മട്ടാഞ്ചേരി: ജനകീയ സഹകരണവും, സര്‍ക്കാര്‍ നടപടികളും, അടച്ച് പൂട്ടലും കൊറോണ വൈറസ് രോഗഭീതിയില്‍ നിന്ന് ലക്ഷദ്വീപ് സമൂഹങ്ങള്‍ക്ക് മുക്തി. ജനവാസമുള്ള 10 ഓളം ദ്വീപുകളില്‍ നിന്നും കൊറോണ രോഗ റിപ്പോര്‍ട്ടിങ് നടക്കാത്തതും, കടുത്ത നിരീക്ഷണങ്ങളും രോഗ മുക്തിക്കിടയാക്കിയതായാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. കൊച്ചിയില്‍ നിന്നെത്തിയ ദ്വീപ് നിവാസികളുടെ നിരീക്ഷണ കാലാവധി ഏപ്രില്‍ 10ന് തീരുകയും ആര്‍ക്കും പോസിറ്റീവ് റിപ്പോര്‍ട്ടോ, രോഗലക്ഷണങ്ങളോ പ്രകടമാകാത്തതുമാണ് ദ്വീപ് സമൂഹം രോഗമുക്തിക്കാധാരമാക്കിയത്.
കേരളത്തോട് ചേര്‍ന്നുള്ള ദ്വീപ് സമൂഹത്തില്‍ കൊച്ചി, കോഴിക്കോട്, മംഗലാപുരം എന്നിവിടങ്ങളില്‍ നിന്നാണ് യാത്രാ-ചരക്ക് നീക്കങ്ങള്‍ നടക്കുന്നത്. ടുറിസവും, മത്സ്യബന്ധനം കാര്‍ഷിക മേഖലയുമായുള്ള ദ്വീപുകളില്‍ 70000 ത്തോളം പേരാണ് താമസിക്കുന്നത്. ഉന്നതപഠനം, രോഗ ശ്രുശ്രൂഷ, തുടങ്ങിയവയ്‌ക്ക് കേരള നഗരങ്ങളെ ആശ്രയിക്കുന്നവരാണ് ദ്വീപുകാര്‍.
കൊറോണ മഹാമാരി രോഗഭീതി തുടങ്ങിയ മാര്‍ച്ച് 16ന് കൊച്ചിയിലും കോഴിക്കോട് നിന്നുമായി 3500 ഓളം പേര്‍ ലക്ഷദ്വീപിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. ഇവരെ കടുത്ത രോഗ പരിശോധന നടത്തിയാണ് വാസകേന്ദ്രത്തിലേക്കയച്ചത്. ഇവര്‍ നിരീക്ഷണത്തിലുമായിരുന്നു. കൂടാതെ മാര്‍ച്ച് 25, 26 ദിനങ്ങളില്‍ അവസാനഘട്ടമായുള്ള കപ്പല്‍യാത്രയില്‍ കൊച്ചിയില്‍ നിന്ന് ഏതാനും പേരും എത്തിയിരുന്നു. ഇവരാണ് ഏപ്രില്‍ 10 വരെ കൊറോണ രോഗനീരീക്ഷണത്തിലുണ്ടായിരുന്നത്.
രോഗഭീതിയുടെ പാശ്ചാത്തലത്തില്‍ അടിയന്തിരസാഹചര്യം നേരിടുന്നതിന് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ രണ്ട് മഹാരാഷ്‌ട്രക്കാര്‍ക്ക് പനി റിപ്പോര്‍ട്ട് ചെയ്തതോടെ ഇവരെനീക്കുകയും ദ്വീപില്‍ പ്രവേശന വിലക്കെര്‍പ്പെടുത്തുകയും ചെയ്തു. നിലവില്‍ കോഴിക്കോട് കൊച്ചി നഗരങ്ങളിലായി 100 ഓളം ദ്വീപ് വാസികളുണ്ടെന്നാണ് കണക്ക്. ഇവരും സുരക്ഷിതരാണന്നാണ് അധികൃതര്‍ പറയുന്നത്.
















