കാശ്മീരശൈവത്തിലെ മേല്‍പ്പറഞ്ഞ അനുപായം അഥവാ ആനന്ദോപായം എന്ന വഴിയെ പഠിച്ചു നോക്കുമ്പോള്‍ ശരീരമനോബുദ്ധികളുടെ ആരോഗ്യത്തെ ഹനിക്കാത്തതും നമ്മുടെ സാധാരണദൈ്വതബോധതലത്തിലെ പ്രസാദാത്മകത നിലനിര്ത്താനുതകുന്നതും അതേ സമയം അവാച്യമായ ആനന്ദാനുഭൂതി നല്‍കുന്നതുമായ ഒരു അദ്വയബോധതലം മൗലികമായി ഉണ്ടെന്നും അതിന്റെ സഹജമായ അനുഭവം അകൃത്രിമമായി കൈവരിക്കാമെന്നും മനസ്സിലാക്കാം. പരശുരാമകല്പസൂത്രം, പ്രത്യഭിജ്ഞാഹൃദയം, വിജ്ഞാനഭൈരവതന്ത്രം, ത്രിപുരാരഹസ്യം തുടങ്ങിയവ ഇത്തരമൊരു ബോധതലത്തേയും അവസ്ഥയേയും പറ്റി പറയുന്നുണ്ട്. തന്ത്രഹഠമാര്ഗങ്ങളില് വിവരിക്കുന്ന പലതും കേവലം കൃത്രിമമായി അനുഭവിക്കാവുന്ന അവസ്ഥകളാണെന്ന കാര്യവും ഈ അനുപായത്തെ വിവരിക്കുന്ന ഗ്രന്ഥങ്ങളില്‍ പറയുന്നുമുണ്ട്. താന്ത്രികപഞ്ചമകാരപ്രക്രിയ,പ്രാണായാമാദി ഹഠയോഗക്രിയകള് തുടങ്ങിയവയിലൂടെ വേദ്യമാകുന്ന ഇത്തരം അനുഭൂതികളെ കാമാനന്ദം എന്നാണ് അദൈ്വതശൈവഗ്രന്ഥങ്ങള് പൊതുവേ പറയുന്നത്.
ദ്രവ്യമല്ല ബോധസത്തയാണ് പ്രപഞ്ചബോധത്തിനടിസ്ഥാനം എന്ന ആധ്യാത്മികദര്‍ശനം ഹിന്ദുവിന്റെ സംഭാവനയാണ്. അതീന്ദ്രിയബോധാനുഭൂതി അന്യദേശങ്ങളിലെ ചില വ്യക്തികള്‍ക്കും ഉണ്ടായിട്ടുണ്ട് എന്നു ചരിത്രം പറയുന്നു. പക്ഷേ അവരാരും ആ അനുഭൂതിയുടെ അടിസ്ഥാനത്തില്‍ ഒരു ദര്‍ശനത്തെ രൂപപ്പെടുത്തിയിട്ടില്ല. ഹിന്ദുദാര്ശനികനാണ് അതു ചെയ്തത്. മനുഷ്യനു സാധാരണമായി അനുഭവപ്പെടുന്ന ജാഗ്രത്ത്, സ്വപ്നം, സുഷുപ്തി എന്നീ മൂന്നു ബോധാവസ്ഥകളില് നിന്നും തികച്ചും വ്യത്യസ്തമാണ് ഈ തുരീയാനുഭൂതി എന്നു ഹിന്ദുദാര്ശനികന് മനസ്സിലാക്കി. ആദ്യത്തേ മൂന്നിലും ഉണ്ടാകുന്ന അറിവ് പരോക്ഷം (indirect) ആണെന്നും തുരീയം മാത്രമാണ് അപരോക്ഷം (direct) എന്ന യാഥാര്‍ത്ഥ്യവും മനസ്സിലാക്കി. ഈ തുരീയത്തിലനുഭവവേദ്യമാകുന്ന അനന്തവും ആനന്ദഘനവും ആയ ബോധസത്തയാണ് പ്രപഞ്ചനിദാനം എന്ന് അനുമാനിച്ചു. ആ ബോധതലത്തിലെത്തുന്ന വ്യക്തിക്ക് മറ്റൊന്നില്‍ നിന്നും ലഭിക്കാത്ത സുഖവും സന്തോഷവും സംതൃപ്തിയും സ്ഥിരപ്പെടുന്നു എന്നും പരീക്ഷണനിരീക്ഷണങ്ങളിലൂടെ കണ്ടെത്തി. ആ അനന്ദാവസ്ഥയിലെത്തിച്ചേരലാണ് സകലജീവജാലങ്ങളുടെയും എല്ലാതരം
പ്രവൃത്തികളുടെയും ആത്യന്തികലക്ഷ്യം എന്നും അറിഞ്ഞു. ആ ബോധാവസ്ഥയെ മറ്റൊരു വ്യക്തിക്ക് ക്ഷണനേരത്തേക്കെങ്കിലും പകരാനുള്ള ഉപായവുംഹിന്ദുദാര്ശനികന് കണ്ടെത്തി. അങ്ങിനെ പൂര്‍ണ്ണമായും ശാസ്ത്രീയമായ ഒരു ദര്‍ശനമാണ് ഹിന്ദുവിന്റെ ഈ ആധ്യാത്മികദര്‍ശനം. മേല്‍പ്പറഞ്ഞ മൂന്നാംധാരയുടെ ദര്‍ശനമാണിത്. സിദ്ധപരമ്പരയാണ് ഇതിനെ ഇവിടെ നില നിര്‍ത്തിയതും സ്വജീവിതത്താല്‍ പ്രത്യക്ഷമായി ബോധ്യപ്പെടുത്തിയതും പ്രചരിപ്പിച്ചതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: