മലയാളികൾ വിഷു ആഘോഷിക്കുകയാണ്. കേട്ടുകേൾവിയിൽ പോലും ഇല്ലാത്തവിധം പരിചിതമല്ലാത്ത അവസ്ഥയിലാണ് ഈ വർഷത്തെ വിഷു. വിഷു ആഘോഷിക്കുന്നുവെന്ന് പറയുന്നത് ഇത്തവണ വസ്തുതയ്‌ക്ക് നിരക്കാത്തതാകും. മറിച്ച് ഇന്ന് വിഷുവാണ് എന്ന് പറയുന്നതാകും ശരി.
ഒരുവർഷത്തെ പ്രതീക്ഷകളും പ്രത്യാശകളുമെല്ലാമാണ് വിഷുവിൻറെ കാതൽ. വിഷുക്കണിയിലൂടെ ലക്ഷ്യമിടുന്നത് അതൊക്കെയാണ്. ലോകത്ത് മലയാളികൾ ഉള്ളയിടങ്ങളിലെല്ലാം വിഷുവുമുണ്ട്. കണിവെള്ളരിയും കൊന്നപ്പൂക്കളുമെല്ലാം അതിൻറെ ഘടകങ്ങളുമാണ്.
ഇത്തവണയാകട്ടെ ലോകത്ത് ഒരിടത്തും വിഷുവിന് പൊലിമ കാണില്ല. നാട്ടിൻപുറങ്ങളിൽ വിഷുത്തലേന്ന് ഓട്ടുരുളിയിൽ ചുട്ടെടുക്കുന്ന ഉണ്ണിയപ്പവും പൊട്ടിച്ചുതീർക്കുന്ന പടക്കങ്ങളുമൊന്നും ഇത്തവണ ഇല്ല. കൊറോണ വ്യാപനം ലോകത്തെ മുഴുവൻ സ്തംഭനാവ്സ്ഥയിൽ ആക്കിയിരിക്കുന്നു. മനുഷ്യനും മനുഷ്യനും തമ്മിൽ അടുത്ത് നിൽക്കാൻ പോലും പാടില്ലാത്തവിധം കരുതലുകൾ എടുക്കേണ്ട മഹാമാരിയാണ് ലോകത്ത് പരന്നിട്ടുള്ളത്. ദേശ,ഭാഷ,വർണ വ്യത്യാസമെന്യെ എല്ലാവരും രോഗഭീതിയിലാണ്.
ദൈനംദിന ജീവിതം തന്നെ താറുമാറായിക്കഴിഞ്ഞ സാഹചര്യത്തിൽ വിഷു എന്നല്ല ഒരു ആഘോഷത്തിനും ഇടമില്ലാതാകുന്നു. നന്മയുടെ പ്രതീക്ഷ കൊതിക്കേണ്ട വിഷു ദിനത്തിൽ പക്ഷെ നമുക്ക് പ്രാർഥന ആയുധമാക്കേണ്ടത്. വന്നുപെട്ടിരിക്കുന്ന മഹാമാരിയിൽനിന്ന് ലോകത്തെ രക്ഷിക്കുന്നതിനുള്ള പ്രാർഥനകളാകണം ഈ വിഷുദിനത്തിൽ നാം ഓരോരുത്തരുടെയും പ്രവൃത്തി.
നാം എത്രമാത്രം ദുർബലരാണെന്നാണ് ഈ മഹാമാരി നമ്മെ പഠിപ്പിക്കുന്നത്. ആ പാഠം നമുക്ക് നല്ല ചിന്ത നൽകുന്നതാകണം. പരസ്പരം പോരടിച്ചും അഹന്തയോടെ ജീവിച്ചും മറ്റുള്ളവരിൽ പ്രയാസം വിതച്ചുമുള്ള പ്രവർത്തനങ്ങളിൽനിന്ന് മോചിതരാകാനുള്ള ആത്മസമർപ്പണം കൂടിയാകണം ഈ ദിനത്തിൽ നമ്മുടെ മനസുകളിൽ.
ഒരുവർഷത്തേക്കെന്നല്ല, ഇനിയങ്ങോട്ട് എല്ലാ കാലത്തേക്കും പ്രയാസരഹിതമായ ജീവിതത്തിനുള്ള പ്രാർഥനകളാകട്ടെ നാം ഓരോരുത്തർക്കും ഈ വിഷുദിനത്തിലെ പ്രതിജ്ഞ.
ഷെറിൻ മാത്യു
പ്രസിഡൻറ്
കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ (കിയ)
കുവൈത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: