വീട്ടില്‍ വന്ന ഉയരമുള്ള ജുബ്ബാക്കാരന്‍ എന്നെ നോക്കി. കൗതുകത്തോടെ ഞാന്‍ നിന്നു. സ്‌കൂള്‍ വിട്ടുവന്ന് കാപ്പി കുടിയ്‌ക്കാനുള്ള ധൃതിക്കിടെയാണ് അച്ഛന്‍ എന്നെ വിളിച്ച് ജുബ്ബാക്കാരനെ പരിചയപ്പെടുത്തിയത്. കറുത്ത കണ്ണട ധരിച്ച അദ്ദേഹം ഒരു സിനിമാക്കാരനാണെന്ന് മാത്രം അച്ഛന്‍ പറഞ്ഞു. ആരാണെന്ന് പറഞ്ഞില്ല. ഇനി പറഞ്ഞാല്‍ത്തന്നെ എനിക്കത് മനസിലാക്കാനുള്ള പ്രായവുമില്ല. ഇപ്പോഴും അദ്ദേഹത്തിന്റെ മുഖമെനിക്ക് വളരെ വ്യക്തമാണ്. വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഞാനറിഞ്ഞത് ആ ജുബ്ബാക്കാരനായ സിനിമാക്കാരന്‍ ആലപ്പി വിന്‍സെന്റ് ആണെന്ന്. മലയാള സിനിമയിലെ ആദ്യ ശബ്ദത്തിനുടമ. ശബ്ദം മുഴങ്ങിയ ആദ്യ സംസാരചിത്രത്തിന്റെ പ്രധാന പിന്നണി പ്രവര്‍ത്തകനും അതിലെ ‘വിരുതന്‍ ശങ്കു’–വെന്ന കഥാപാത്രത്തെ അവതരിപ്പിച്ചയാളും. തീര്‍ന്നില്ല, ഈ രാജ്യത്ത് തെരഞ്ഞെടുപ്പ് ഗോദായിലിറങ്ങിയ ആദ്യ സിനിമാക്കാരനുമായിരുന്നു വിന്‍സെന്റ്.
ആലപ്പി വിന്‍സന്റും അച്ഛനും തമ്മിലുള്ള ബന്ധം തുടങ്ങുന്നത് 1950 കളുടെ പകുതിയോടെയാണ്. ആലുവയില്‍ സഹകരണാടിസ്ഥാനത്തില്‍ അജന്താ സ്റ്റുഡിയോ തുടങ്ങാനായുള്ള കൈകോര്‍ക്കലാണ് ആഴത്തിലുള്ള സൗഹൃദമായി പരിണമിച്ചത്. നിരവധി സിനിമകള്‍ അവിടെ പിറവിയെടുത്തു. വഴിത്തിരിവ് സൃഷ്ടിച്ച ‘ഓളവും തീരവും,’- ‘കബനീനദി ചുവന്നപ്പോള്‍’- മുതല്‍ ‘ഓപ്പോള്‍’- വരെ ചിത്രീകരിച്ചു ഈ സ്റ്റുഡിയോയില്‍. നഷ്ടത്തിന്റെ ബാക്കിപത്രം അവശേഷിപ്പിച്ച് ആ സ്ഥാപനം കണ്ണടച്ചു. എങ്കിലും എഴുത്തില്‍ മുഴുകിയ അച്ഛനും ജീവിതവസന്തമാകെ സിനിമയ്‌ക്കായി അര്‍പ്പിച്ച് ഏകാകിയായ വിന്‍സന്റും തമ്മിലുള്ള ബന്ധം തുടര്‍ന്നു.
യാദൃച്ഛികമായാണോ അച്ഛന്റെ സിനിമാ ബന്ധം തുടങ്ങിയതെന്ന് ചോദിച്ചാല്‍ എഴുത്തിലൂടെ എത്തിയെന്ന് വേണം ഉത്തരം നല്‍കാന്‍. ചരിത്രവും സാഹിത്യവും ഇഷ്ടപ്പെട്ട അച്ഛന്‍ ആ വഴിക്കുള്ള ചരിത്രശിലകളെ സഞ്ചാരത്തിനിടയില്‍ ഒപ്പംകൂട്ടി. ഓരോ ശിലയുടെയും സൂക്ഷ്മപരിശോധനയാണ് ‘വിഗതകുമാരന്‍’- ഉള്‍പ്പെടെയുള്ള ചരിത്രങ്ങളുടെ വെളിപാടിന് കാരണമായത്. നടന്നതും നടക്കാതെ പോയതുമായ ജിവിതപരീക്ഷണങ്ങളാണ് സിനിമ. അതില്‍ സ്വന്തം ആസ്തി മുതല്‍ അന്യരോട് കടം വാങ്ങി നടത്തിയ പരീക്ഷണങ്ങളുണ്ട്. വിരലിലെണ്ണാവുന്നവര്‍ വിജയിച്ചു. മഹാഭൂരിപക്ഷവും വീണുടഞ്ഞു. ഈവിധം ചിതറിയ ജീവിതങ്ങളെ തേടിപ്പിടിച്ച് ഒരു ചരിത്രമെഴുതി, 1970 കളുടെ തുടക്കത്തില്‍. അതിനെ ആദ്യ മലയാള സിനിമാചരിത്ര രചനയെന്ന് വിളിക്കുന്നു.
കേരളാ ഫിലിം ചേംബര്‍ മുന്‍കൈ എടുത്ത് അച്ഛനെ മുഖ്യപത്രാധിപരാക്കി തയ്യാറാക്കിയ ചരിത്രം പക്ഷേ വെളിച്ചം കണ്ടില്ല. അന്നത്തെ ചേംബര്‍ ഭാരവാഹികളുടെ ഉപേക്ഷ കാരണം ആ ബൃഹദ്‌രചന പൊടിഞ്ഞുപൊടിഞ്ഞ് ഇല്ലാതായി. എങ്കിലും അച്ഛന്റെ മനസിലുണ്ടായിരുന്നു അതില്‍ പറഞ്ഞിരുന്ന ജീവിതങ്ങള്‍. അവരെയെല്ലാം എഴുത്തിലൂടെ പലവട്ടം മലയാളിയുടെ മുന്നിലേക്ക് കൊണ്ടുവന്നു. അതിന് എത്രയോ വര്‍ഷം മുന്‍പേ വെളിച്ചത്തവതരിപ്പിച്ച ജെ.സി. ഡാനിയലിനെ അപ്പോഴും മലയാള സിനിമയുടെ പിതാവായി ആരും അംഗീകരിച്ചില്ല. കമലാലയം ബുക്ക് ഡിപ്പോക്കാരുടെ ഗോഡൗണില്‍ കിടക്കുന്ന രണ്ടാമത്തെ സിനിമ ‘മാര്‍ത്താണ്ഡവര്‍മ്മ’–യെപ്പറ്റിയും ഇന്നാട്ടുകാരോട് പലതവണ വിളിച്ചു പറഞ്ഞു. ഒടുവില്‍ പൂനെ ഫിലിം ആര്‍ക്കൈവ്‌സ് ക്യുറേറ്റര്‍ പി.കെ. നായരുടെ കൈയില്‍ ആ ഫിലിംചുരുള്‍ എത്താനിടയായതിനും പുനഃസൃഷ്ടിക്ക് നിമിത്തമായതിനും അച്ഛന് ഒരു പങ്കുണ്ട്.
1960-70കളില്‍ സിനിമയെഴുത്തില്‍ അച്ഛന്‍ സജീവമായിരുന്നു. അക്കാലത്ത് സര്‍ക്കാര്‍, സിനിമ സംബന്ധിച്ച് ഏത് കമ്മിറ്റി രൂപീകരിച്ചാലും അതില്‍ ഒരു കസേര അച്ഛനുറപ്പിച്ചിരുന്നു. മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോന് അച്ഛനോടുണ്ടായിരുന്ന താല്‍പ്പര്യമായിരുന്നു ഇതിന് ഒരു കാരണം. അദ്ദേഹത്തിന്റെ പുസ്തകങ്ങളില്‍ പലയിടത്തും അച്ഛനെ പറ്റിയുള്ള പരാമര്‍ശങ്ങളുണ്ട്. അദ്ദേഹത്തിന് അച്ഛനോട് വാത്സല്യമായിരുന്നു. അദ്ദേഹം അന്തരിച്ച വിവരം ആകാശവാണി വാര്‍ത്തയിലൂടെ കേട്ട് കുറേനേരം മൗനിയായി കണ്ണടച്ചിരുന്ന അച്ഛന്‍ ഇപ്പോഴും എന്റെ ഓര്‍മയിലുണ്ട്.
അച്യുതമേനോന്‍ ഗവണ്‍മെന്റിന്റെ കാലത്താണ് സിനിമയ്‌ക്ക് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. ആദ്യകാലത്ത് അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയില്‍ സിനിമയെ കുറിച്ച് നല്ല ജ്ഞാനമുള്ളവരെ നിയമിക്കുമായിരുന്നു. അതില്‍ രാഷ്‌ട്രീയം പരിഗണിക്കുകയേയില്ല. അതുകൊണ്ടുതന്നെ സിനിമാ വിവാദങ്ങളുമുണ്ടാകാറില്ലായിരുന്നു. കാരണം അവരുടെ തീര്‍പ്പിനെ ചോദ്യം ചെയ്യാനുള്ള കരുത്ത് ആര്‍ക്കുമില്ല. ‘നിര്‍മാല്യ’-ത്തിനും പി.ജെ. ആന്റണിക്കുമൊക്കെ അവാര്‍ഡ് നല്‍കാന്‍ അച്ഛനുള്‍പ്പെടെയുള്ള സമിതി തീരുമാനിച്ചപ്പോള്‍ ആരും എതിര്‍ക്കാഞ്ഞതിന് കാരണവും ഇതു തന്നെ.
സിനിമാ പഠനം സ്വകാര്യമായി ഏതുസമയത്തുമുണ്ടായിരുന്നു. പുതിയ പുസ്തകങ്ങള്‍ വാങ്ങി വായിക്കുക, പുത്തന്‍ സാങ്കേതികതകള്‍ വരുത്തുന്ന സിനിമയ്‌ക്കുണ്ടാക്കുന്ന മാറ്റങ്ങള്‍ നിരീക്ഷിക്കുക, പഴയ ക്ലാസിക്കുകള്‍ കാണുന്നത് ആവര്‍ത്തിക്കുക, ഫിലിം ക്ലബ്ബുകളും സൊസൈറ്റികളും പ്രചരിപ്പിക്കുക, സമാന്തര സിനിമ, കച്ചവട സിനിമാ പോരില്‍ സമാന്തര സിനിമയോടൊപ്പം നിലയുറപ്പിക്കുക, ഗ്രാമങ്ങള്‍ തോറും നല്ല സിനിമകള്‍ ചെറു പ്രൊജക്ടറുകള്‍ വഴി പ്രദര്‍ശിപ്പിക്കുക തുടങ്ങിയ സിനിമാ പ്രവര്‍ത്തനങ്ങള്‍ 1970 കളില്‍ അച്ഛന്റെ സജീവ പ്രവര്‍ത്തനങ്ങളായിരുന്നു.
പൊതുമേഖലയില്‍ സ്റ്റുഡിയോയും തീയേറ്ററുകളും സ്ഥാപിക്കാന്‍ അച്യുതമേനോന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ അതിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച വിദഗ്ദ സമിതിയില്‍ അച്ഛനുമുണ്ടായിരുന്നു. നല്ല സിനിമകളുടെ പ്രചാരണത്തിനും മലയാള സിനിമാവ്യവസായത്തിന്റെ ചൈതന്യവര്‍ദ്ധനവിനുമുതകുന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കാനുള്ള സമിതിയുടെ തീരുമാനത്തിന് പിന്നില്‍ അച്ഛനും അടൂര്‍ ഗോപാലകൃഷ്ണനും, കെ.എസ്. സേതുമാധവനും നിര്‍ണായക പങ്കുണ്ടായിരുന്നു. ചേര്‍ത്തലയിലെ അക്കാലത്തെ ഫിലിം ക്ലബ്ബുകളുടെ ഉദയത്തിന് പിന്നില്‍ അച്ഛനായിരുന്നു.
ഉറ്റസുഹൃത്ത് വയലാര്‍ രാമവര്‍മയുടെ മരണവും എഴുപതുകളുടെ പകുതിയിലായിരുന്നു. മദ്രാസിലേക്കുള്ള യാത്രയില്‍ പലപ്പോഴും രണ്ടുപേരും ഒരുമിച്ചിട്ടുണ്ട്. ഉദയാ സ്റ്റുഡിയോയില്‍ ആദ്യവസരം തേടിയുള്ള രണ്ടു പേരുടെയും യാത്രയടക്കം മരണം വരെ ഇണങ്ങിയും പിണങ്ങിയും തോളോട്‌തോള്‍ ചേര്‍ന്നുള്ള അവരുടെ ഒന്നിച്ചുള്ള യാത്രകള്‍ പില്‍ക്കാലത്ത് ‘വയലാര്‍’- എന്ന ജീവചരിത്രമായി പിറവികൊണ്ടു. ശൈശവത്തില്‍ തുടങ്ങിയാണ് അച്ഛന്റെ വയലാറുമായുള്ള ബന്ധം. ചങ്ങനാശേരിയിലേക്കുള്ള അവസാന യാത്രവരെ അതിന് ഉലച്ചിലുണ്ടായില്ല. ആ യാത്രയില്‍ വയലാര്‍ ഉപയോഗിച്ച ട്രിപ്പിള്‍ ഫൈവ് സിഗററ്റ് ഇന്നും അച്ഛന്റെ മേശയിലുണ്ട്.
സിനിമയെഴുത്തും ചിന്തയും സജീവമായിരുന്ന എഴുപതുകളുടെ പകുതിയോടെ അടിയന്തരാവസ്ഥ വന്നു. എന്റെ ഗ്രാമം മുഴുവന്‍ പോലീസ് നിരീക്ഷണത്തിലായി. കാരണം അടിയന്തരാവസ്ഥ അനുകൂലികളേക്കാളും എതിര്‍ക്കുന്നവരാണ് ഭൂരിപക്ഷവും. രണ്ടുവിഭാഗവും അച്ഛനുമായി സൗഹൃദമുള്ളവര്‍. എന്നാല്‍ എതിര്‍ക്കുന്നവരുടെ കൂടെയായിരുന്നു അച്ഛന്‍. സദാ പോലീസ് സാന്നിധ്യമുള്ള പ്രദേശത്ത് ആര്‍എസ്എസിന്റേയും സിപിഎമ്മിന്റേയും നക്‌സലേറ്റുകളുടെയും പ്രവര്‍ത്തകരുണ്ടായിരുന്നു. മൂന്ന് വിഭാഗത്തില്‍പെട്ട ഭൂരിപക്ഷം പേരും പോലീസ് നിരീക്ഷണത്തിലാണ്. അങ്ങനെയിരിക്കെ അയല്‍വാസികളായ ചില ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. അധികം താമസിയാതെ നക്‌സല്‍, സിപിഎം പ്രവര്‍ത്തകരും. അടിയന്തരാവസ്ഥയെ പിന്തുണയ്‌ക്കുന്ന ചില കോണ്‍ഗ്രസുകാരാണ് ഇവരെയൊക്കെ പോലീസിന് കാണിച്ചുകൊടുത്തത്. അധികം താമസിയാതെ സുഹൃത്തായ ഒരു പോലീസുകാരന്‍ പറഞ്ഞറിഞ്ഞു, അച്ഛന്റെ മേലും പോലീസിന്റെ കണ്ണുണ്ടെന്ന്. അതിന് ഒരു കാരണവുമുണ്ട്. ഫിലിം സൊസൈറ്റികളും അവര്‍ ഉയര്‍ത്തിയ നല്ല സിനിമാ സംസ്‌ക്കാരത്തിനും ഇന്നാട്ടില്‍ നല്ല വേരോട്ടം ലഭിച്ച കാലമായിരുന്നു എഴുപതുകള്‍. ലോക ക്ലാസിക്കുകള്‍ അടക്കമുള്ള നല്ല സിനിമകള്‍ ചേര്‍ത്തലക്കാരെ കാണിച്ചതില്‍ ആ സൊസൈറ്റിക്ക് നല്ല പങ്കുണ്ട്. അതിന്റെ മുഖ്യ സംഘാടകരനായിരുന്നു അച്ഛന്‍. ഈ സൊസൈറ്റികളാകട്ടെ ഏറെക്കുറെ ഇടതരുടേയും തീവ്ര ഇടതാശയക്കാരുടേയും നിയന്ത്രണത്തിലാണ്. തീവ്ര ഇടതാശയക്കാരുടെ സാന്നിദ്ധ്യം ഇക്കാലത്ത് വീട്ടില്‍ ഉണ്ടാകാറുണ്ടായിരുന്നു.
അച്ഛനെ കാണാനവരുടെ വരവ് സൊസൈറ്റികളുടെ പ്രവര്‍ത്തനം കൂടുതല്‍ ഗ്രാമ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനും സിനിമാചര്‍ച്ചകള്‍ സംഘടിപ്പിക്കാനുമാണ്. ജോണ്‍ എബ്രഹാം, ബക്കര്‍ തുടങ്ങിയവരുടെ വരവ് പോലീസിന്റെ സംശയം ബലപ്പെടുത്തി. ഒരു ദിവസം ചില പോലീസുകാര്‍ അച്ഛനോട് ഇക്കാര്യം നേരിട്ട് ചോദിക്കുകപോലുമുണ്ടായി. അതിനവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യങ്ങളുമായുള്ള വരവ്. അടിയന്തരാവസ്ഥയയ്‌ക്കെതിരെയും ഇന്ദിരാഗാന്ധിക്കെതിരെയും അച്ഛന്റെ നേതൃത്വത്തില്‍ സിനിമാ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നുവെന്നായിരുന്നു അവര്‍ക്ക് ലഭിച്ച വിവരം. അയല്‍വാസിയായ ഒരു കോണ്‍ഗ്രസുകാരനാണ് പോലീസിനെ ഇക്കാര്യം അറിയച്ചതത്രേ. പുതിയ ഫിലിം സൊസൈറ്റികളുടെ രൂപീകരണവും ‘ഒഡേസാ’- -പോലുള്ള പ്രസ്ഥാനക്കാരുടെ പ്രവര്‍ത്തന വ്യാപനവുമായിരുന്നു അച്ഛന്റെ സംസാരത്തില്‍. ഇത്തരമൊരു സംസാരത്തിനിടെ അടിയന്തരാവസ്ഥയെ അച്ഛന്‍ വിമര്‍ശിക്കുന്നതുകേട്ട് കോണ്‍ഗ്രസുകാരന്‍ ധരിച്ചത്രേ ഇന്ദിരാഗാന്ധിക്കെതിരെയുള്ള സിനിമാക്കാരുടെ ചര്‍ച്ചയാണവിടെ നടക്കുന്നതെന്ന്.
വാസ്തവത്തില്‍ ഫിലിം സൊസൈറ്റികളുടെ വളര്‍ച്ചാ മുരടിപ്പും കച്ചവട സിനിമയുടെ പിടിമുറുക്കലുമുണ്ടായ 1980കളില്‍ അച്ഛനും സിനിമയില്‍ നിന്ന് പിന്നോട്ടടിച്ചു. കാരണം തന്റെ കാഴ്ചപ്പാടില്‍ നിന്ന് വ്യതിചലിപ്പിച്ചത് അച്ഛനെ വേദനിപ്പിച്ചു. സിനിമയെന്ന കലയെ ലാ’-ത്തില്‍ മാത്രം പിടിച്ചുകെട്ടാനുള്ള ശ്രമങ്ങള്‍ക്ക് ആളും അര്‍ത്ഥവും നല്‍കി പ്രോല്‍സാഹിപ്പിക്കുന്ന ഒരു പ്രവണത സിനിമാ മേഖയിലുണ്ടായി. നല്ല സിനിമകളെ സമാന്തര സിനിമകളെന്ന് വിളിച്ചൊതുക്കി തുടങ്ങി. അതിന്റെ വക്താക്കളില്‍ പലരും നിലനില്‍പ്പിനായി ചുവടുമാറ്റി. പക്ഷേ അതിനോട് പൊരുത്തപ്പെടാന്‍ കഴിയാതെ ഒരു പിന്‍മാറ്റം അച്ഛന്റെ ഭാഗത്തുനിന്ന് ഉണ്ടായി.
സിനിമയെഴുത്തില്‍ നിന്ന് കാര്യമായൊരുള്‍വലിച്ചില്‍. പകരം എഴുത്തും വായനയതും അന്വേഷണവുമൊക്കെ ചരിത്രത്തിലേക്കായി. സിനിമാസംബന്ധിയായ ഒരു എഴുത്ത് ഒരുവേള നിലയ്‌ക്കുക പോലുമുണ്ടായി. വീട്ടില്‍ സജീവമായിരുന്ന സിനിമാ ചര്‍ച്ചകള്‍ ഓര്‍മ മാത്രമായി. പലരും ചോദിച്ചു എന്തേ മാറിയതെന്ന്. പുത്തന്‍ സിനിമാ സംസ്‌കാരവുമായി ഒത്തുപോകാന്‍ കഴിയില്ലെന്ന് മറുപടി. മലയാള സിനിമയുടെ പിറവി കഴിഞ്ഞ് കഷ്ടിച്ച് കാല്‍നൂറ്റാണ്ടായപ്പോള്‍ തുടങ്ങിയതാണ് സിനിമാ ചിന്തകളും എഴുത്തും. അതിന്റെ ഭാഗമായി നടത്തിയ യാത്രകളും അന്വേഷണങ്ങളുമായി ബന്ധപ്പെട്ട് ഒരുപാട് ഒരുപാട് എഴുതാനും പറയാനും കഴിയുന്ന ഒരാളുടെ നിശ്ചലാവസ്ഥ മാറ്റിയെടുക്കാന്‍ ശ്രമങ്ങള്‍ നടക്കാതെയുമിരുന്നില്ല.
പക്ഷേ നല്ല സിനിമാ സംസ്‌ക്കാരത്തിന് പുനര്‍ജ്ജനിയുണ്ടായാല്‍ മാത്രം മടക്കയാത്രയെന്ന് ഉറച്ച നിലപാടിലായിരുന്നു അച്ഛന്‍. 1990കളിലും അത് തന്നെയായിരുന്നു മാനസികാവസ്ഥ. അച്ഛനേറ്റവും നന്നായറിയാവുന്ന മലയാള സിനിമാചരിത്രവും സംസ്‌കാരവും ആര്‍ക്കും വേണ്ട. വാരികകളും സിനിമാ പ്രസിദ്ധീകരണങ്ങളും എണ്‍പതുകളിലെ പുത്തന്‍ താരോദയവും സിനിമയിലെ കച്ചവട പ്രവണതകളും പൊലിപ്പിച്ചുകാട്ടി. അവര്‍ക്കാര്‍ക്കും ഡാനിയലിന്റേയോ, റോസിയുടേയോ, സുന്ദര്‍രാജിന്റേയോ, എന്‍.കെ. കമലത്തിന്റേയോ വേദനാ നിര്‍ഭര ജീവിതങ്ങള്‍ എഴുതി പൊലിപ്പിക്കേണ്ട കാര്യമില്ല. പകരം സാംസ്‌കാരിക നിലവാരത്തിന്റെ അധഃപതന പ്രതീകങ്ങളായ നടിമാരുടെ പടങ്ങളും ഗോസിപ്പുകളും മതി. ബൗദ്ധികതയിലധിഷ്ഠിതമായ സിനിമാ എഴുത്തുകളോടും അവര്‍ മുഖം തിരിച്ചുനിന്നു.
എന്നാല്‍, യാദൃച്ഛികമായി അച്ഛന്‍ സിനിമാ എഴുത്തിലേക്ക് തിരിച്ചുവന്നു. അതിന് കാരണം സിനിമാ മംഗളത്തിന്റെ പത്രാധിപരും തലമുതിര്‍ന്ന സിനിമാ പത്രപ്രവര്‍ത്തകനുമായിരുന്ന മധു വൈപ്പിനായിരുന്നു. അച്ഛന്റെ സിനിമയെകുറിച്ചുള്ള പുസ്തകങ്ങളും പഴയകാല ലേഖനങ്ങളും വായിച്ചിട്ടുള്ള അദ്ദേഹം ഒരിക്കല്‍ കോട്ടയത്ത് നടന്ന സിനിമാസംബന്ധിയായ ഒരു യോഗത്തില്‍ അച്ഛനെ പങ്കെടുപ്പിച്ചു. അവിടെ നടത്തിയ അച്ഛന്റെ പ്രസംഗത്തില്‍ ആദ്യകാല മലയാള സിനിമകളും അതിന്റെ പിറവിയും ഡാനിയലും റോസിയുമൊക്കെ കടന്നുവന്നു. ഇതുകേട്ടിരുന്ന മധുവൈപ്പിന്‍ സിനിമാ മംഗളത്തില്‍ ഒരു കോളം തുടങ്ങാന്‍ നിര്‍ബന്ധിച്ചു. അദ്ദേഹത്തിന്റെ സ്‌നേഹപൂര്‍ണമായ നിര്‍ബന്ധത്തിന് വഴങ്ങി സിനിമാക്കഥപ്പൂട്ടുകള്‍ അച്ഛന്‍ തുറന്നു. നല്ല പ്രതികരണമായിരുന്നു തുടക്കത്തില്‍ തന്നെ. ത്യാഗനിര്‍ഭരരായ പൂര്‍വ്വസൂരികളാണ് മലയാള സിനിമയുടെ പൂര്‍വ പിതാക്കന്മാരെന്ന് ആ എഴുത്തിലൂടെ അച്ഛന്‍ പറഞ്ഞു. സിനിമയുടെ ബൗദ്ധിക എഴുത്തില്‍ വിരസത തോന്നിയ ഒരുപറ്റത്തിന് ഈ ചരിത്രം വളരെയിഷ്ടമായി. എങ്ങനെയാണ് മലയാളത്തില്‍ സിനിമയുണ്ടാതെന്ന അന്വേഷണം പലരും തുടങ്ങി. ഇക്കാലത്ത് തന്നെ അച്ഛന്‍ പണ്ട് ഉയര്‍ത്തിയ ഒരു വാദത്തിന് അംഗീകാരമുണ്ടായി. ജെ.സി. ഡാനിയലാണ് മലയാള സിനിമയുടെ പിതാവെന്ന് അംഗീകരിച്ച സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തിന്റെ സ്മരണയ്‌ക്കായി അവാര്‍ഡ് ഏര്‍പ്പെടുത്തി.
വലിയ സ്വീകാര്യത സിനിമയെഴുത്തിന്റെ രണ്ടാം വരവിലുണ്ടായി. പിഎച്ച്ഡി ഗവേഷണത്തിനായി വരെ സിനിമയുടെ ചരിത്രം തിരഞ്ഞെടുത്തു പലരും. അവരൊക്കെ അച്ഛനെ തേടിയെത്തി. രണ്ടായിരത്തിന് ശേഷം സിനിമയെഴുത്ത് ശക്തമായപ്പോഴായിരുന്നു പ്രമേഹം തളര്‍ത്താന്‍ തുടങ്ങിയത്. ജീവിതത്തെ അടിമുടി താളംതെറ്റിച്ച് പിടിമുറുക്കിയ രോഗം കാലിന്റെ പെരുവിരല്‍ മുറിക്കുന്നിടത്തുവരെയെത്തി. അനുദിനം ക്ഷയിച്ച ആരോഗ്യം എഴുത്തിന് പൂര്‍ണ വിരാമമിട്ടു. ഓര്‍മക്കുറവും വേട്ടയാടിത്തുടങ്ങി. പഴയ പല സുഹൃത്തുക്കളും കാണാന്‍ വന്നു. അതിലേറെപ്പേര്‍ തിരിഞ്ഞുനോക്കാതെയുമായി. 2010 ജൂണ്‍ നാലിന് ഈ ലോകത്തോട് അച്ഛന്‍ വിടപറഞ്ഞു. അതിനുശേഷം ജീവിച്ചിരുന്നതിനേക്കാള്‍ ശ്രദ്ധേയനായി. ‘സെല്ലുലോയിഡ്’- എന്ന സിനിമ ശ്രദ്ധേയനും വിവാദപുരുഷനുമാക്കി. അച്ഛന്‍ നടത്തിയ പോരാട്ടത്തിന് അംഗീകാരമായിരുന്നു ആ സിനിമ. അച്ഛന്റെ നിരവധി പുസ്തകങ്ങളും അച്ഛനില്ലാത്ത ലോകത്ത് ഇറങ്ങി. സ്മൃതിപഥത്തിലേക്ക് താണുപോയ അച്ഛന്‍ ഓര്‍മയുടെ റീലുകളായി ഇന്നും മനസിലോടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: