കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിലെ മത്സ്യവില്‍പ്പന കേന്ദ്രങ്ങളില്‍ നിന്ന് 120 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു. ആരോഗ്യവകുപ്പും നഗരസഭയും റവന്യൂവകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പഴകിയതും ഫോര്‍മാലിന്‍ ഉള്‍പ്പെടെ മാരക രാസവസ്തുക്കള്‍ കലര്‍ത്തി വില്ക്കാന് വച്ചിരുന്ന 120 കിേലാ ചൂര, കോര, ചെങ്കലവ തുടങ്ങിയ ഇനം മത്സ്യങ്ങള്‍ പിടിച്ചെടുത്തത്. ഇവ പിന്നീട് നശിപ്പിച്ചു. പുള്ളിമാന്‍ ജംഗ്ഷനില്‍ നിന്നും 65 കിലോയും പുതിയകാവില്‍ നിന്നും 55 കിലോ മത്സ്യവുമാണ് പിടിച്ചെടുത്തു നശിപ്പിച്ചത്.
ഫുഡ് സേഫ്റ്റി ഇന്‍സ്പെക്ടര്‍ അഞ്ജു, നഗരസഭ എച്ച് ഐ മുഹമ്മദ് ഫൈസല്‍, റവന്യൂ എച്ച് ഐ അഷറഫ്, ബിനീഷ് കുമാര്‍, പബ്ലിക് ഹെല്‍ത്ത് ജെഎച്ച്ഐമാരായ അജയന്, അഷറഫ് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. പിടിച്ചെടുത്ത മത്സ്യത്തില്‍ മനുഷ്യന്റെ ആന്തരിക അവയവങ്ങള്‍ തകരാറിലാക്കാന്‍ പറ്റുന്ന വിധത്തിലുള്ള മാരക കീടനാശിനികളാണ് ഉപയോഗിച്ചിരുന്നതെന്നും തുടര്‍ന്നുള്ള ദിവസങ്ങളില്‍ പരിശോധന ശക്തമാക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: