കാസര്‍കോട്: കാസര്‍കോട്ട് കോവിഡ് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 10000 കടന്നു. ജില്ലയില്‍ 10,232 പേരാണ് വീടുകളിലും ആശുപത്രികളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 10,201 പേരും വീടുകളിലാണ് കഴിയുന്നത്. 177 പേര്‍ മാത്രമാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്.
ഇന്നലെ വരെ രോഗബാധ സ്ഥിരീകരിച്ച 128 പേരില്‍ മൂന്ന് ഗര്‍ഭിണികളും 15 വയസിന് താഴെയുള്ള അഞ്ച് കുട്ടികളും ഉണ്ട്. മൂന്ന് ഗര്‍ഭിണികളില്‍ രണ്ട് പേരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഒരാളെ കാഞ്ഞങ്ങാട് ലക്ഷ്മി മേഘന്‍ ആശുപയിലുമാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. ഇവരെല്ലാം പൂര്‍ണ ആരോഗ്യവതികളാണെന്ന് കാസര്‍കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എ.വി രാംദാസ് പറഞ്ഞു.
രോഗികളുമായുള്ള സമ്പര്‍ക്കം വഴിയാണ് ഇവരില്‍ രോഗം പടര്‍ന്നത്. 15 വയസില്‍ താഴെയുള്ള അഞ്ച് കുട്ടികളില്‍ രണ്ട് കുട്ടികള്‍ രണ്ട് വയസ് പ്രായമുള്ളവരാണ്. രണ്ട് കുട്ടികള്‍ 11 വയസുകാരാണ്. ഒരാള്‍ക്ക് പ്രായം 15 ആണ്. 17 വയസുള്ള കൗമാരക്കാരനും കോവിഡ് ബാധിതരുടെ കൂട്ടത്തിലുണ്ടെന്ന സൂചനയും പുറത്ത് വന്നിട്ടുണ്ട്. നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരില്‍ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്.
ജില്ലയില്‍ ആദ്യം കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചൈനയിലെ വുഹാനില്‍ നിന്നെത്തിയ ഒരാളുടെ രോഗം മാത്രമാണ് പൂര്‍ണമായും ഭേദമായത്. ഇയാള്‍ ആശുപത്രി വിട്ടിട്ടുണ്ട്. ചെമ്മനാട്, മധൂര്‍, മൊഗ്രാല്‍പുത്തൂര്‍, ചെങ്കള, പള്ളിക്കര, ഉദുമ പഞ്ചായത്തുകളിലും കാസര്‍കോട് നഗരസഭയിലുമാണ് കോവിഡ് ബാധിതരില്‍ കൂടുതല്‍ പേരുമുള്ളത്. ഈ സ്ഥലങ്ങളിലെല്ലാം കര്‍ശന മുന്‍കരുതലുകളാണ് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും സ്വീകരിച്ചിട്ടുള്ളത്.
















