ന്യൂദല്‍ഹി: ടോക്കിയോ ഒളിമ്പിക്സ് മാറ്റിവച്ചതില്‍ നിരാശയുണ്ടെങ്കിലും ഒളിമ്പിക്സില്‍ മെഡല്‍ നേടാനുള്ള തയ്യാറെടുപ്പുകളുമായി മുന്നോട്ടുപോകുമെന്ന് ഇന്ത്യയുടെ പുരുഷ, വനിത ഹോക്കി ടീമുകളുടെ ക്യാപ്റ്റന്മാര് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം വൈകിട്ടത്തെ പരിശീലനം അവസാനിച്ചപ്പോഴാണ് ഒളിമ്പിക്സ് മാറ്റിവച്ച വിവരം മുഖ്യ പരിശീലകന് ഗ്രഹാം റീഡ് അറിയിച്ചത്. കൊറോണയുടെ പശ്ചാത്തലത്തില്‍ ഒളിമ്പിക്സ് മാറ്റിവയ്ക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. തീവ്രപരിശീലനത്തിലൂടെ ഒളിമ്പിക്സില്‍ മെഡല്‍ നേടാന്‍ ശ്രമിക്കുമെന്ന് പുരുഷ ടീമിന്റെ ക്യാപ്റ്റന്‍ മന്‍പ്രീത് സിങ് പറഞ്ഞു.
കൊറോണയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം. ആരും പുറത്തിറങ്ങരുത്. ആരോഗ്യമാണ് പ്രധാനം, മന്‍പ്രീത് കൂട്ടിച്ചേര്‍ത്തു. ഒളിമ്പിക്സ് മാറ്റിയതില്‍ നിരാശയുണ്ട്. എന്നിരുന്നാലും അടുത്ത ഒരുവര്‍ഷം കഠിന പരിശീലനം നടത്തും. ഒളിമ്പിക്സില്‍ മികവ് കാട്ടാന്‍ ശ്രമിക്കുമെന്ന് ഇന്ത്യന്‍ വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി പറഞ്ഞു.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്റര്‍ നാഷണല്‍ ഒളിമ്പിക്സ് കമ്മിറ്റി ഈ വര്‍ഷം ജൂലൈയില്‍ ആരംഭിക്കാനിരുന്ന ഒളിമ്പിക്സ് അടുത്ത വര്‍ഷത്തേക്ക് മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: