അണിയറയുടെ ഇരുളില്‍നിന്നും ദീപ്തമായ അരങ്ങിലേക്കുള്ള പ്രവേശം-ഇവിടെ നാടകമാരംഭിക്കുന്നു; ജീവിതവും. അമ്മയുടെ ഗര്ഭപാത്രത്തിനുള്ളിലെ ഒമ്പതു മാസത്തെ വികാസപരിണാമങ്ങള്ക്കുശേഷം ജീവിതത്തിന്റെ അരങ്ങിലേക്കു പിറന്നുവീഴുമ്പോഴുള്ള ഒരു കുഞ്ഞിന്റെ വിഭ്രാന്തി-അതാണ്-അതുതന്നെയാണ് ഏറെ നാളത്തെ പരിശീലനത്തിനുശേഷം അരങ്ങിലേയ്ക്കെത്തുന്ന ഒരു നടന്റെ വിഭ്രാന്തി. ആട്ടം കഴിഞ്ഞ് അണിയറയിലെത്തുമ്പോള് നടനുണ്ടാകുന്ന ആത്മസംതൃപ്തിക്ക് ആര്‍ക്കും വില നിശ്ചയിക്കാനാവില്ല. അരങ്ങില്‍ നില്ക്കുമ്പോള് അവനുകിട്ടുന്ന അംഗീകാരങ്ങളും അഭിനന്ദനങ്ങളും കിട്ടുന്ന തുച്ഛമായ ശമ്പളത്തേക്കാള്‍ എത്രയോ മടങ്ങ് വലുതാണ്. അങ്ങനെ ആത്മസംതൃപ്തി മാത്രം സമ്പാദ്യമായുള്ള ഭൂരിപക്ഷം നാടക നടീനടന്മാരാണ് ഇന്ന് മലയാള പ്രൊഫഷണല്‍ നാടകത്തിന്റെ നട്ടെല്ലായി നിലനില്‍ക്കുന്നത്. അവര്‍ക്ക് താരപരിവേഷമില്ല-വെറും ‘നാടകക്കാര്.’
പകലുകള്‍ നാടകവണ്ടിയിലെ യാത്ര; രാത്രിയില്‍ നാടകം. അച്ഛന് മരിച്ചാലും അമ്മ മരിച്ചാലും ഭാര്യ ആശുപത്രിയില്‍ ആണെങ്കിലും മക്കള്‍ക്ക് വയ്യാതായാലും, എല്ലാം ഉള്ളിലൊതുക്കി അരങ്ങില്‍ വേഷംകെട്ടി ആടേണ്ടിവരുന്ന നാടകകലാകാരന്. അവന് ‘ലീവ്’ ഇല്ല. ലീവ് എടുത്താല്‍ നാടകം നടക്കില്ല. ഭീമമായ തുക സംഘാടകര്‍ക്ക് നഷ്ടപരിഹാരം കൊടുക്കേണ്ടിവരും. അതുകൊണ്ട് വ്യക്തിപരമായ എല്ലാ പ്രയാസങ്ങളും മാറ്റിവെച്ച് അവന് അല്ലെങ്കില്‍ അവള് രംഗത്തെത്തി മറ്റൊരു വ്യക്തിയായി ആടിത്തിമര്‍ക്കുന്നു. ഈ ജീവിതസംഘര്‍ഷം അടുത്തറിഞ്ഞ എത്രപേര്‍ നമ്മുടെ സമൂഹത്തിലുണ്ട്.
സിനിമ-സീരിയല്‍-മിമിക്രി-മറ്റു ചാനല്‍ കലാകാരന്മാര്ക്കു കിട്ടുന്ന അംഗീകാരവും അന്വേഷണവും നാടക നടന്മാര്ക്ക് ഇന്നും കിട്ടുന്നില്ല. അര്‍ഹിക്കുന്ന അംഗീകാരം പോലും പലപ്പോഴും പലകാരണല് പേരില്‍ പലര്‍ക്കും നഷ്ടമാകുന്നു. എങ്കിലും ജീവിതത്തിന്റെയും നാടകത്തിന്റെയും അരങ്ങില്‍ എപ്പോഴും സജീവമാകുന്നു നാടക കലാകാരന്മാര്. കേരളം നാടകത്തിന്റെ വളക്കൂറുള്ള മണ്ണായിട്ട് ഒരു നൂറ്റാണ്ടിലേറെ കാലമായി. കാരണം പ്രതികരണശേഷിയുള്ള എഴുത്തുകാരും സാമുഹ്യപ്രവര്‍ത്തകരും അവരുടെ ആശയവിനിയമത്തിന് നാടകം എന്ന കലാരൂപത്തെ തിരഞ്ഞെടുത്തു. സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ വിപ്ലവങ്ങള്‍ക്ക് വീര്യം പകരാന്‍ നാടകത്തിനു സാധിക്കും എന്ന് അവര്‍ മനസ്സിലാക്കി. ഇന്നു കാണുന്നപോലെ അരങ്ങിനെ അവര്‍ വര്ണക്കാഴ്ചയ്ക്കുള്ള ഇടമാക്കുകയല്ല ചെയ്തത്, മറിച്ച് വളരെ ഗൗരവമുള്ള സാമൂഹ്യപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വേദിയാക്കുകയായിരുന്നു. അയതിലൂടെയുള്ള ബോധവല്‍ക്കരണമായിരുന്നു അവരുടെ ലക്ഷ്യം. കലയ്ക്ക് സാമൂഹ്യപ്രതിബദ്ധത േവണം എന്ന് ശഠിച്ചവര്‍, അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ തൂലിക ചലിപ്പിച്ച്, അരങ്ങിലേക്ക് അവതരിപ്പിച്ച് ഫലിപ്പിച്ച്, സര്‍ഗസൃഷ്ടിയെ ഒരു സമൂഹത്തിന്റെ ഭാഗമാക്കി മാറ്റിയ ഒരു ഹിമാലയന്‍ ടാസ്ക്ക്.
* വി ടി യും എംആര്‍ബിയും തുടങ്ങിവച്ച സമുദായ വിപ്ലവം ‘അടുക്കളയില്‍ നിന്നും അരങ്ങത്തേയ്ക്ക്’
* സമുദായം, എട്ടുകെട്ടിലും നാലുകെട്ടിലും തടവറയിലാക്കിയ നമ്പൂതിരി സ്ത്രീവര്‍ഗം. അവരുടെ സാമൂഹ്യസമത്വത്തിനുവേണ്ടി നാടകത്തിലൂടെ പ്രതികരിച്ചപ്പോള്‍ കേരള സമൂഹം ആ സമുദായ വിപ്ലവത്തെ നെഞ്ചോടുചേര്‍ത്തു. പുതിയൊരു ചിന്തയിലേക്ക് കേരള മനസിനേയും മനസാക്ഷിയേയും ദിശതിരിച്ചുവിടാന്‍ ആ നാടകത്തിനു സാധിച്ചു.
* അതുപോലെ, ജന്മികുടിയില് ബന്ധം അതിന്റെ ഏറ്റവും മ്ലേച്ഛമായ അവസ്ഥയില്‍ എത്തിച്ചേര്‍ന്ന 19-ാം നൂറ്റാണ്ട്-അടിയാളന്മാരെ അടിമകളായി അകറ്റിനിര്‍ത്തി, വരേണ്യവര്‍ഗം, ജാതിക്കോലം കെട്ടി താണ്ഡവമാടിയ കാലം. ചങ്ങമ്പുഴയുടെ ‘വാഴക്കുല’യുടെ കാലം! സവര്‍ണമേധാവിത്വത്തിനെതിരെ പോരാടാന്‍, അടിമകളായി ജീവിച്ചു പോന്ന താഴ്ന്നജാതിക്കാര്‍ക്ക് ഊര്‍ജം പകര്‍ന്ന വിപ്ലവചിന്തയുടെ കാലം. ‘കമ്യൂണിസം’ എന്ന ‘റഷ്യന്‍ ആശയം” നമ്മുടെ കൊച്ചുകേരളത്തിലെ കുടിലുകളില്‍ മുളപൊട്ടിവിരിഞ്ഞ കാലം. ആ കാലഘട്ടത്തോട് ചേര്‍ന്നുനിന്ന് ചെങ്കൊടി പാറിക്കാന്‍ കേരള സമൂഹത്തോട് ആഹ്വാനം ചെയ്തത് നാടകമാണ്. കേരള സമൂഹം അടുത്തറിയുന്ന ആ ചരിത്രം ഇന്ന് ഏതവസ്ഥയില്‍ നില്ക്കുന്നു. അന്നു വിപ്ലവം തുടങ്ങിവെച്ച നാടകസമിതികള്‍ ഇന്നുമുണ്ട്-ആ സമിതികള്‍ ഇപ്പോള്‍ വര്‍ഷം തോറും പടച്ചുവിടുന്ന നാടകങ്ങള്‍ എന്തു വിപ്ലവത്തിനാണ് ആഹ്വാനം ചെയ്യുന്നത്. അവര്‍ സ്വയം വിലയിരുത്തേണ്ടതാണ്. കമ്യൂണിസം പറഞ്ഞു നടന്നാല്‍ ‘കാശു’ കിട്ടില്ല എന്ന് നേതാക്കളെപ്പോലെ അവര്‍ക്കും അറിയാം. ഇപ്പോള്‍ എല്ലാം ‘ഉദരനിമിത്തം’.
* 80കൡ നിറഞ്ഞാടിയ ‘പ്രൊഫഷണല്‍ നാടകം’ ഇന്നെവിടെ നില്ക്കുന്നു. നാടകത്തെ കേരള ജനത നെഞ്ചോടുചേര്‍ത്ത ഒരു കാലമുണ്ടായിരുന്നു. അന്ന് 350 മുതല്‍ 375 പ്രോഗ്രാം ഒരു വര്‍ഷം കിട്ടുമായിരുന്നു നല്ലൊരു നാടകത്തിന്. ഇന്ന് അത് 150-200 ആയി ചുരുങ്ങി. ഈ ഒരൊറ്റ കണക്കുമതി കേരളത്തിലെ നാടകത്തിന്റെ അവസ്ഥ മനസ്സിലാക്കാന്‍.
* 1970 മുതല്‍ 90 വരെ പ്രൊഫഷണല്‍ നാടകങ്ങള്‍ക്കു പുറമെ അമേച്വര്‍ നാടകരംഗവും കേരളത്തില്‍ സജീവമായിരുന്നു. നാട്ടിലെ ചെറുപ്പക്കാര്‍ ചേര്‍ന്നവതരിപ്പിക്കുന്ന കൊച്ചുകൊച്ചു നാടകങ്ങള്‍. അതില്‍ നിന്ന് ഉയര്‍ന്നുവരുന്ന കുറെ കലാകാരന്മാര്, കവികള്‍-സംഗീതസംവിധായകര്‍, ഗായകര്‍. ശബ്ദ-വെളിച്ച വിദഗ്ദ്ധര്‍, മേക്കപ്മാന്മാര്. അവരില്‍ പലരും പിന്നീട് സിനിമാരംഗത്ത് പ്രഗത്ഭരായി, പ്രശസ്തരായി-ഇപ്പോഴും അവരില്‍ ചിലരൊക്കെ ബഹുമതികള്‍ വാരിക്കൂട്ടി ആ രംഗത്ത് തുടരുന്നു.
* ആ കാലത്തിന് ക്രമേണ മാറ്റം വന്നു. 2000നുശേഷം-അമേച്വര്‍ നാടകരംഗവും അപ്രത്യക്ഷപ്പെടാന്‍ തുടങ്ങി. കുറെയായപ്പോള്‍ പ്രൊഫഷണല്‍ നാടകവും.
* ടി വി ചാനലുകള്‍, ഒരു പരിധിവരെ വേദിയ്ക്കു മുന്നില്‍ വന്നിരുന്ന പ്രേക്ഷകനെ വീട്ടില്‍ തളച്ചിടാനുള്ള ‘പൈങ്കിളി’ പ്രോഗ്രാമുകള്‍ ആരംഭിച്ചു വിജയിച്ചു.
* മുന്‍പ് അത്തരം കഥകള്‍ ആഴ്ചപ്പതിപ്പുകളില്‍ വരുമ്പോള്‍ കേരള സമൂഹം പുച്ഛിച്ചു ‘പൈങ്കിൡ സാഹിത്യ’മെന്ന്. പക്ഷെ ആ പൈങ്കിളി വായനാശീലം വളര്‍ത്തുന്നതില്‍ വഹിച്ച പങ്ക് നാം ഇപ്പോള്‍ തിരിച്ചറിയുന്നു.
* ഇപ്പോള്‍ ചാനലുകള്‍ കൂടുകയും മത്സരിച്ച് മത്സരങ്ങളും ഒരു ലോജിക്കും ഇല്ലാത്ത കണ്ണീര്‍ക്കഥകളും തമാശകളുമായി പഴയതും പുതിയതുമായ തലമുറയെ ടിവിക്ക് മുന്നില്‍ തളച്ചിട്ടിരിക്കുന്നു.
* ഒരു സാമൂഹ്യപ്രതിബദ്ധതയുമില്ലാത്ത വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ മത്സരിക്കുന്നു. ചില ചാനലുകള്‍ ഏതെങ്കിലും രാഷ്ട്രീയക്കാരന്റെ നാവായി പ്രചാരണങ്ങളും ചര്‍ച്ചകളും ദിവസേന നടത്തുന്നു. എല്ലാം നേരത്തെ പറഞ്ഞ ‘ഉദരനിമിത്തം’.
* നാടകം വ്യത്യസ്തമാകുന്നത് അവിടെയാണ്. ഇന്ന് എണ്ണത്തില്‍ കുറവാണെങ്കിലും ഒരു സിനിമയും സീരിയലും ചര്‍ച്ച ചെയ്യാന്‍ മടിക്കുകയും ഭയക്കുകയും െചയ്യുന്ന വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒത്തിരി നാടകങ്ങള്‍ ഉണ്ടാകുന്നുണ്ട്. പ്രതികരണശേഷിയുള്ള കല ഒന്ന് നാടകം, രണ്ട് കഥാപ്രസംഗം. ഈ രണ്ടു കലകളുടെയും ശക്തി കേരള സമുഹം അനുഭവിച്ചറിഞ്ഞതാണ്.
* നാടകത്തെ കേരള സമൂഹം മാത്രമല്ല അന്ന് സ്നേഹപൂര്‍വ്വം സ്വീകരിച്ചത്. അന്നത്തെ അച്ചടിമാധ്യമങ്ങളും നാടകത്തിന് നല്ല പ്രോത്സാഹനം നല്കി. കാലം മാറി.
സമൂഹത്തിന് പുതിയ ദൃശ്യസംസ്കാരങ്ങള് കാലം സമ്മാനിച്ചപ്പോള്‍ വേദികള്‍ക്കു മുന്നില്‍ നിന്നും ജനം സിനിമാപ്പെട്ടിക്കുമുന്നിലേക്ക് മാറിയിരിപ്പായി. നാട്ടില്‍ ‘പെട്ടി’കള്‍ സുലഭമായപ്പോള്‍ വിരല്‍തുമ്പിലെ വിസ്മയത്തില്‍ നാടും നാട്ടാരും സജീവമായി. വേദികള്‍ക്കു മുന്നിലെ പ്രേക്ഷകരുടെ എണ്ണം ശുഷ്കമായി. വേദികളുടെ എണ്ണം കുറഞ്ഞു. നാടകങ്ങള്‍ ഒരമ്പലത്തില് അല്ലെങ്കില്‍ പള്ളികളില്‍ പേരിനൊരെണ്ണം എന്ന അവസ്ഥയിലായി. പുതിയ ദൃശ്യവിരുന്നുകള്‍ മാത്രമല്ല, നാടകത്തെ പിറകോട്ടു വലിച്ചത്. നാടകം പഴയതുപോലെ രാത്രി 10 മണിക്കും ഒരുമണിക്കും അവതരിപ്പിച്ചാല്‍, വീടുപൂട്ടിയിട്ട് വന്ന് സ്റ്റേജിന്റെ മുന്നില്‍ മനസ്സമാധാനമായി ഇരിക്കുവാന് പറ്റാത്ത സാമൂഹ്യാന്തരീക്ഷം.
* മറ്റൊന്ന് സാമൂഹ്യവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന നാടകത്തോട് പുതിയ തലമുറയുടെ വിമുഖത.
ഗാനമേളയും മിമിക്സ് പരേഡും സിനിമാറ്റിക് ഡാന്‍സും അവരുടെ മനസ്സിനെ കീഴടക്കി. ഇത്തരം വര്‍ണവിസ്മയ പ്രോഗ്രാമുകള്‍ വേദികള്‍ അടക്കിവാഴാന്‍ തുടങ്ങി. അപ്പോഴും നാടകം പിടിച്ചുനിന്നു. നൂറോളം വരുന്ന നാടക സമിതികളില്‍ പലതും നിര്‍ത്തിവയ്ക്കേണ്ട അവസ്ഥയായി. ഫൈന്‍ ആര്‍ട്സ് സൊസൈറ്റികളും ക്രമേണ ഇല്ലാതായി. കാണികളുടെ എണ്ണം തന്നെയാണ് പ്രശ്നം. വലിയ വലിയ സമിതികള്‍ നിര്‍ത്തിയെങ്കിലും പുതിയ സമിതികള്‍ ധാരാളം വന്നുകൊണ്ടിരുന്നു.
നാടകം കൊണ്ടു ജീവിക്കുന്ന നൂറുകണക്കിന് കലാകാരന്മാരും കലാകാരികളും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്ന അവസ്ഥ. പലരും മറ്റു തൊഴില്‍ മേഖലയിലേക്കു ചേക്കേറി. ഭൂരിപക്ഷവും ഇന്ന് ഓട്ടോറിക്ഷ തൊഴിലാളികളും, പെയിന്റിങ്, പ്ലംബിങ്, പാചകം, ഇലക്ട്രിക്കല്‍ വര്‍ക്ക്സ് തുടങ്ങിയ മേഖലയില്‍ ജോലി ചെയ്യുന്നവരാണ്. കൂട്ടത്തില്‍ സര്‍ക്കാര്‍ ജോലിയുള്ളവരും ചെറിയ ഒരു ശതമാനമുണ്ട്. അത് നാടകത്തിനോടുള്ള അടങ്ങാത്ത അഭിനിവേശംകൊണ്ട് വരുന്നവരാണ്.
നാളുകള്‍ക്കുശേഷം നാടകം വീണ്ടും അല്‍പ്പം സജീവമാകുന്ന ഈ കാലത്ത് മറ്റൊരു ദുരന്തമാണ് അഭിമുഖീകരിക്കേണ്ടിവന്നിരിക്കുന്നത്. പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ ഈ രംഗത്തേക്ക് വരുന്നില്ല. ആണ്‍കുട്ടികള്‍ പിന്നേയും വരുന്നുണ്ട്. ഒരു സീരിയലില്‍ വിളിച്ചാല്‍ ഈ കുട്ടികള്‍ പെട്ടീം കിടക്കയും എടുത്ത് ഉടന്‍ ഓടും. പുതിയ കാലത്തിന്റെ ആവേശം.
അഭിനയത്തില്‍ കഴിവുകാട്ടാനല്ല, പെട്ടെന്ന് പ്രശസ്തിയും പണവും സമ്പാദിക്കാനുള്ള തത്രപ്പാടും അഭിനയത്തിന്റെ ബാലപാഠങ്ങള്‍ അറിയാനുള്ള താല്‍പ്പര്യം പോലും കാണിക്കാതെ നേരെ കേറി ക്യാമറയ്ക്കു മുന്നില്‍ നില്ക്കാന് ഈ കുട്ടികള്‍ക്ക് ഒരു ജാള്യതയുമില്ല.
നാടകത്തില്‍ വന്ന് 20 ദിവസത്തെ റിഹേഴ്സല്‍ അറ്റന്റ് ചെയ്യാന്‍ ഇവര്‍ക്ക് മടിയാണ്. ആ മെനക്കേട് സീരിയലിലോ സിനിമയിലോ വേണ്ടല്ലോ! അതുെകാണ്ട് നഷ്ടം സംഭവിച്ചത് പ്രൊഫഷണല്‍ നാടകരംഗത്തിനാണ്. ഇന്ന് പ്രൊഫഷണല്‍ നാടകത്തില്‍ 20നും 30നും ഇടയ്ക്കു പ്രായമുള്ള ഒരു സ്ത്രീ കഥാപാത്രം എഴുതിവെച്ചാല്‍ അഭിനയിക്കുന്നത് മിനിമം 50 വയസ്സുള്ള (ചിലപ്പോള്‍ 60 വരെയുണ്ട്) ‘യുവതി’കളാണ്. രണ്ടോ മൂന്നോ യഥാര്‍ത്ഥ യുവതികളേ ഇന്ന് പ്രൊഫഷണല്‍ നാടകരംഗത്തുള്ളൂ. ഇത് ഒരുപരിധിവരെ നാടകരചനയേയും, നാടകത്തേയും ബാധിക്കുന്നുണ്ട്.
പ്രൊഫഷണല്‍ നാടകത്തില്‍ സംഭവിച്ച മറ്റൊരു മാറ്റം വളരെ ഗൗരവമുള്ളതാണ്. പണ്ട് സാമൂഹ്യ പ്രതിബദ്ധതകൊട്ടിഘോഷിച്ച നാടകം, ഇന്ന് ഒത്തിരി അനുരഞ്ജനങ്ങള്‍ക്ക് (കോംപ്രമൈസ്) തയ്യാറാകേണ്ടി വന്നിരിക്കുന്നു. രാഷ്ട്രീയ പരാമര്‍ശമോ, ജാതിമത പരാമര്‍ശങ്ങളോ ഉണ്ടായാല്‍ നാടകം കളിക്കാന്‍ അനുവദിക്കാത്ത അവസ്ഥ. ഭരിക്കുന്നവരെ ഭരണത്തെ വിമര്‍ശിക്കാന്‍ സ്വാതന്ത്ര്യമില്ലാത്ത അവസ്ഥ.
അതുകൊണ്ടുതന്നെ ആറേഴ് ലക്ഷം രൂപ മുടക്കി നാടകം ഉണ്ടാക്കുമ്പോള്‍, ആ പണം തിരിച്ചുപിടിക്കാന്‍, ആരേയും നോവിക്കാത്ത ഒരു പ്രൊഡക്ഷന്‍ ഉണ്ടാക്കാന്‍, പ്രൊഡ്യൂസേഴ്സ് നിര്‍ബന്ധിതരാവുന്നു. ‘അഭിപ്രായ സ്വാതന്ത്ര്യം’ എന്ന വാക്കിന് ഇന്ന് പ്രൊഫഷണല്‍ നാടകത്തില്‍ പ്രസക്തിയില്ലാത്ത അവസ്ഥ. അതുകൊണ്ട് അല്‍പ്പം കോമഡി, അല്‍പ്പം സെന്റിമെന്റ്സ്, പിന്നെ ഒരു കൊച്ചുകഥ-ഇങ്ങനെയുള്ള ‘ഫോര്‍മുല’യില്‍ നാടകം പടച്ചുവിടാന്‍ പ്രൊഫഷണല്‍ നാടകക്കാര് നിര്‍ബന്ധിതരാവുന്നു.
ഇതൊക്കെക്കൊണ്ട് സംഭവിച്ചത്, പ്രൊഫഷണല്‍ നാടകത്തിന്റെ പഴയ പ്രതാപത്തിന് ശരിക്കും മങ്ങലേറ്റു. എണ്ണത്തില്‍ ശുഷ്കമായ പ്രേക്ഷകര്‍ക്കു മുന്നില്‍ ‘ഉദരനിമിത്തം’ നാടകം അവതരിപ്പിക്കേണ്ട ഗതികേടിലേക്ക് നാടകക്കാര് എത്തപ്പെട്ടു. ആയിരക്കണക്കിന് വരുന്ന കലാകാരന്മാര് ഇന്ന് പ്രൊഫഷണല്‍ നാടകരംഗത്തുണ്ട്. നാടകം കൊണ്ടുമാത്രം ജീവിക്കുന്നവര്‍. അവര്‍ക്കു വേണ്ടത്ര വേദികള്‍ ഒരുക്കാന്‍ സര്‍ക്കാരും അക്കാദമിയും ശ്രമിച്ചില്ലെങ്കില്‍ വിദൂരമല്ലാത്ത നാളില്‍ നാടകം പുസ്തകത്താളുകളില്‍ ഒതുങ്ങും.
പുതിയ തലമുറയെ നാടക സംസ്കാരം പഠിപ്പിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. കാരണം അവരുടെ ബാലിശമായ കൗതുകങ്ങളെ തൃപ്തിപ്പെടുത്തുന്ന സിനിമാ മാധ്യമം അല്ലെങ്കില്‍ ഇവകളില്‍നിന്നും വ്യത്യസ്തമായി ഒരു ഇന്‍ഫര്‍മേഷന്‍ (തിരിച്ചറിവുകള്‍) അവര്‍ക്ക് നാടകത്തിലൂടെ മാത്രമേ ലഭിക്കൂ. അതുകൊണ്ട് ന്യൂ ജനറേഷനെ ആകര്‍ഷിക്കുന്ന നാടകങ്ങള്‍ ഇവിടെ ഉണ്ടാകേണ്ടിയിരിക്കുന്നു. സ്കൂളുകളിലും കോളേജുകളിലും ഗ്രേസ് മാര്‍ക്കിനുവേണ്ടി മാത്രം നാടകത്തില്‍ അഭിനയിക്കുന്ന പ്രവണത മാറ്റി-നാടകം എന്താണെന്ന്, നാടകത്തിന്റെ ഗതി എന്താണെന്ന് വായനാശീലം മാറിനില്‍ക്കുന്ന പുതിയ തലമുറയെ മനസിലാക്കിക്കൊടുക്കണം. ഇല്ലെങ്കില്‍ പ്രതികരണശേഷി മാത്രമല്ല, അഭിനയശേഷിയും അവര്‍ക്ക് അന്യമാവും
പ്രദിപ് റോയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: