ഹിന്ദുത്വം ഒരു മതമല്ലെന്നും ജീവിതരീതിയാണെന്നുമുള്ള നിര്‍വചനം പ്രശസ്തമാണ്. നിരവധി പണ്ഡിതന്മാരും ചിന്തകന്മാരും ഇക്കാര്യം ആവര്‍ത്തിച്ച് രേഖപ്പെടുത്തിയിട്ടുമുണ്ട്. ഹിന്ദുത്വം ജീവിതരീതിയാണെന്ന് വ്യത്യസ്ത വിധിന്യായങ്ങളില്‍ സുപ്രീംകോടതി പ്രഖ്യാപിച്ചിട്ടുള്ളതാണ്. പക്ഷേ ഹിന്ദുത്വം വര്‍ഗീയവും വിഭാഗീയവുമാണെന്ന സംഘടിതവും ആസൂത്രിതവുമായ പ്രചാരണം ആഗോളതലത്തില്‍തന്നെ ശക്തമാണ്. ഈ പശ്ചാത്തലത്തില്‍ ആര്‍എസ്എസ് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ. നന്ദകുമാര്‍ എഴുതിയ ‘ഹിന്ദുത്വ ഫോര്‍ ചെയ്ഞ്ചിങ് ടൈംസ്’ എന്ന പുസ്തകം ഒരു ചിന്താവിപ്ലവത്തിനു തുടക്കം കുറിക്കും.
വിശാലമായ ചട്ടക്കൂടിലാണ് ഗ്രന്ഥകാരന് തന്റെ വീക്ഷണങ്ങള്‍ അവതരിപ്പിക്കുന്നത്. ഏഴ് വിഭാഗങ്ങളിലായി നൂറിലേറെ വിഷയങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ആശയങ്ങള്‍ക്ക് ചരിത്രപരമായ പിന്‍ബലവും ആവിഷ്കരണരീതിയില്‍ പുതുമയുമുണ്ട്. വ്യക്തിയും സമൂഹവും രാഷ്ട്രവും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് സൂത്രരൂപത്തിലുള്ള ആത്യന്തിക പരിഹാരമല്ല ഗ്രന്ഥകാരന് മുന്നോട്ടുവയ്ക്കാനുള്ളത്. പലയിടങ്ങളിലായി അവ പ്രതിപാദിച്ചിരിക്കുന്നു.
വിവിധ ചിന്തകന്മാരുടെ വിചാരധാരകളെ മുന്‍നിര്‍ത്തി ഹിന്ദുത്വം എന്താണെന്ന് ഗ്രന്ഥകാരന് വിവരിക്കുന്നു. ‘ഹിന്ദുയിസം’ സ്വീകാര്യമായ പലര്‍ക്കും ‘ഹിന്ദുത്വം’ അസ്വീകാര്യമാണ്. എന്നാല്‍ അടഞ്ഞ ചിന്തയെയും വരട്ടുവാദങ്ങളെയും പ്രതിനിധാനം ചെയ്യുന്ന ‘ഇസ’ത്തെക്കാള്‍ ‘ഹിന്ദുനെസ്’ അഥവാ ഹിന്ദുത്വം എന്നതാണ് ഉചിതമായ പരികല്പ്പനയെന്ന് ഗ്രന്ഥകാരന് പറയുന്നു. ”ഹിന്ദുത്വത്തിന് ഒരുവിധത്തിലുള്ള അനിഷ്ടമോ വിദ്വേഷമോ ഇല്ലാതെ ഭാരതീയ ഭൗതികവാദ ചിന്തയുടെ ചാര്‍വാകന്‍ മുന്‍പുള്ളതോ ലോകായത വിഭാഗത്തില്‍പ്പെടുന്നതോ ആയ ആശയങ്ങളെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നു. ലോകത്തെ വിശ്വാസികളെന്നും അവിശ്വാസികളെന്നും വേര്‍തിരിക്കുന്ന തത്വശാസ്ത്രത്തെയാണ് അതിന് ഉള്‍ക്കൊള്ളാനാവാത്തത്.” ജനാധിപത്യം, മതേതരത്വം എന്ന ആശയങ്ങളുമായി എങ്ങനെയാണ് ഹിന്ദുത്വം അനായാസം പൊരുത്തപ്പെടുന്നതെന്ന് ഗാന്ധിജിയുടെ ‘വില്ലേജ് റിപ്പബ്ലിക്’ എന്ന മാതൃക ചൂണ്ടിക്കാണിച്ച്ഗ്രന്ഥകാരന് ആവര്‍ത്തിക്കുന്നു.
ഹിന്ദുത്വത്തിന്റെ പ്രഖ്യാപിത ശത്രുക്കളായി പുതിയ കാലത്ത് രംഗപ്രവേശം ചെയ്തിട്ടുള്ളത് ലെഫ്റ്റ്-ലിബറലുകളാണ്. ”ഒരു രാഷ്ട്രത്തെ വിഷലിപ്തമാക്കാന്‍ അതിന്റെ കഥകളെ വിഷലിപ്തമാക്കിയാല് മതി. ആത്മവീര്യം നശിച്ച രാഷ്ട്രം അതിനോട് പറയുക ആത്മവീര്യമില്ലാത്ത കഥകളായിരിക്കും” എന്ന് നൈജീരിയന്‍ നോവലിസ്റ്റ് ബെന്‍ ഓക്രിയെ ഉദ്ധരിച്ചുകൊണ്ട് ലെഫ്റ്റ്-ലിബറലുകള്‍ എങ്ങനെയാണ് അക്കാദമിക രംഗത്ത് ദേശീയ ചിന്താഗതി പുലര്‍ത്തുന്നവരെ വംശനാശം വരുത്തിയതെന്ന് ഗ്രന്ഥകാരന് വിവരിക്കുന്നു. ഹിന്ദുത്വം അങ്ങേയറ്റം ലിബറലാണെന്നും, എന്നാല്‍ അത് ദുര്‍ബലമാവാന്‍ പാടില്ലെന്നും പുസ്തകം മുന്നറിയിപ്പ് നല്കുന്നു.
പരിസ്ഥിതി സംരക്ഷണത്തിനായി ആര്‍എസ്എസ് പുതിയൊരു പ്രസ്ഥാനത്തിന് രൂപം നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ പൗരാണിക ഭാരതം ഇക്കാര്യത്തില്‍ കാണിച്ച താല്പര്യം ഗ്രന്ഥകാരന് വ്യക്തമാക്കുന്നു. സ്വധര്മത്തിന്റെ ഭാഗമായാണ് ഭാരതീയര്‍ വ്യക്തിശുദ്ധിയെയും സാമൂഹ്യശുദ്ധിയെയും കണ്ടെതെന്നും, ഏതുതരത്തിലുള്ള മലിനീകരണവും ശിക്ഷാര്ഹമായിരുന്നുവെന്നും അര്‍ത്ഥശാസ്ത്രം നിര്‍ദ്ദേശിക്കുന്നത് ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. ആധുനികകാലത്തെ പാരിസ്ഥിതിക പ്രതിസന്ധി സെമിറ്റിക് മതവീക്ഷണങ്ങള്‍ പരാജയപ്പെട്ടതിന് തെളിവാണെന്നും, ഇതിന് പരിഹാരം നിര്‍ദ്ദേശിക്കാന്‍ മാര്‍ക്സിയന്‍ സമീപനംകൊണ്ട് കഴിയില്ലെന്നും, ഭാരതീയമായ മൂല്യങ്ങളുടെയും ദീനദയാല്‍ ഉപാധ്യായയെപ്പോലുള്ളവരുടെ വീക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ മനുഷ്യരെയും പ്രകൃതിയെയും ഇണക്കുന്ന ഹരിത സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കാനാവുമെന്നും ഗ്രന്ഥത്തില്‍ പറയുന്നു.
മറ്റ് മതവിശ്വാസികളെ യാതൊരു മടിയും കൂടാതെ ഉള്‍ക്കൊള്ളുകയും, അതേസമയം വിഘടനവാദത്തിലേക്ക് നയിക്കുന്ന ബഹുസംസ്കാരത്തിനു പകരം ഹൈന്ദവമായ സാര്‍വലൗകികതയുടെ ചരിത്രവും മഹത്വവും ‘മള്‍ട്ടി കള്‍ച്ചറിസം വേഴ്സസ് ഹിന്ദു യൂണിവേഴ്സലിസം’ എന്ന അധ്യായത്തില്‍ വിവരിക്കുന്നു. ഹിന്ദു രാഷ്ട്രത്തെക്കുറിച്ചും അതിന്റെ ചാലകശക്തിയായ ആര്‍എസ്എസിനെക്കുറിച്ചും വിവിധ ചിന്തകന്മാരുടെ കാഴ്ചപ്പാടുകളിലൂടെ നോക്കിക്കാണുകയാണ് ‘ഹിന്ദുരാഷ്ട്ര: ദി അണ്ചേയ്ഞ്ചിങ് കോള്‍’ എന്ന അധ്യായത്തില്‍. ഇതിന്റെ തുടര്‍ച്ചയായി ദീനദയാല്‍ ഉപാധ്യായയുടെ വീക്ഷണത്തിലൂടെ എന്താണ് ധര്‍മരാജ്യമെന്ന് വ്യക്തമാക്കുന്നു. സമ്പദ്വ്യവസ്ഥയുടെ ഹിന്ദു വീക്ഷണം അവതരിപ്പിച്ചുകൊണ്ട് ഭൗതിക സമൃദ്ധിയോട് മുഖംതിരിഞ്ഞുനില്ക്കുന്നതല്ല ഭാരതത്തിന്റെ പൈതൃകമെന്നും, ബ്രിട്ടീഷുകാരുടെ ആഗമനംവരെ ഭാരതം സുശക്തമായ ഒരു സമ്പദ് വ്യവസ്ഥ തന്നെയായിരുന്നു എന്നും പുസ്തകം സ്ഥാപിക്കുന്നു.
കൊളോണിയല്‍ മനഃസ്ഥിതിയില്‍ നിന്ന് സമൂഹം മോചനം നേടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഗ്രന്ഥകാരന് ഊന്നിപ്പറയുന്നു. ”അപകോളനിവല്ക്കരണത്തിനുള്ള ശ്രമങ്ങളെ കോളനിവല്‍ക്കരണത്തിന്റെ സന്തതികളും, ആ മാനസികാവസ്ഥയുടെ തടവുകാരും എതിര്‍ക്കുകയാണ്. പക്ഷേ നൂറ്റാണ്ടുകള്‍ നീണ്ട അടിമത്വത്തിന്റെ നുകം തകര്‍ക്കാന്‍ അത്യുത്സാഹത്തോടെ ശ്രമിക്കുന്ന ഭാരതത്തിലെ പ്രബുദ്ധമായ യുവത്വം ലക്ഷ്യത്തിലേക്ക് മുന്നേറുകയാണ്” എന്ന ചിത്രം ആവേശദായകമാണ്.
മനുഷ്യരാശിയുടെ ഭാവിയെ നിര്‍മിത ബുദ്ധി ഭരിക്കുന്ന അവസ്ഥയെക്കുറിച്ചും സാമൂഹ്യ ചിന്തകനായ യുവാല്‍ നോവ ഹരാരിയും മറ്റും ചര്‍ച്ച ചെയ്യുന്ന ഡാറ്റായിസം എന്ന യാന്ത്രികതയിലേക്ക് ജീവിതവ്യാപാരങ്ങള്‍ ചുരുക്കുന്നതിനെക്കുറിച്ചും ആശങ്കപ്പെടുന്ന ഗ്രന്ഥകാരന് കൊളോണിയലിസത്തിന്റെ മറ്റൊരു രൂപമായാണ് ഇതിനെ കാണുന്നത്. ‘കേംബ്രിഡ്ജ് അനലിറ്റിക്ക’ എന്ന ഏജന്‍സി സമൂഹമാധ്യമങ്ങളിലെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തി ജനവിധിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ വിവാദം ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു.
അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും അനിഷേധ്യ വസ്തുതകളായി അവതരിപ്പിക്കപ്പെടുന്ന ആഖ്യാനങ്ങള്‍ക്കു പിന്നിലെ ഇടതുപക്ഷ പ്രചാരണത്തെ സിപിഎമ്മിന്റെ കണ്ണൂര്‍ മോഡല്‍ കൊലപാതകങ്ങള്‍ മുന്‍നിര്‍ത്തി തുറന്നുകാട്ടുന്നതാണ് ‘ഫാള്‍സ് നരേറ്റീവ് വേഴ്സസ് റിയാലിറ്റി എ കേരള എക്സ്പീരിയന്‍സ്’ എന്ന അപഗ്രഥനം. കേരളത്തില്‍ അധികാരത്തിന്റെ പിന്‍ബലത്തില്‍ നടക്കുന്ന മാര്‍ക്സിസ്റ്റ് കൊലപാതക രാഷ്ട്രീയത്തിന്റെ അതിശക്തനായ വിമര്‍ശകനും, ഈ വിപത്തിനെക്കുറിച്ച് രാജ്യത്തിന്റെ മറ്റിടങ്ങളിലുള്ളവരെ ബോധവല്‍ക്കരിക്കുന്ന ഇടപെടലുകള്‍ നടത്തുകയും ചെയ്യുന്ന ഗ്രന്ഥകാരന് ഇക്കാര്യത്തില്‍ സ്വരൂപിച്ചിട്ടുള്ള ധാരണകള്‍ ആശയസമരത്തിന്റെ കരുത്തുറ്റ ഉപാധിയാണ്.
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ജീവിതംകൊണ്ട് പോരാടിയ സ്വാതന്ത്ര്യസമര നായകന് വിനായക ദാമോദര്‍ സവര്‍ക്കറെ അപകീര്ത്തിപ്പെടുത്തുത്തുന്ന ഇടതുപക്ഷ പ്രചാരണത്തിനുള്ള മറുപടിയില്‍ സവര്‍ക്കര്‍ക്ക് കേരളവുമായുള്ള ബന്ധത്തെക്കുറിച്ച് പറയുന്നത് പല വായനക്കാര്‍ക്കും പുതിയ അറിവായിരിക്കും. വൈദേശികാക്രമണങ്ങള്ക്കെതിരെ നാട്ടുരാജ്യമായിരുന്ന തിരുവിതാംകൂര്‍ ധീരമായി പൊരുതിയ കുളച്ചല്‍ യുദ്ധത്തെ ഓര്‍മപ്പെടുത്തുന്നതും ഇതുപോലെയാണ്. സാമൂഹ്യ പരിഷ്കരണത്തിന്റെയും രാഷ്ട്രീയ മാറ്റങ്ങളുടെയും കാര്യത്തില്‍ കേരളവുമായി സമാനതകള്‍ ഏറെയുള്ള പശ്ചിമബംഗാള്‍ മമതാ ബാനര്‍ജിയുടെ ഭരണത്തിന് കീഴില്‍ ആപല്‍ക്കരമായ പതനത്തിലെത്തിയിരിക്കുന്നതിന്റെ വിവരണമാണ് ‘റിക്ലെയ്മിങ് ബംഗാള്‍’ എന്ന അധ്യായം.
ഭാരതത്തിന്റെ ദാര്‍ശനിക ചരിത്രത്തില്‍ നിര്‍ണായകസ്ഥാനമുള്ള ആചാര്യനാണ് എട്ടും ഒന്‍പതും നൂറ്റാണ്ടുകളിലായി കശ്മീരില്‍ ജീവിച്ചിരുന്ന അഭിനവഗുപ്തന്. ശങ്കരാചാര്യരെ തുടര്‍ന്ന് അദ്വൈത സിദ്ധാന്തത്തെ തൃപ്തികരമായി വ്യാഖ്യാനിച്ച അഭിനവ ഗുപ്തനെ ശരിയായി പഠിച്ചിരുന്നെങ്കില്‍ ബുദ്ധ-ഹിന്ദു വൈരുദ്ധ്യം ഉണ്ടാകുമായിരുന്നില്ല എന്നാണ് ഗ്രന്ഥകാരന് അഭിപ്രായപ്പെടുന്നത്. ”സമൂഹത്തില്‍ അപസ്വരം വളര്‍ത്താന്‍ ചിലയാളുകള്‍ അഭിനവ ഗുപ്തന്റെ സംഭാവനകളെ അവഗണിക്കുകയും മറികടക്കുകയും ചെയ്തു.” അഭിനവ ഗുപ്തനെക്കുറിച്ച് കൂടുതല്‍ പഠിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ നിരീക്ഷണം വിരല്‍ചൂണ്ടുന്നത്.
മാക്സ്മുള്ളര്‍, അരവിന്ദന്, അര്‍നോള്‍ഡ് ടോയന്‍ബി, വില്‍ഡുറാന്റ് തുടങ്ങിയവരുടെ വീക്ഷണങ്ങളിലൂടെ ഭാരതീയ ജ്ഞാനവ്യവസ്ഥയെക്കുറിച്ചുള്ള പഠനമാണ് ‘ഇന്ത്യന്‍ നോളഡ്ജ് സിസ്റ്റം: ഇന്റഗ്രല്‍ ആന്‍ഡ് എറ്റേര്‍ണല്‍.’ ഈ വിഭാഗത്തില്‍പ്പെടുന്നവയാണ് ‘ഡവലപ്പിങ് വിഷന്‍ ത്രോ വാദ് ആന്‍ഡ് സംവാദ്,’ ‘റിക്ലെയ്മിങ് ഡയലോക് ട്രഡീഷന്‍: റി ഇന്‍വെന്റിങ് ഭാരതീയത’ എന്നീ പ്രബന്ധങ്ങള്‍.
അംബേദ്കറെക്കുറിച്ചുള്ള പഠനാര്‍ഹമായ രണ്ട് ലേഖനങ്ങള്‍ (ഡോ. അംബേദ്കര്‍ ഈസ് ആന്‍ ഐഡിയല്‍ ജേര്‍ണലിസ്റ്റ്, ഡോ. അംബേദ്കര്‍ ഓണ്‍ ഇസ്ലാം ആന്‍ഡ് ക്രിസ്ത്യാനിറ്റി) എന്നിവ ഐതിഹാസികമായ ആ ജീവിതത്തിന്റെ അറിയപ്പെടാത്ത വശങ്ങളെക്കുറിച്ചുള്ളതാണ്. ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയെ വിലയിരുത്തിക്കൊണ്ട് ബെംഗളൂരുവിലെ രാഷ്ട്രോസ്ഥാന യോഗ സെന്ററില്‍ ഗ്രന്ഥകാരന് നടത്തിയ പ്രസംഗവും (ഇംപോര്‍ട്ടന്‍സ് ഓഫ് ശബരിമല വെര്‍ഡിക്റ്റ്), അയോധ്യയിലെ രാമജന്മഭൂമി നിര്‍മാണത്തിന് വിട്ടുനല്‍കിക്കൊണ്ടുള്ള അഞ്ചംഗ സുപ്രീംകോടതി ബെഞ്ചിന്റെ വിധിയുടെ സാംസ്കാരികവും ചരിത്രപരവുമായ വിധിയോടുള്ള പ്രതികരണവും (അയോധ്യ വെര്‍ഡിക്റ്റ്: ടൈം ടു മൂവ് ഓണ്‍) ഉള്ളടക്കത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
ഉള്ളടക്കത്തെക്കുറിച്ചും ഗ്രന്ഥകാരനെക്കുറിച്ചും ആധികാരികമായി വിലയിരുത്തുന്നതാണ് ഇന്ന് ആഗോളതലത്തില്‍ അറിയപ്പെടുന്ന ഭാരതീയ ചിന്തകനായ വാമദേവ ശാസ്ത്രിയുടെ (ഡേവിഡ് ഫ്രോളി)അവതാരിക. ഒരേ സമയം ഹിന്ദുത്വം എന്ന കാലാതീതമായ വിചാരധാരയെക്കുറിച്ചും, അതിന്റെ കാലാനുസൃതമായ പ്രസക്തിയെക്കുറിച്ചും ഉള്‍ക്കാഴ്ചകള്‍ പകര്ന്നുനല്കുന്നുവെന്നതാണ് ഈ ഗ്രന്ഥത്തിന്റെ വൈശിഷ്ട്യം. സംഘാടകന്‍, ചിന്തകന്‍, പ്രഭാഷകന്‍ എന്നീ നിലകളിലൊക്കെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള ഗ്രന്ഥകാരന്റെ മൂല്യവത്തായ സംഭാവനയാണ് ഈ ഗ്രന്ഥരചന.
പ്രസാധകരായ ഇന്‍ഡസ് സ്ക്രോള്‍സ് പ്രസ് ആശയസമരത്തിന്റെ മേഖലയില്‍ ശരിയായ ഒരു ചുവടുവയ്പാണ് നടത്തിയിരിക്കുന്നത്. ഈ ദിശയില്‍ കൂടുതല്‍ ഇടപെടലുകള്‍ക്കുള്ള പ്രചോദനവുമാണ് ഈ പുസ്തകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: