പത്തിരുപത്തിയെട്ടു കൊല്ലം മുന്‍പാണ് .അന്ന് കേരളത്തില്‍ ഒറ്റ ടെലിവിഷന്‍ ചാനലേയുള്ളൂ. ദൂരദര്ശന് മാത്രം.ദൂരദര്‍ശനില്‍ സ്ഥിരമായി പരിപാടികള്‍ ചെയ്തിരുന്ന ഞങ്ങള്‍ ചിലര്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന കലാകാരന്മാരെയും സാങ്കേതികപ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി
ഒരു സംഘടന രൂപീകരിക്കാന്‍
ശ്രമിച്ചു. ആദ്യത്തെ പൊതുയോഗത്തില്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു.ഒന്നാമത്തെ കമ്മിറ്റിയില്‍ത്തന്നെ ചിലര്‍ ആവശ്യപ്പെട്ടത് നമ്മുടെ കാര്‍ഡില്ലാത്തവരെ വര്‍ക്ക് ചെയ്യാന്‍ അനുവദിക്കരുത് എന്നാണ് . മറ്റുള്ളവരുടെ ജോലി വിലക്കാന്‍ നമുക്കാരാണ് അധികാരം തന്നത് എന്ന് ഞാനവരോട് ചോദിച്ചു.വിലക്കേര്‍പ്പെടുത്താന്‍ തുനിയുന്ന സംഘടനയില്‍ അംഗമായി ഞാന്‍ തുടരുകയില്ലെന്നും മുന്നറിയിപ്പ് നല്കി .
അധികാരം മനുഷ്യനെ എളുപ്പത്തില്‍ മാറ്റിക്കളയാറുണ്ട്.സംഘമാവുമ്പോള്‍ അധികാരം പ്രയോഗിക്കാന്‍ അനായാസം കഴിയുമെന്നാണ് പലരും കരുതുന്നത്.ഇതൊരു വല്ലാത്ത മനഃശാസ്ത്രം തന്നെ! കൂട്ടായ്മ, ക്ഷേമം എന്നെല്ലാമുരുവിട്ട് ചിലരൊക്കെ ചേര്‍ന്ന്
.സംഘടയുണ്ടാക്കുന്നു. കുറേക്കഴിയുമ്പോള്‍ സംഘടനയിലുള്ള തങ്ങള്‍ക്കു മാത്രമേ പ്രവര്‍ത്തിക്കാന്‍ അവകാശമുള്ളൂ എന്ന് പ്രഖ്യാപിക്കുന്നു.മറ്റുള്ളവര്‍ പണിയെടുക്കണമെങ്കില്‍ തങ്ങളുടെ അനുവാദം വാങ്ങണമെന്ന് അനുശാസിക്കുന്നു.ഒരു തൊഴില്‍മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സുരക്ഷിതത്വത്തിനും സുഗമജീവിതത്തിനും വേണ്ടിയാണു സംഘടന രൂപം കൊള്ളുന്നത്.എന്നാല്‍, മറ്റു തൊഴില്‍മേഖലകളില്‍ പണിയെടുക്കുന്നവരില്‍ നിന്ന് വ്യത്യസ്തമാണ് കലാകാരന്മാരുടെ സ്ഥിതി.കലാകാരന്മാര് സമൂഹത്തിന്റെ പൊതുസ്വത്തായതുകൊണ്ട് അവര്‍ക്കിടയില്‍ രൂപം കൊടുക്കുന്ന സംഘടനയ്ക്ക് ഒരു ലക്ഷ്യമേയുള്ളൂ-അവര്‍ക്കിടയിലെ കൂട്ടായ്മ മാത്രം.സാഹിത്യകാരന്മാരും ചിത്രകാരന്മാരുമൊക്കെ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.ഒരു സംഘടനയുടെയും അത്താണി അവര്‍ക്കാവശ്യമായി വന്നിട്ടില്ല.എന്നാല്‍, ചിത്രകാരന്മാര് സര്ക്കാരോഫീസുകളിലൊക്കെ ഓരോ തസ്തികയില്‍ വരുമ്പോള്‍ അവരുടെ സംഘടനകള്‍ രൂപപ്പെടാറുണ്ട്.അവിടെ കലാപ്രവര്‍ത്തനം തൊഴിലിനു വഴി മാറുകയാണ്.ചലച്ചിത്രരംഗത്തു കലയും തൊഴിലുമുണ്ട്.രണ്ടും
തമ്മില്‍ തിരിച്ചറിയാന്‍ കഴിയാതെ പോയിരിക്കുന്നതാണ് ഈ മേഖലയുടെ ദുരന്തം.
പുസ്തകമെഴുതുന്ന ആളും ആ പുസ്തകം അച്ചടിക്കുന്ന പ്രസ്സിലെ ബയന്ഡറും ഒരേ തൊഴിലില്‍ ഏര്‍പ്പെട്ടവരാണോ?അങ്ങനെയല്ലെങ്കില്‍,ഒരു സംവിധായകനും ഒരു യൂണിറ്റ് ഡ്രൈവറും ഒരേ സംഘടനയില്‍ അംഗമാകുന്നതും അബദ്ധം തന്നെ.സംവിധായകന്റേതു കലാപ്രവര്‍ത്തനമാണ്.ഡ്രൈവറുടേത് തൊഴില്‍ മാത്രമാണ്.സംവിധായകന് അഞ്ചുകൊല്ലം കൂടുമ്പോഴായിരിക്കും ഒരു സിനിമ ലഭിക്കുന്നത്.ഡ്രൈവര്‍ക്ക് എന്നും പണിയുണ്ടാവും.പിന്നെവിടെയാണ് അവരുടെ ജോലികള്‍ക്കു തമ്മില്‍ സാമ്യം?
ചലച്ചിത്രപ്രവര്‍ത്തനത്തെ കലാപ്രവര്ത്തനമായിക്കാണാന് സംഘടനകള്‍ മടിക്കുന്നത് വിവരക്കേട് കൊണ്ട് മാത്രമല്ല..വാണിജ്യസിനിമയുടെ സൃഷ്ടിയില്‍ കലാസ്പര്ശമില്ലാഞ്ഞതുകൊണ്ടുകൂടിയാണ്.സംഘടിതപ്രവര്ത്തനമാണവിടെ നടക്കുന്നത്. സര്ഗാത്മകപ്രവര്ത്തനമല്ല.അതുകൊണ്ടുതന്നെ സംഘടനാപ്രശ്നം പറഞ് ഒരു സിനിമയുടെ സെറ്റില്‍ ചെന്ന് സംവിധായകനുമേല്‍ മെക്കിട്ടുകയറാന്‍ സംഘടനയിലെ പ്രൊഡക്ഷന്‍ മാനേജര്‍ക്ക് ഒരസൗകര്യവുമില്ല. സംഘടനയുടെ കാര്‍ഡില്ലെങ്കില്‍ പണിയെടുക്കാന്‍ സമ്മതിക്കില്ലെന്നുപറഞ്ഞു അടൂര്‍ ഗോപാലകൃഷ്ണന്റെ
സെറ്റില്‍ വരെ ബഹളമുണ്ടാക്കാന്‍ ആളെത്തിയതായി കേട്ടിട്ടുണ്ട്.സംഘടനയുടെ കാര്‍ഡില്ലെങ്കില്‍ പണിയെടുപ്പിക്കില്ലെന്നു പ്രഖ്യാപിക്കാന്‍ സംഘടനാപ്രവര്‍ത്തകര്‍ക്ക് ആരാണ് അധികാരം കൊടുത്തിട്ടുള്ളത്?
തീരെച്ചെറിയ ബഡ്ജറ്റില്‍ സിനിമ ചെയ്യുന്ന സാമ്പത്തികശേഷി കുറഞ്ഞ നിര്‍മ്മാതാക്കളാണ് സംഘടനകളുടെ പ്രഹരം ഏറെ അനുഭവിക്കാറുള്ളത്. നിര്‍മ്മാതാക്കളുടെ സംഘടനയിലും ചേംബറിലുമൊക്കെ അംഗമാകുന്നതിന് ഒരു ലക്ഷത്തോളം രൂപ ഫീസായി നല്‍കണം. ഇതൊന്നും മുടക്കാതെ ഒരാള്‍ സിനിമ ചെയ്യുകയാണെന്നും ഏതെങ്കിലും തരത്തില്‍ സംഘടനകളുടെ സഹായം കൂടാതെ പ്രദര്‍ശനങ്ങള്‍ നടത്താമെന്നു അയാള്‍ കരുതുന്നുവെന്നും വിചാരിക്കുക.ഈ ചിത്രം സെന്‍സര്‍ ചെയ്തുകിട്ടണമെങ്കില്‍ ചേംബറിന്റെ സര്‍ട്ടിഫിക്കറ്റില്ലാതെ പറ്റില്ല എന്നഒരവസ്ഥയുണ്ട്. കാരണം,സെന്‍സര്‍ ബോര്‍ഡില്‍ ചെല്ലുമ്പോള്‍ ടൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത രേഖ ചോദിക്കും.വാസ്തവത്തില്‍ ഒരു പടം സെന്‍സര്‍ ചെയ്യുമ്പോള്‍ ആ ടൈറ്റില്‍ കൂടിയാണ് രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. ചേംബറിന്റെ ടൈറ്റില്‍ രജിസ്ട്രേഷന് ആവശ്യപ്പെടാന്‍ കാരണം, സെന്‍സര്‍ ബോര്‍ഡുമായി അവരങ്ങനെ ഒരു കരാര്‍ വച്ചിട്ടുള്ളതാണ്.ഇതുവഴി നിര്‍മാതാവിനെ തങ്ങളുടെ പിടിയില്ക്കൊണ്ടുവരികയാണ് ചേംബറിന്റെ ലക്ഷ്യം.അതുകഴിഞ്ഞാല്‍ പിന്നെ പോസ്റ്ററുകളുടെ ക്ലിയറന്‍സ് വേണം.അതും ചേമ്പറില്‍ നിന്ന് തന്നെയാണ് ലഭിക്കേണ്ടത്. റിലീസ് ചെയ്യാന്‍ ഉദ്ദേശ്യമില്ലാത്ത ചിത്രത്തിന് എന്തിനാണ് പോസ്റ്റര്‍ ക്ലിയറന്‍സ്? പോസ്റ്റര്‍ ക്ലിയറന്‍സില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട പോസ്റ്ററുകള്‍ തന്നെയാണോ പിന്നീട് ഉപയോഗിക്കപ്പെടുന്നത്? ഇതൊക്കെ ഉത്തരമില്ലാത്ത ചോദ്യങ്ങളാണ്.നിര്‍മാതാവിനെ ചേംബറിന്റെ പിടിയില്‍ നിര്‍ത്താനുള്ള സൂത്രങ്ങള്‍ മാത്രം.വര്‍ഷങ്ങള്‍ക്കു മുന്‍പ് പോസ്റ്റര്‍ ക്ലിയറന്‍സ് ആവശ്യമായി വന്ന ഒരു സാഹചര്യമുണ്ടായിരുന്നു.മലയാളത്തില്‍ നീലച്ചിത്രങ്ങള്‍ വ്യാപകമായി നിര്‍മിക്കപ്പെട്ട ഒരു കാലം.അവയുടെ പോസ്റ്ററുകള്‍ സഭ്യതയുടെ സീമകള്‍ ലംഘിക്കുന്നവയായിരുന്നു.പരാതികള്‍ വ്യാപകമായതോടെ സെന്‍സര്‍ ബോര്‍ഡ് ഫിലിം ചേമ്പറിനോട് വിശദീകരണം തേടി. അന്ന് ഫിലിം ചേംബര്‍ തങ്ങള്‍ ഒരു കമ്മിറ്റിയെ വച്ച് പോസ്റ്ററുകള്‍ പരിശോധിച്ച് ക്ലിയറന്‍സ് നല്‍കിയശേഷം മാത്രമേ അവ ഉപയോഗിക്കുകയുള്ളൂ എന്ന് സെന്‍സര്‍ ബോര്‍ഡിനെ അറിയിച്ചു.( അന്ന് ഫിലിം ചേംബര്‍ പോസ്റ്ററുകളുടെ ക്ലിയറന്‍സിനായി വച്ച കമ്മിറ്റിയുടെ ചെയര്മാന് അക്കാലത്തെ ഏറ്റവും വലിയ നീലച്ചിത്ര നിര്‍മാതാവായിരുന്നു !) ‘ ഇന്നലെ ചെയ്തോരബദ്ധം ഇന്നത്തെയാചാരമാവാം ‘ എന്ന് ആശാനെഴുതിയപോലെ കാലഘട്ടം മാറിയിട്ടും ചേംബറും സെന്‍സര്‍ ബോര്‍ഡും അത് നില നിര്‍ത്തുകയും ചെറിയ ബഡ്ജറ്റില്‍ സിനിമ ചെയ്യുന്ന ആര്‍ട്ട് ഫിലിം നിര്‍മ്മാതാക്കള്‍ക്ക് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു.
വിവിധസംഘടനകളില്‍ അംഗമാകണമെങ്കില്‍ ഭാരിച്ച തുകയാണ് ഫീസ്.സിനിമയുമായി ബന്ധപ്പെടുന്ന എല്ലാവരും ധനികരാണെന്ന ധാരണയാണ് ഇവരെ നയിക്കുന്നതെന്ന് തോന്നുന്നു.ഇങ്ങനെ ഇവയില്‍ അംഗത്വമെടുത്തുകഴിഞ്ഞാല്‍ എന്താണ് നേട്ടം എന്ന് ചോദിച്ചാല്‍ മറുപടിയില്ല. പോട്ടെ, കൂട്ടായ്മയുടെയും സംഘടനാബോധത്തിന്റെയും വികാരത്തില്‍ അംഗമായാലോ? അഭിപ്രായവ്യത്യാസത്തിന്റെ പേരില്‍ ഏതു നേരത്തും വിലക്ക് വരാം. വിലക്ക് വന്നുകഴിഞ്ഞാല്‍ പിന്നെ ജോലിയില്‍ നിന്ന് പുറത്താക്കുക എന്നതാണ് സംഘടനകള്‍ ചെയ്യുന്ന ഏകകാര്യം.സംഘടനയില്‍ നിന്ന് പുറത്താക്കാം,പക്ഷേ അവര്‍ ജോലി ചെയ്തു ജീവിച്ചോട്ടെ എന്നൊരു മാനുഷികസമീപനം സംഘടനകള്‍ക്കില്ല.തിലകനായിരിക്കും ഇത് പറയുമ്പോള്‍ പലരുടെയും ഓര്‍മയില്‍ വരുന്നത്.ശരിയാണ്.തിലകന് സംഘടനാവിരുദ്ധമായി ചിലതൊക്കെ ചെയ്തിട്ടുണ്ട്.അപ്പോള്‍ സംഘടനയില്‍ നിന്ന് പുറത്താക്കേണ്ടിവന്നു എന്ന് പറഞ്ഞാല്‍ അതവരുടെ ആഭ്യന്തരകാര്യം.എന്നാല്‍, തിലകനെ ആരും അഭിനയിക്കാന്‍ വിളിക്കരുതെന്നും തിലകനോടൊപ്പം അഭിനയിക്കുന്നവരെ പുറത്താക്കുമെന്നും പറയുമ്പോള്‍ സംഘടന ചെയ്യുന്നത് സാമാന്യമര്യാദയുടെ സീമ ലംഘിക്കുകയാണ്.
ഏറ്റവും പ്രാകൃതമായ ഒരു ശിക്ഷാവിധിയാണ് ഊരുവിലക്ക്. ജീവിക്കാനുള്ള അവകാശം റദ്ദു ചെയ്യുന്നു എന്നാണു അതിനര്‍ത്ഥം. എന്തിനും ഏതിനും വിലക്കേര്‍പ്പെടുത്താന്‍ ഒരു സംഘടന തുനി യുകയാണെങ്കില്‍ ബദലിനെക്കുറിച്ചാലോചിക്കുകയാണ് ഏറ്റവും നല്ല മാര്‍ഗം.വിലക്കുകളടിച്ചേല്പ്പിക്കുന്ന സംഘടനാഭാരവാഹികളെ ചാട്ടവാര്‍ കൊണ്ടടിക്കണമെന്നു കുറേക്കാലം മുന്‍പ് ശ്രീനിവാസന് പറയുകയുണ്ടായി.
നല്ല സിനിമകളെ പിന്തുണയ്ക്കുകയും ഒറ്റപ്പെട്ടുപോകുന്നവരെ സഹായിക്കുകയും റിട്ടയര്‍ ചെയ്തവര്‍ക്ക് അവശേഷിക്കുന്ന ജീവിതത്തില്‍ താങ്ങായി നില്ക്കുകയുമൊക്കെയാണ് സംഘടനകള്‍ ചെയ്യേണ്ടത്.തങ്ങളുടെ പ്രവര്‍ത്തനം ആ ദിശയിലാണോ നടക്കുന്നതെന്ന് സംഘടനകള്‍ ഇടയ്ക്കിടെ ആത്മപരിശോധന നടത്തേണ്ടതാവശ്യമാണ്.
വിജയകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: