ന്യൂദല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ക്വാറന്റീന്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പുമായി മുന്‍ ക്രിക്കറ്റ് താരവും ഇപ്പോള്‍ ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍ രംഗത്ത്. ക്വാറന്റീന്‍ നിര്‍ദ്ദേശിക്കപ്പെട്ടവര്‍ അതു ലംഘിച്ചാല്‍ ജയിലില്‍ പോകേണ്ടിവരുമെന്ന് ഗംഭീര്‍ മുന്നറിയിപ്പു നല്‍കി. ക്വാറന്റീന്‍ നിര്‍ദ്ദേശിക്കപ്പെട്ട പലരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതു ലംഘിച്ച് മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് ഗംഭീറിന്റെ മുന്നറിയിപ്പ്.
‘ഒന്നുകില്‍ നിങ്ങള്‍ കുടുംബത്തോടൊപ്പം ക്വാറന്റീനില്‍ പ്രവേശിക്കുക. അല്ലെങ്കില്‍ ജയിലിലേക്കു പോകാന്‍ തയാറാകുക’ ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചു. ‘സമൂഹത്തിന് ഒരുതരത്തിലും ഭീഷണിയാകരുത്. നിലനില്‍പ്പിനും അതിജീവനത്തിനും വേണ്ടിയാണ് നമ്മുടെ പോരാട്ടം. അല്ലാതെ ഉപജീവനമാര്‍ഗം കണ്ടെത്താനല്ല. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും പാലിക്കുക’ ഗംഭീര്‍ ട്വീറ്റ് ചെയ്തു. കൊറോണ വൈറസ് വ്യാപനം നിര്‍ബാധം തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച പ്രഖ്യാപിച്ച ജനത കര്‍ഫ്യൂ വന്‍ വിജയമായിരുന്നു. എന്നാല്‍, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഫ്യൂവിനു പിന്നാലെ ആളുകള്‍ സംഘങ്ങളായി ഒത്തുകൂടിയത് വിവാദമായിരുന്നു.
















