍ഗന്ധം വമിച്ച ഒരു മനുഷ്യന്. ബുദ്ധിസ്ഥിരതയില്ലാത്ത ഭാര്യ. നാട്ടുകാര്‍ പോലും അടുക്കാതെ നിന്നപ്പോള്‍ ആ കുടുംബത്തിലേക്ക് സഹായഹസ്തവുമായെത്തിയത് കൗണ്‍സിലര്‍. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തന്റെ വാര്‍ഡിലെ ജനങ്ങള്‍ക്ക് പതിവുപോലെ ഭക്ഷണസാധനങ്ങള്‍ എത്തിക്കാന്‍ ചെന്നപ്പോഴാണ് ദിവസങ്ങളായി കുളിക്കാതെയും മുടിവെട്ടാതെയും നടക്കുന്ന മുരുകനെക്കുറിച്ച് നാട്ടുകാര്‍ പരാതി പറഞ്ഞത്.
ഇയാള്‍ കാരണം തങ്ങള്‍ക്ക് എന്തെങ്കിലും അസുഖം ഉണ്ടാകുമെന്നും അവര്‍ പരാതിയായി പറഞ്ഞു. പരാതിക്ക് പരിഹാരം കാണണമെന്ന തീരുമാനത്തോടെയാണ് ചിറമുക്ക് കഞ്ഞിപ്പുരയില്‍ താമസിക്കുന്ന മുരുകനെ കാണാന്‍ ബീന ചെല്ലുന്നത്. സ്വന്തം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയാതെ ആരോഗ്യം നശിച്ച് അവശനിലയിലാണ് എഴുപത്തൊന്ന് കഴിഞ്ഞ മുരുകന്.
താടിയും മുടിയും വളര്‍ന്ന് തിരിച്ചറിയാനാകാത്ത രൂപം. കൈകാലുകളിലെ നഖങ്ങള്‍ വളര്‍ന്ന് അതിനിടയില്‍ അഴുക്കുകയറിയിരിക്കുന്നു. മാസങ്ങളായി കുളിച്ചിട്ട്. ശരീരത്തില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നുണ്ട്. മുരുകന്റെ ഭാര്യ ചന്ദ്രികയുടെ കാര്യവും വലിയ ബുദ്ധിമുട്ടിലാണ്. ബുദ്ധിക്ക് സ്ഥിരതയില്ലാത്ത അവസ്ഥയാണ് അവരുടേത്. ഭര്‍ത്താവിന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കാനുള്ള കഴിവ് അവര്‍ക്കുമില്ല.
നാട്ടുകാര്‍ നല്കുന്ന ഭക്ഷണസാധനങ്ങള്‍ കഴിച്ചാണ് ജീവിതം മുന്നോട്ടു നീക്കുന്നത്. എന്തായാലും നാട്ടുകാരുടെ പരാതിക്ക് പരിഹാരം കാണാന്‍ തന്നെ കൗണ്‍സിലര്‍ തീരുമാനിച്ചു. ബിജെപി പ്രവര്‍ത്തകരായ ഹരീഷിനെയും മുരുകേശനെയും ഒപ്പംകൂട്ടി മാസങ്ങളായി മുടിവെട്ടാതെയും കുളിക്കാതെയുമിരുന്ന മുരുകന്റെ താടിയും മുടിയും വെട്ടി ഷേവ് ചെയ്തു. നല്ല തണുത്ത വെള്ളത്തില്‍ കുളിപ്പിച്ചു. കുളിപ്പിക്കാന്‍ ഭാര്യയും ഒപ്പം കൂടി. മാസങ്ങളോളം കുളിക്കാതെ കിടന്ന മനുഷ്യന്റെ ശരീരത്തില്‍ വെള്ളത്തുള്ളികള്‍ വീണപ്പോള്‍ ആ കണ്ണുകള്‍ സന്തോഷത്താല്‍ ഈറനണിഞ്ഞു.
രണ്ടുപേര്‍ക്കും പെന്ഷന് എഴുതിക്കൊടുത്തതും വീടിന് വൈദ്യുതി എത്തിച്ചുകൊടുത്തതും കൗണ്‍സിലര്‍ ബീന തന്നെയാണ്. ഒരാള്‍ക്ക് പെന്ഷന് കിട്ടിത്തുടങ്ങിയില്ല. ഒരാളുടെ പെന്ഷന് കൊണ്ടും നാട്ടുകാരില്‍ ചിലര്‍ നല്കുന്ന സഹായത്താലുമാണ് ഇവര്‍ ജീവിതം നയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: