ചാരുംമൂട്: മൂന്നു വർഷത്തെ പ്രവാസി ജീവിതപാഠം നാട്ടിലെ സ്വന്തം കൃഷിയിടത്തെ പരീക്ഷണശാലയാക്കി മാറ്റാൻ രവി എന്ന കർഷകന് സാധിച്ചു.നൂറനാട് പാലമേൽ പണയിൽ രാജീവ് ഭവനത്തിൽ രവി (62) എന്ന പച്ചക്കറി കർഷകൻ തന്റെ കൃഷിഭൂമിയിൽ പൊന്നുവിളയ്‌ക്കാൻ ശ്രമിക്കുകയാണിപ്പോൾ.
1983ൽ സൗദിഅറേബ്യയിലെ അറിയപ്പെടുന്ന അവിടുത്തെ അറബിയുടെ കൃഷിത്തോട്ടത്തിന്റെ മേൽനോട്ടച്ചുമതലക്കാരനായി ജോലിക്ക് പ്രവേശിച്ച രവി മണലാരണ്യത്തിൽ പച്ച പരവതാനി വിരിച്ചു നിൽക്കുന്ന വിശാലാമായ തോട്ടത്തെ അതിശയത്തോടെ പഠിക്കുകയായിരുന്നു. മൂന്നു വർഷത്തെ പ്രവാസി ജീവിതമവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുമ്പോൾ മനസ്സുനിറയെ സ്വപ്‌നമായിരുന്നു. പുല്ലു മുളയ്‌ക്കാത്ത മരുഭൂമിയിൽ ഇത്ര മനോഹരമായി കൃഷിഭൂമി ഒരുക്കാമെങ്കിൽ എന്തു കൊണ്ട് പ്രകൃതി രമണീയമായ നമ്മുടെ കൊച്ചു ഗ്രാമത്തിലും ഇത് ആയിക്കൂടാ?. ഈ ചോദ്യത്തിനുള്ള ഉത്തരമാണ് രവി നമുക്ക് കാട്ടിത്തരുന്നത്.
തമിഴ്‌നാട്ടിലും, ആന്ധ്രയിലും, കർണ്ണാടകയിലും, പഞ്ചാബിലും, ഹരിയാനയിലും കൃഷി ചെയ്യുന്ന ചോളം, അമര, ഉഴുന്ന്, തക്കാളി, കുക്കുമ്പർ, കടല, സവാള, ഉരുളക്കിഴങ്ങ്, ക്യാരറ്റ് തുടങ്ങി എല്ലാം പരീക്ഷണാടിസ്ഥാനത്തിൽ രവിയുടെ കൃഷിയിടത്തിലുണ്ട്. തമിഴ്‌നാട്ടിലെ തെങ്കാശിക്കു സമീപമുള്ള ചുരണ്ട എന്ന സ്ഥലത്തു നിന്നുമാണ് കൃഷിക്കാവശ്യമായ വിത്തുകൾ വാങ്ങുന്നത്. തികച്ചും ജൈവവളങ്ങൾ മാത്രം ഉപയോഗിച്ചു കൃഷി ചെയ്യുന്ന രവി കിടനാശിനികളും വിഷവിത്തുകളും ഉപയോഗിച്ചുള്ള ആദായകരമായ വിളവെടുപ്പിനില്ലന്നു ശപഥം ചെയ്യുന്നു. വീടിനോടു ച്ചേർന്നുള്ള എൺപത് സെന്റ് സ്ഥലത്തും പാട്ടത്തിനെടുത്ത രണ്ട് ഏക്കർ സ്ഥലത്തുമായിട്ടാണ് പച്ചക്കറി കൃഷി ചെയ്യുന്നത്. ഇദ്ദേഹത്തിന്റെ പച്ചക്കറികളാണ് പാലമേൽ കാർഷിക വിപണിയിൽ വില്പനക്കായി അധികമായി എത്താറുള്ളത്. പാലമേൽ എ ഗ്രേഡ് കാർഷിക വിപണിയുടെ ജോ: സെക്രട്ടറി, സമൃദ്ധി പച്ചക്കറി ക്ലസ്റ്ററിന്റെ സെക്രട്ടറി എന്നീ നിലയിൽ പ്രവർത്തിച്ചുവരുന്നു.
പാലമേൽ കൃഷി ഓഫീസർ രാജശ്രീയുടേയും വസ്തു പാട്ടത്തിനു തന്നു സഹായിച്ച രാധാകൃഷ്ണനുണ്ണിത്താൻ-രാധിക ദമ്പതികളുടേയും പൂർണ്ണ സഹായ സഹകരണങ്ങളാണ് തന്റെ കൃഷിയെ കൂടുതൽ പരീക്ഷണങ്ങളിലേക്ക് എത്തിക്കുന്നതെന്നു സാക്ഷ്യപ്പെടുത്തുകയാണ് രവിയെന്ന ഈ തനി നാട്ടിൻപുറത്തുകാരനായ കർഷകൻ. അന്യസംസ്ഥാന വിളകൾക്കൊപ്പം നമ്മുടെ നാടൻ പച്ചക്കറികളായ പയർ, പാവൽ, നിത്യവഴുതനം, വെണ്ട, വഴുതന, മത്ത, ചുരയ്‌ക്ക, ഏത്തവാഴ, ഞാലിപ്പൂവൻ, പാളയംകോടൻ, മരച്ചീനി, ചീര എന്നിവയും ധാരാളമായി തഴച്ചുവളരുന്നു. ഭാര്യ രമണിയും മക്കളായ രാജിയും, രാജീവും അച്ഛനെ സഹായിക്കാൻ കൂടെയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: