ന്യൂദല്‍ഹി: കോവിഡ് വൈറസ് വ്യാപനത്തില്‍ വിവാദമായ ദല്‍ഹിയിലെ തബ് ലീഗി ജമാഅത്തിന്റെ കീഴിലുള്ള നിസാമുദ്ദീന്‍ മര്‍ക്കസ് അനധികൃത നിര്‍മാണമാണെന്ന റിപ്പോര്‍ട്ടുമായി ദേശീയ മാധ്യമങ്ങള്‍. ഇന്ത്യ ടിവിയാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവസാനിച്ച ശേഷം അനധികൃത കെട്ടിടം ചിലപ്പോള്‍ സൗത്ത് ദല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷന് പൊളിച്ചേക്കുമെന്നും ഇവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കെട്ടിടത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഇപ്പോള്‍ കോര്പ്പേറഷന് പരിശോധിച്ചു വരികയാണ്. മര്‍ക്കസിന്റെ ഒമ്പതു നിലയുടെ നിര്‍മാണ സമയത്തു തന്നെ പരിസരവാസികളായ നിരവധി പേര് ഇതിനെതിരേ അധികൃതര്‍ക്കു പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. മര്‍ക്കസ് ഇതുവരെ കെട്ടിട നികുതിയും ഭൂനികുതിയോ അടച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മര്‍ക്കസിന്റെ രണ്ടു നിലകള്‍ ഒഴിച്ചു ബാക്കിയെല്ലാം മുന്‍സിപ്പല്‍ കോര്പ്പറേഷന് പൊളിച്ചു നീക്കുമെന്നും ഇന്ത്യ ടിവി പറയുന്നു.
നിസാമുദ്ദീന്‍ മര്‍ക്കസ് നിര്‍ക്കുന്ന ഭൂമിക്ക് ഒരു ഉടസ്ഥാവകാശ സര്‍ട്ടിഫിക്കെറ്റും മര്‍ക്കസ് നേതാക്കള്‍ക്ക് നല്‍കിയിട്ടില്ലെന്നും മുന്‍സിപ്പല്‍ അധികൃതര്‍ വ്യക്തമാക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇപ്പോള്‍ മര്‍ക്കസ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് രണ്ടു നിലകളുള്ള മദ്രസയ്ക്കുള്ള പ്ലാനിന് ആണ് മുനിസിപ്പല്‍ കോര്പ്പേറഷന് അനുമതി നല്‍കിയത്. എന്നാല്‍, ഇതിനോട് ചേര്‍ന്നുള്ള ഭൂമി കൂടി ഉള്‍പ്പെടുത്തി രണ്ടു നിലകള്‍ക്കു മുകളില്‍ ഏഴു നിലകള്‍ കൂടി പണിതു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. മുന്‍പ് പലതവണ മര്‍ക്കസ് നിര്‍മാണത്തിന്റെയും ഭൂമിയുടേയും ഉടമസ്ഥാവകാശ രേഖകള്‍ കോര്പ്പറേഷന് ആവശ്യപ്പെട്ടെങ്കിലും മര്‍ക്കസ് നേതാക്കള്‍ അതു സമര്‍പ്പിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. ഇപ്പോള്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള വിവാദമൂലമാണ് കെട്ടിടം സംബന്ധിച്ച കൂടുതല്‍ പരിശോധനകള്‍ക്ക് കോര്പ്പറേഷന് ഉദ്യോഗസ്ഥര്‍ മുതിര്‍ന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: