കാലടി : കാലടി ശൃംഗേരി മഠം ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിലെ ചന്ദ്രമൗലീശ്വര മരതകലിംഗം എവിടെ. സംസ്ഥാനത്ത് നടന്നിട്ടുള്ള പല പ്രമാധമായ മോഷണ കേസുകള്‍ക്ക് തുമ്പുണ്ടായെങ്കിലും മരതക ശിവലിംഗം മാത്രം ലഭിച്ചില്ല. മോഷണം നടന്ന് പതിനൊന്ന് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ കേരള പോലീസിന്റെ തെളിയാത്ത കേസുകളില്‍ ഒന്നായിമാത്രം ഫയലുകളില്‍ ഉറങ്ങുന്നു.
2009 മാര്‍ച്ച് 27ന് രാത്രി 12നും 28ന് വെളുപ്പിന് നാലിനുമിടയിലാണ് മരതകലിംഗം മോഷണം പോയിട്ടുള്ളതെന്നാണ് പോലീസിന്റെ നിഗമനം. കോടികള്‍ വിലമതിക്കുന്നതാണ് മരതകലിംഗം. ഒരു കിലോ തൂക്കവും ആറ് ഇഞ്ച് ഉയരവുമുള്ള മരതകലിംഗം അമൂല്യമാണ്. ഇതിന്റെ മൂല്യം കണക്കാക്കാന്‍ പോലുമായിട്ടില്ല. മരതകലിംഗവും 12 കിലോ വരുന്ന വെള്ളി പാത്രങ്ങളും ഭണ്ഡാരത്തിലെ മൂന്ന് ലക്ഷത്തോളം രൂപയുമാണ് മോഷണം പോയത്.
മൈസൂര്‍ മഹാരാജാവ് ശൃംഗേരി ശങ്കരാചാര്യ സ്വാമിക്ക് നല്‍കിയതാണ് ചന്ദ്രമൗലീശ്വര മരതകലിംഗം എന്നാണ് വിശ്വാസം. 1910ല്‍ കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിന്റെ സ്ഥാപനത്തോടനുബന്ധിച്ചാണ് ശ്രീശങ്കരാചാര്യസ്വാമികളുടെ വിഗ്രഹത്തിന് മുമ്പില്‍ മരതകലിംഗം സ്ഥാപിക്കുന്നത്. എല്ലാദിവസവും ചന്ദ്രമൗലീശ്വര പൂജയും നടക്കുമായിരുന്നു. മരതകലിംഗത്തെക്കുറിച്ച് പത്രങ്ങളില്‍ വാര്‍ത്തകള്‍ വന്നതോടെയാണ് മോഷ്ടാക്കളുടെ ശ്രദ്ധയില്‍ വന്നതെന്നാണ് പോലീസ് നിഗമനം.
മോഷണം നടന്നതിന് ശേഷം അന്നത്തെ എറണാകുളം റൂറല്‍ എസ്പി പി.വിജയന്റെ നേതൃത്വത്തില്‍ വലിയ തോതില്‍ അന്വേഷണം നടത്തുകയുണ്ടായി. ഇതിനായി ഒരു ടെമ്പിള്‍ സ്‌ക്വാഡ് തന്നെ രൂപീകരിക്കുകയുണ്ടായി. അന്വേഷണത്തില്‍ മൂന്നൂറോളം മോഷണ കേസുകള്‍ തെളിഞ്ഞു. കോടികള്‍ വിലമതിക്കുന്ന പല വിഗ്രഹങ്ങളും കണ്ടെത്തിയെങ്കിലും മരതകലിംഗം മാത്രം ലഭിച്ചില്ല. കേരള പോലീസിന്റെ ചരിത്രത്തില്‍ ഇത്ര വ്യാപകമായി അന്വേഷണം നടത്തിയ മറ്റൊരു കേസുണ്ടാകുമോയെന്ന് സംശയമാണ്. അമേരിക്കിയിലേക്ക് മോഷ്ടിച്ച വിഗ്രഹങ്ങള്‍ കടത്തുന്ന വന്‍ റാക്കറ്റ് തന്നെ വലയില്‍ കുടുങ്ങിയിരുന്നു. പല വിഗ്രഹങ്ങളും ലഭിച്ചു. അപ്പോഴും മരതകലിംഗം മാത്രം ലഭിച്ചില്ല.
മോഷണം നടന്നിട്ട് 11 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ഒരു ദിവസം കേസ് തെളിയുമെന്നും ചന്ദ്രമൗലീശ്വര മരതകലിംഗം തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലുമാണ് ഭക്തജനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: