തിരുവനന്തപുരം: കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യൂവിന്റെ ഭാഗമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ, കേന്ദ്ര സഹമന്ത്രി വി. മുരളീധരന് എന്നിവരെയും ആരോഗ്യവകുപ്പിന്റെ ‘ദിശ’യിലെ പ്രവര്‍ത്തകരെയും വിളിച്ച് അനുമോദിക്കുകയും അവരുടെ സേവനത്തിന് നന്ദി അറിയിക്കുകയും ചെയ്തു.
ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ ഫോണില്‍ വിളിച്ച ഗവര്‍ണര്‍ കേരളത്തിലെ കൊറോണ പ്രതിരോധത്തിന് നല്കുന്ന നേതൃത്വം ആദരം അര്‍ഹിക്കുന്നതായി പറഞ്ഞു. സംസ്ഥാനത്തെ ആശുപത്രികളിലും മറ്റിടങ്ങളിലും നിരവധിപേര്‍ നടത്തുന്ന സ്തുത്യര്‍ഹമായ പ്രവര്‍ത്തനത്തിന് മന്ത്രിയെ അഭിനന്ദിക്കുന്നതായും ഗവര്‍ണര്‍ പറഞ്ഞു.
സ്വയം നിരീക്ഷണത്തിന് വിധേയനാകാന്‍ തീരുമാനിച്ചിരുന്ന കേന്ദ്ര സഹമന്ത്രി വി. മുരളീധരനെ ഗവര്‍ണര്‍ ആശംസയറിയിച്ചു. ടെസ്റ്റ് നെഗറ്റീവ് ആയതില്‍ സന്തോഷവും അറിയിച്ചു. വൈകിട്ട് അഞ്ചുമണിയോടെ ‘ദിശ’ പ്രവര്‍ത്തകരുമായി അദ്ദേഹം വീഡിയോ കോള്‍ നടത്തി. ‘ഈ പ്രയാസമേറിയ ദിവസങ്ങള്‍ ഒന്ന് കഴിഞ്ഞോട്ടെ, നിങ്ങളെയെല്ലാം ഞാന്‍ രാജ് ഭവനിലേയ്ക്ക് ക്ഷണിക്കുന്നുണ്ട്.
രണ്ട് ഷിഫ്റ്റായി ജോലി ചെയ്യുന്ന നിങ്ങളെയും അതിനുള്ള പൂര്‍ണ പിന്തുണ നല്കുന്ന നിങ്ങളുടെ കുടുംബാംഗങ്ങളെയും ഞാന്‍ അഭിനന്ദിക്കുന്നു. നിങ്ങളുടെ സേവനത്തെ വിവരിക്കാന്‍ വാക്കുകളില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: