കുവൈറ്റ് സിറ്റി – കുവൈത്തില്‍ അനധികൃത താമസക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ പൊതുമാപ്പ് പ്രയോയജനപ്പെടുത്തുന്നതിന് ഇന്ത്യക്കാരുടെ റെജിസ്ട്രേഷന് ഇന്നു മുതലാണ് ആരംഭിക്കുന്നത്. ഏപ്രില്‍ 20 വരെയാണു ഇന്ത്യക്കാരുടെ അപേക്ഷ സ്വീകരിക്കുക. രാവിലെ 8 മുതല്‍ ഉച്ചക്ക് 2 വരെയാണ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. പുരുഷന്മാര് ഫര്‍വാനിയ പ്രൈമറി ഗേള്‍സ് സ്കൂളിലും ജലീബ് അല്‍-ഷുയ്ഖിലെ നയീം ബിന്‍ മസൂദ് ബോയ്സ് സ്കൂളിലും സ്ത്രീകള്‍ ഫര്‍വാനിയ അല്‍-മുത്തന്ന പ്രൈമറി ബോയ്സ് സ്കൂളിലും ജലീബ് അല്‍-ഷുയ്ഖില് , റുഫൈദ അല്‍-അസ്ലാമിയ ഗേള്‍സ് പ്രൈമറി സ്കൂളിലുമാണ് എത്തിച്ചേരേണ്ടത്
കുവൈറ്റില്‍ പൊതുഅവധിയും വിമാനയാത്രാവിലക്ക് നിലനില്‍ക്കുന്നതിനാലും താമസാനുമതി അവസാനിച്ചവരും പുതിയ വിസയിലും സന്ദര്‍ശക വിസയിലുമായി രാജ്യത്തെത്തി പ്രതിസന്ധിയിലായവര്‍ നിരവധിയാണ്. പുതിയ തീരുമാനപ്രകാരം മാര്‍ച്ച് ഒന്നിനു ശേഷം കാലാവധി അവസാനിച്ച എല്ലാ വിധ വിസയില്‍ കഴിയുന്നവര്‍ക്കും മെയ് 31 വരെ കാലാവധിയുള്ള താല്‍ക്കാലിക താമസരേഖ നല്‍കും. ആഭ്യന്തര മന്ത്രി അനസ് അല്‍ സാലെഹ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു.
ഇതിനായി പ്രത്യേക അപേക്ഷ സമര്‍പ്പിക്കേണ്ടതിന്റെ ആവശ്യമില്ല. എന്നാല്‍ നിലവില്‍ രാജ്യത്തിനു അകത്തുള്ളവര്‍ക്ക് മാത്രമാണു ഈ സൗകര്യം ലഭ്യമാകുകയുള്ളൂ. ആഭ്യന്തര മന്ത്രാലയത്തിലെ വിവര സാങ്കേതിക സംവിധാനം വഴിയായിരിക്കും ഇത് നടപ്പിലാക്കുക. അതേ സമയം സ്ഥാപനങ്ങളും മറ്റും തങ്ങളുടെ തൊഴിലാളികളുടെ താമസാനുമതി പുതുക്കുന്നതിനു നിലവിലെ ഓണ്‍ ലൈന്‍ സംവിധാനം ഉപയോഗപ്പെടുത്തണം. മലയാളികള്‍ അടക്കം ആയിരക്കണക്കിനു പേര്‍ക്ക് ഏറെ ആശ്വാസകരമാണ് പുതിയ തീരുമാനം.
കൊറോണ സ്ഥിരീകരിച്ച കേസുകളുടെ എണ്ണത്തില്‍ വലിയ കുറവ് അനുഭവപ്പെട്ടത് ആശ്വാസം പകരുന്നതാണ്. മുപ്പത്തിരണ്ട് ഇന്ത്യക്കാര്‍ക്ക് കൂടി വൈറസ് സ്ഥിരീകരിച്ചതോടെ കുവൈത്തില്‍ രോഗ ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 785 ആയി ഉയര്‍ന്നു. പുതിയ രോഗികളില്‍ 31 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 43 പേര് നേരത്തെ അസുഖം സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കത്തെ തുടര്‍ന്നു നിരീക്ഷണത്തില്‍ ഉണ്ടായിരുന്നവരാണ്. ഒരു ഇന്ത്യക്കാരന് ഉള്‍പ്പെടെ 7 പേര്‍ക്ക് രോഗം ബാധിച്ചത് എങ്ങനെയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ചികിത്സയിലുണ്ടായിരുന്നവരില്‍ 30 പേര് കൂടി രോഗമുക്തി നേടിയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തു വൈറസ് രോഗം ഭേദമായവരുടെ എണ്ണം 206 ആയി. നിലവില്‍ 1196 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 31 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്. കൊറോണബാധയേറ്റ് ഒരു ഇന്ത്യക്കാരന് ഉള്‍പ്പെടെ മൂന്നു പേരാണ് രാജ്യത്തു ഇതുവരെ മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: