ജനീവ: കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആഗോളതലത്തില്‍ 28,000 കടന്നു. രോഗബാധിതരുടെ എണ്ണം ആറേകാല്‍ ലക്ഷത്തോളവും.
ഇന്നലെ മാത്രം ആയിരത്തിലധിരം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 1,37,364 പേര്‍ക്ക് രോഗം ഭേദമായി. 24,016 പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച അമേരിക്കയില്‍ 2,538 പേര്‍ക്ക് മാത്രമാണ് രോഗം ഭേദമായത്. 2,494 പേരുടെ നില ഗുരുതമാണ്.
ചൈനയില്‍ 54 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതര്‍ 81,394 ആയി. മൂന്ന് പേര്‍ കൂടി മരിച്ചു. ബ്രിട്ടനില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 17,000 കടന്നു. 1,020 മരണം റിപ്പോര്‍ട്ട് ചെയ്തു.
ദക്ഷിണ കൊറിയയില്‍ ആകെ വൈറസ് ബാധിതരായ 9,478 പേരില്‍ 4,811 പേര്‍ക്ക് രോഗം ഭേദമായി. 4,523 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. 59 പേര്‍ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്.
ഇറാനില്‍ 35,408 പേര്‍ക്കാണ് കൊറോണ കണ്ടെത്തിയത്. 2,517 പേര്‍ മരിച്ചു. സ്വിറ്റ്സര്‍ലന്‍ഡില്‍ 13,337 പേര്‍ക്ക് കൊറോണ ബാധിച്ചു. 242 പേര്‍ മരിച്ചു. 1,530 പേര്‍ക്ക് രോഗം ഭേദമായി. 203 പേരുടെ നില ഗുരുതരമാണ്.
9,762 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച നെതര്‍ലന്‍ഡ്സില്‍ 639 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 761 പേര്‍ ഗുരുതരാവസ്ഥയിലാണ്. പാക്കിസ്ഥാനില്‍ കൊറോണ ബാധിതരുടെ എണ്ണം 1,415 കടന്നു. പതിനൊന്ന് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏഴ് പേരുടെ നില ഗുരുതരമാണ്.
വിറങ്ങലിച്ച് പാശ്ചാത്യ ലോകം
ന്യൂയോര്‍ക്ക്: കൊറോണ വ്യാപനം ശക്തമായതോടെ ഭയന്ന് വിറച്ച് പാശ്ചാത്യ ലോകം. അമേരിക്കയും ഫ്രാന്‍സും ജര്‍മനിയും സ്പെയ്നും ഇറ്റലിയുമെല്ലാം കൊറോണ എന്ന മഹാമാരിക്കു മുന്നില്‍ പകച്ചുനില്‍ക്കുകയാണ്.ആദ്യ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത് രണ്ട് മാസത്തിനുള്ളില്‍ അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു (1,05,161). 1,588 പേര്‍ മരിച്ചു. 24 മണിക്കൂറിനിടെ മരിച്ചത് 402 പേര്‍.
ന്യൂയോര്‍ക്കിലും വാഷിങ്ടണിലും രോഗം പിടിമുറുക്കി. ഷിക്കാഗോയിലും ന്യൂ ഓര്‍ലിയന്‍സിലും രോഗബാധിതരുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നു. ആദ്യ രോഗികളെ പരിചരിച്ചവരെ ചികിത്സിക്കുന്നതിന് ആവശ്യമായ ഉപകരണങ്ങളോ അവ കണ്ടെത്താനുള്ള വഴിയോ മുന്നിലില്ലെന്നാണ് 213 നഗരങ്ങളിലെ മേയര്‍മാരും പറയുന്നത്. ഒരാഴ്ച മുന്‍പ്
350 പേര്‍ക്ക് മാത്രം കൊറോണയുണ്ടായിരുന്ന മിഷിഗനില്‍ രോഗികളുടെ എണ്ണം മൂവായിരം കടന്നു.പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ട് ട്രില്യണ്‍ ഡോളറിന്റെ അടിയന്തര സഹായ പാക്കേജും ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചു. നൂറു ദിവസത്തിനുള്ളില്‍ ഒരു ലക്ഷം വെന്റിലേറ്ററുകള്‍ സ്വന്തമാക്കാനാണ് അമേരിക്കയുടെ പദ്ധതി.
രോഗബാധിതരുടെ എണ്ണത്തില്‍ ഇറ്റലിയും ചൈനയെ മറികടന്നു. 86,498 പേര്‍ക്ക് ഇതുവരെ കൊറോണ സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 969 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ പതിനായിരത്തോടടുത്തു. 10,950 പേര്‍ രോഗത്തില്‍ നിന്ന് മുക്തി നേടി.
യൂറോപ്പില്‍ ഭയാനകമായി കൊറോണ ശക്തിപ്രാപിച്ച രാജ്യങ്ങളിലൊന്നായ സ്പെയ്നില്‍ മരണം 5,696 ആയി. 72,248 രോഗികളുണ്ട്. രോഗനിര്‍ണയത്തില്‍ മുപ്പത് ശതമാനം മാത്രം കൃത്യതയേ ഉള്ളൂ എന്ന് കണ്ടെത്തിയതോടെ ചൈനീസ് പരിശോധനാ കിറ്റുകള്‍ സ്പെയ്ന്‍ പിന്‍വലിച്ചു.
ജര്‍മനിയിലും വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. 53,340 പേര്‍ക്ക് ഇതുവരെ കൊറോണ സ്ഥിരീകരിച്ചു. 399 പേര്‍ മരിച്ചു. രോഗബാധിതരുടെ എണ്ണത്തിലുണ്ടായ കുതിച്ചുകയറ്റം വരും ദിവസങ്ങളില്‍ മരണസംഖ്യയില്‍ വര്‍ധനവുണ്ടാക്കുമെന്നാണ് കണക്കുകൂട്ടല്‍.
ഫ്രാന്‍സില്‍ രോഗികളുടെ എണ്ണം 32,964 കടന്നു. 1,995 പേര്‍ മരിച്ചു. രാജ്യത്തെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സുതാര്യമല്ലെന്ന ആരോപണങ്ങള്‍ക്കിടെ പ്രധാനമന്ത്രിയും ആരോഗ്യമന്ത്രിയും മധ്യമങ്ങളെ കാണാന്‍ തയാറായി. അതേസമയം, സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് നീങ്ങിയതോടെ യൂറോപ്പിലും അമേരിക്കയിലും പരിസ്ഥിതി മലിനീകരണത്തിന്റെ തോത് വളരെയധികം കുറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: