ലോകം ഒന്നാകെ ആരോഗ്യ അരക്ഷിതാവസ്ഥയിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. കൊറോണ വൈറസ് കാരണമുണ്ടാകുന്ന കോവിഡ്-19 ആണ് ആഗോള തലത്തില്‍ ആരോഗ്യ രംഗത്ത് വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത്. ഇതിനെ അതിജീവിക്കാന്‍ ഉള്ള ശ്രമത്തിലാണ് ലോക രാജ്യങ്ങള്‍. പ്രതിരോധ മരുന്ന് ഇന്നുവരെ കണ്ടെത്തിയിട്ടില്ലാത്ത ഈ രോഗത്തെ ചെറുക്കാനുള്ള തീവ്ര ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. സാമൂഹിക അകലം പാലിക്കുക എന്നത് മാത്രമാണ് കൊറോണ വൈറസിന്റെ വ്യാപനം ചെറുക്കുന്നതിന് നമുക്ക് മുന്നിലുള്ള മാര്‍ഗ്ഗം. പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യൂ ഇതിന്റെ തുടക്കമായിരുന്നു. കോവിഡ് ബാധിത പ്രദേശങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള നീക്കവും സാമൂഹിക അകലം ലക്ഷ്യമിട്ടുകൊണ്ടാണ്.
കൊറോണ വൈറസിന്റെ വ്യാപനം ശക്തമാകാനുള്ള സാധ്യത കണക്കിലെടുത്തുകൊണ്ടാണ് ലോക് ഡൗണ്‍ പോലുള്ള കടുത്ത നടപടികളിലേക്ക് നീങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതമായിരിക്കുന്നത്. കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ള വിവിധ സംസ്ഥാനങ്ങളില്‍ ഈ നിര്‍ദ്ദേശം ഭാഗികമായോ പൂര്‍ണമായോ നടപ്പാക്കിക്കൊണ്ടിരിക്കുകയാണിപ്പോള്‍. രാജ്യത്ത് 75 ഓളം ജില്ലകളില്‍ ലോക് ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടുകഴിഞ്ഞു. ജനങ്ങള്‍ തമ്മില്‍ അകലം പാലിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് എപ്രകാരം ജനജീവിതത്തെ ബാധിക്കും എന്ന ചോദ്യം ഈ പരിതസ്ഥിതിയില്‍ ഉയരുക സ്വാഭാവികം.
സര്‍ക്കാരിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധിക്കും. എങ്ങനെ വേണം എന്നത് അതാത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം. ലോക് ഡൗണ്‍ എന്ന് കേള്‍ക്കുമ്പോള്‍ ജന ജീവിതം സ്തംഭിക്കുമോ എന്നതാണ് പലരുടേയും ആശങ്ക. ഇതില്‍ ഭയപ്പെടേണ്ട യാതൊരു കാര്യവുമില്ല. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ നടപടി മാത്രമായി ഇതിനെ കരുതിയാല്‍ മതി. യാത്രാ വിലക്കാണ് ഇതില്‍ പ്രധാനം. സബര്‍ബന്‍ ഉള്‍പ്പടെ എല്ലാ യാത്രാ ട്രെയിനുകളും മാര്‍ച്ച് 31 വരെ നിര്‍ത്തലാക്കി. രാജ്യത്ത് ഏറ്റവും കൂടുതല്‍ വരുമാനം നേടിത്തരുന്ന പൊതുഗതാഗത സംവിധാനം പൂര്‍ണമായും നിര്‍ത്തുന്നുവെങ്കില്‍ രോഗ വ്യാപനത്തിന്റെ തീവ്രത ഊഹിക്കാവുന്നതേയുള്ളൂ. ചരക്ക് തീവണ്ടികളെ ഈ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അന്തര്‍ സംസ്ഥാന ബസുകളും മെട്രോ ട്രെയിനുകളും ഈ മാസം 31 വരെ സര്‍വീസ് നടത്തില്ല.
എന്നാല്‍ പൂര്‍ണ യാത്രാ വിലക്ക് ലോക് ഡൗണിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടില്ല. അത്യാവശ്യ കാര്യങ്ങള്‍ക്കൊഴികെ പുറത്തിറങ്ങുന്നതിന് ജനം സ്വമേധയാ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതാണ് അഭികാമ്യം. ജില്ലാ അതിര്‍ത്തികള്‍ അടയ്ക്കുന്നത് ഉള്‍പ്പടെയുള്ള നീക്കങ്ങളിലൂടെ സംസ്ഥാനങ്ങള്‍ക്ക് ലോക് ഡൗണ്‍ എപ്രകാരം വേണമെന്ന് തീരുമാനിക്കാം. നാഗാലാന്റില്‍ അനിശ്ചിതകാലത്തേക്കാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യ സേവനങ്ങള്‍ ഒഴികെ മറ്റെല്ലാത്തിനും കടുത്ത നിയന്ത്രണമുണ്ട്. ഉത്തര്‍പ്രദേശിലെ കോവിഡ് 19 ബാധിതമായ 15 ജില്ലകളിലും ലോക് ഡൗണ്‍ ബാധകമാക്കി. രാജ്യ തലസ്ഥാനത്തും ഈ മാസം അവസാനം വരെ ലോക്ഡൗണിലാണ്.
എന്താണ് ലോക് ഡൗണ്‍
ലോക് ഡൗണ്‍ എന്നാല്‍ എല്ലാം അടച്ചു പൂട്ടുമെന്നല്ല അര്‍ത്ഥം. ഒരു പ്രദേശത്തോ അല്ലെങ്കില്‍ ജില്ലയിലെ ഏതെങ്കിലും ഭാഗത്തോ ഏര്‍പ്പെടുത്തുന്ന കര്‍ശന നിയന്ത്രണങ്ങളാണ് ലോക് ഡൗണ്‍ എന്നറിയപ്പെടുന്നത്. അടിയന്തര സേവനങ്ങളും അവശ്യ സേവനങ്ങളും ജനങ്ങള്‍ക്ക് ലഭ്യമാകും. അനാവശ്യ യാത്രകള്‍ക്കും കൂട്ടം കൂടുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തും. സ്കുളുകള്‍, ആരാധനാലയങ്ങള്‍, ജിം, നിശാ ക്ലബ്ബുകള്‍, സിനിമാ തിയേറ്ററുകള്‍, കായിക വേദികള്‍, കഫേ, ബീച്ചുകള്‍ തുടങ്ങിയ ഇടങ്ങളെല്ലാം ഇനിയൊരു നിര്‍ദ്ദേശം വരുന്നതു വരെ അടച്ചിടും. ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ലോക് ഡൗണ്‍ ഒരു തരത്തിലും ബാധിക്കില്ല. അതേസമയം, അനാവശ്യ ആശുപത്രി സന്ദര്‍ശനം നിരുത്സാഹപ്പെടുത്തും.
ലോക് ഡൗണില്‍ നിന്നും ചില വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, സൈനിക വിഭാഗം, പോലീസ്, അഗ്നിശമന സേന, വെള്ളം, വൈദ്യുതി, ശുചീകരണ വിഭാഗം, ബാങ്കുകള്‍, സിവില്‍ സപ്ലൈസ്, മാധ്യമ പ്രവര്‍ത്തകര്‍ ഇവര്‍ക്കെല്ലാം ജോലിയില്‍ തുടരാം. എന്നാല്‍ സുരക്ഷാ മുന്‍കരുതലുകളും സാമൂഹിക അകലവും നിര്‍ബന്ധമായും പാലിച്ചിരക്കണം.
പച്ചക്കറി, പാല്, മരുന്നുകള്‍ എന്നിവയുടെ വിതരണക്കാരും വില്‍പ്പനക്കാരും വിപണിയിലെ അവശ്യ സേവനങ്ങളായി തരം തിരിച്ചിരിക്കുന്നതിനാല്‍ അവര്‍ക്ക് ലോക് ഡൗണ്‍ കാലയളവിലും ജോലിയില്‍ തുടരാം. ഭക്ഷണം, മരുന്ന് ഉള്‍പ്പടെയുള്ള അവശ്യ സേവനങ്ങളുടെ ഓണ്‍ലൈന്‍ സേവനങ്ങളും തടസ്സപ്പെടില്ല.
ആംബുലന്‍സ്, പെട്രോള്‍ പമ്പുകള്‍, ഇന്ധന വിതരണ ഏജന്‍സികള്‍, പലചരക്ക് കടകള്‍, എടിഎമ്മുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളെ ലോക് ഡൗണ്‍ തടസ്സപ്പെടുത്തില്ല. സാമൂഹിക അകലം പാലിച്ചുകൊണ്ട് കോവിഡ്-19 വ്യാപിക്കുന്നത് ചെറുക്കുന്നതിനുള്ള ഊര്‍ജ്ജിത ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഭയപ്പെടാതെ, നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടുള്ള ജനത്തിന്റെ സഹകരണമാണ് ഇപ്പോള്‍ ആവശ്യം. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത് എന്നതാണ് അതില്‍ പ്രധാനം. കൊറോണയുടെ സമ്പര്‍ക്ക വലയത്തില്‍ നിന്നും പുറത്തുകടക്കാന്‍ സാമൂഹിക അകലം എന്ന കണ്ണി മുറിയ്ക്കല്‍ പ്രക്രിയയിലൂടെ മാത്രമേ ഇപ്പോള്‍ സാധിക്കൂ.
ഈ അവസ്ഥ എത്രനാള്‍ തുടരും എന്നോര്‍ത്ത് പരിഭ്രാന്തരായി സാധനങ്ങള്‍ വാങ്ങിക്കൂട്ടാന്‍ തിടുക്കം കാണിക്കരുത്. അത് അനുവദിക്കുകയുമില്ല. പൊതു സ്ഥലങ്ങളില്‍ കൂട്ടം കൂടുന്നതും ഒഴിവാക്കണം. ഹോട്ടലുകളുടെ പ്രവര്‍ത്തനം നിയന്ത്രണങ്ങള്‍ക്ക് വിധേയമായി മാത്രം. വൈദ്യുതി, ഇന്റര്‍നെറ്റ് എന്നിവയ്ക്ക് തടസ്സമുണ്ടാവില്ല. വിദൂര ജില്ലകളിലേക്ക് പൊതുഗതാഗതം വഴി നേരിട്ടുള്ള യാത്രാ നിയന്ത്രണം ഉണ്ടാകും. പാര്‍ക്കുകളും മദ്യശാലകളും അടയ്ക്കും. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഒരേ സമയം അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ പാടില്ല തുടങ്ങി കര്‍ശന നടപടികളാണ് ലോക് ഡൗണിന്റെ ഭാഗമായി ഏര്‍പ്പെടുത്തുക.
ലോക് ഡൗണ്‍ നമ്മുടെ ഓരോരുത്തരുടേയും ആരോഗ്യവും ജീവനുംസുരക്ഷിതമാകുന്നതിന് വേണ്ടിയാണ്. ആ യാഥാര്‍ത്ഥ്യ ബോധം ഉള്‍ക്കൊണ്ട് സാമൂഹിക അകലം പാലിക്കുന്നതിന് ഓരോരുത്തരും തയാറാവണം. അത് പ്രോത്സാഹിപ്പിക്കുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: