ന്യൂദല്‍ഹി: ജെഇഇ മെയിന്‍സ് പരീക്ഷയ്‌ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷയില്‍ ഇഷ്ടപ്പെട്ട പരീക്ഷാകേന്ദ്രങ്ങളുടെ തെരഞ്ഞെടുപ്പില്‍ തിരുത്തലുകള്‍ വരുത്താന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യം ഒരുക്കണമെന്ന് കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രി രമേശ് പൊഖ്‌റിയാല്‍ നിഷാങ്ക് ദേശീയ ടെസ്റ്റിങ് ഏജന്‍സിക്ക് (എന്‍ടിഎ) നിര്‍ദേശം നല്‍കി. കൊറോണ മഹാമാരിയെ തുടര്‍ന്നുള്ള സ്ഥിതിഗതികളും പരീക്ഷാര്‍ത്ഥികള്‍ നേരിട്ട ബുദ്ധിമുട്ടുകളും പരിഗണിച്ചാണ് നടപടി. ഓണ്‍ലൈന്‍ അപേക്ഷയില്‍ മാറ്റം വരുത്താനുള്ള സൗകര്യം സംബന്ധിച്ച് ദേശീയ ടെസ്റ്റിങ് ഏജന്‍സി ഈ മാസം ഒന്നിന് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇതിനു തുടര്‍ച്ചയായി,അപേക്ഷകളില്‍ പരീക്ഷാകേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്ന നഗരങ്ങളുടെ തിരഞ്ഞെടുപ്പില്‍ മാറ്റം വരുത്താനുള്ള സൗകര്യവും കേന്ദ്രമന്ത്രിയുടെ നിര്‍ദേശ പ്രകാരം ഏജന്‍സി ഇന്നലെ ഏര്‍പ്പെടുത്തി.
പരീക്ഷാര്‍ത്ഥികള്‍ അപേക്ഷയില്‍ തെരഞ്ഞെടുത്ത നഗരത്തില്‍ തന്നെ പരീക്ഷാകേന്ദ്രം അനുവദിക്കാന്‍ ഏജന്‍സി ശ്രമങ്ങള്‍ നടത്തും. jeemain.nta.nic എന്ന വെബ്‌സൈറ്റില്‍ ഏപ്രില്‍ 14 വരെ ഈ സൗകര്യം ഉണ്ടായിരിക്കും. ഓണ്‍ലൈന്‍ അപേക്ഷയിലെ തിരുത്തലുകള്‍ വൈകിട്ട് അഞ്ചു വരെയും, ഫീസ് രാത്രി 11.50 വരെയും സ്വീകരിക്കും. ഇതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കോ സ്ഥിരീകരണങ്ങള്‍ക്കോ, 8287471852, 8178359845, 9650173668, 9599676953 , 8882356803 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: