മനുഷ്യന്റെ ഇച്ഛാശക്തിക്കു മുന്നില്‍ രോഗവും കീഴടങ്ങും എന്ന് ആധുനികശാസ്ത്രജ്ഞര്‍ തന്നെ തെളിവുനിരത്തി വാദിച്ചുതുടങ്ങിയിട്ടുണ്ട്. The Biology of Belief എന്ന പ്രസിദ്ധമായ പുസ്തകം എഴുതിയ Bruce H. Lipton, Rupert Sheldrake എന്നീ ശാസ്ത്രജ്ഞര്‍ ഈ കാഴ്‌ച്ചപ്പാടിന്റെ ശക്തരായ വക്താക്കളാണ്. ഈ വാദവും മേല്‍പ്പറഞ്ഞ ഹിന്ദു പ്രയോഗശാസ്ത്രങ്ങളും ഫലിക്കുന്നതിന്റെ വിശദീകരണം സത്യത്തില്‍ നമ്മുടെ ആധ്യാത്മികദര്‍ശനത്തിനേ നല്‍കാന്‍ കഴിയൂ.
രണ്ടാമത്തെ തലം വൈചാരികതലമാണ്. ഭക്തിവേദാന്തം, അദ്വൈതവേദാന്തം, ബൗദ്ധം, ജൈനം, സാംഖ്യം തുടങ്ങിയ വിചാരപദ്ധതികളുടെ തലമാണിത്. ശങ്കരദിഗ്വിജയകാവ്യത്തില്‍ ആചാര്യര്‍ മീമാംസകനായ മണ്ഡനമിശ്രന്റെ വീട്ടിലേക്കുള്ള വഴി സാധാരണക്കാരായ വഴിപോക്കരോടു ചോദിക്കുമ്പോള്‍ അവര്‍ നല്‍കുന്ന മറുപടി ശ്രദ്ധേയമാണ്. കൂട്ടില്‍ കഴിയുന്ന തത്തമ്മകള്‍ പരസ്പരം ദാര്‍ശനികസംവാദം നടത്തുന്ന വീടേതോ അതാണ് ആ മഹാപണ്ഡിതന്റെ വാസഗൃഹം (സ്വതഃപ്രമാണം പരതഃപ്രമാണം കീരാംഗനാ യത്ര ഗിരം ഗിരന്തി)എന്നായിരുന്നു അവരുടെ മറുപടി.
അത്തരം സഹജസംവാദമോ അതാതു ദര്‍ശനങ്ങള്‍ ലക്ഷ്യം വെക്കുന്ന പരമപദം പ്രാപിക്കാനോ ഉള്ള പരിശ്രമമോ ഈ തലത്തില്‍ നടക്കുന്നുണ്ടോ എന്നു സംശയം തോന്നുന്നു. വേദാന്തപ്രഭാഷണങ്ങളിലാണ, ഈ തലത്തിലെ പല ആചാര്യന്മാര്‍ക്കും ആസക്തി എന്നു തോന്നുന്നു. സ്വയം മാതൃകയാകുന്നതിനു പകരം മറ്റുള്ളവരെ ഉപദേശിക്കലും ഉദ്ബോധിപ്പിക്കലുമായി ഇക്കൂട്ടര്‍ ജീവിതം കഴിച്ചുകൂട്ടുന്നു. അവ മിക്കപ്പോഴും പുരാണപാരായണക്കാരുടെ ഹരികഥാകാലക്ഷേപം പോലെയുള്ള ബ്രഹ്മകഥാകാലക്ഷേപം എന്ന ചടങ്ങായി മാറുന്നില്ലേ എന്നു ശങ്കിച്ചു പോകുന്നു. ആ ദര്‍ശനങ്ങളുടെ പരമ്പരയിലേക്ക് പ്രാപ്തരായ ഹിന്ദുയുവതീയുവാക്കളെ ആകര്‍ഷിക്കാന്‍ ആചാര്യന്മാര്‍ക്കു കഴിയുന്നില്ല എന്നതാണു സത്യം. എന്നാല്‍ അതികഠിനമായ ജൈനസന്ന്യാസമാര്‍ഗത്തിലേക്ക് ആ ഹിന്ദുസമൂഹത്തിലെ ധനാഢ്യരും ഉന്നതവിദ്യാഭ്യാസം നേടിയവരും ഉയര്‍ന്ന ഔദ്യോഗികപദവികള്‍ വഹിക്കുന്നവരും പ്രതിഭാസമ്പന്നരുമായ യുവതീയുവാക്കള്‍ പോലും ഇക്കാലത്തും പ്രവേശിക്കുന്നതായി വാര്‍ത്തകള്‍ കാണാം. അടുത്തിടെ BBC വരെ ഈ വാര്‍ത്തപ്രാധാന്യത്തോടെ സംപ്രേഷണം ചെയ്യുകയുണ്ടായി. ഹിന്ദുബൗദ്ധരുടെ സ്ഥിതി ഈ ലേഖകനു വ്യക്തമായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ദലായ്ലാമ നയിക്കുന്ന ബൗദ്ധവിഭാഗം ആധ്യാത്മികകാര്യങ്ങളില്‍ വളരെ ശ്രദ്ധാലുക്കളാണ്. അവര്‍ക്കും മേല്‍പ്പറഞ്ഞ ഒന്നാം തലത്തിനു സദൃശമായ തലമുണ്ടെങ്കിലും
ആധ്യാത്മികതയുടെ ഉന്നതതലങ്ങളെപ്പറ്റി അവര്‍ തീവ്രമായ പഠനഗവേഷണങ്ങളില്‍ വ്യാപൃതരാണ്. ബോധവും ദ്രവ്യവും എന്ന വിഷയത്തില്‍ പാശ്ചാത്യനാടുകളിലേയും ഭാരതത്തിലേയും ആധുനികശാസ്ത്രപണ്ഡിതന്മാരുമായി അവര്‍ നിരന്തരം സംവദിക്കുകയും ചെയ്യുന്നുണ്ട്. വൈദികഹിന്ദുക്കളുടെ ഇടയിലാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ആലസ്യം കാണുന്നത്. നാലു വേദങ്ങള്‍, ആറു വേദാംഗങ്ങള്‍, മീമാംസാ, ന്യായം, ധര്‍മ്മശാസ്ത്രം,
പുരാണം എന്നീ ചതുര്‍ദശ (പതിന്നാല്) വിദ്യകളുടെ അടിസ്ഥാനത്തിലുള്ള ആചാരാനുഷ്ഠാനങ്ങള്‍ പിന്തുടരുന്നവരാണ് വൈദികഹിന്ദുക്കള്‍. ഇക്കൂട്ടത്തില്‍ പെട്ടവരാണ്ബഹുഭൂരിപക്ഷം ഹിന്ദുക്കളും. മേല്‍വിവരിച്ച ഒന്നാമത്തെ തലത്തിലാണ് ഈ ഹിന്ദുവിഭാഗത്തിലെ മിക്കവാറും ജനങ്ങള്‍ താല്‍പര്യം കാണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: