നിര്‍ഭയയെ നിഷ്ഠൂരമായി ബലാത്സംഗം ചെയ്ത് മരണത്തിലേക്ക് വലിച്ചെറിഞ്ഞ നാരാധമന്മാര്ക്ക് നമ്മുടെ നീതിന്യായ വ്യവസ്ഥയില്‍ നിയമപ്രകാരം നല്കാവുന്ന ഏറ്റവും കടുത്ത ശിക്ഷ നീതിപീഠം നല്കിയിരിക്കുന്നു. നിര്‍ഭയ ആ നിമിഷങ്ങളിലും പിന്നീട് മരണം വരെയും അനുഭവിച്ച ശാരീരികവും മാനസികവുമായ വേദനകളുടെ തീവ്രത കണക്കിലെടുക്കുമ്പോള്‍ ഈ ശിക്ഷയും അപര്യാപ്തമാണ്. നിര്‍ഭയ കേസ് ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിലെ ഒരു വഴിത്തിരിവാണ്. ശിക്ഷാനിയമത്തെയും ക്രിമിനല്‍ നടപടി ക്രമത്തേയും ഉടച്ചുവാര്‍ക്കാന്‍ ഈ കേസ് കാരണമായി. അത്രയൊന്നും തീവ്രമായി കണക്കാക്കാതെ പോയിരുന്ന സ്ത്രീകള്‍ക്കുനേരെയുള്ള പല അതിക്രമങ്ങളും ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യങ്ങളായി മാറിയത് നിര്‍ഭയ കേസിനു ശേഷം നിയമിച്ച ജസ്റ്റിസ് വര്‍മ്മ കമ്മീഷന്റെ നിര്‍ദ്ദേശങ്ങളെ തുടര്‍ന്നാണ്.
ബലാത്സംഗ കേസുകള്‍ കേള്‍ക്കാന്‍ അതിവേഗ കോടതികള്‍ സ്ഥാപിക്കാനായതും ശ്രദ്ധേയമാണ്. ക്രൂരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന 16 വയസ് തികഞ്ഞ പ്രതികളെ പ്രായപൂത്തിയായവരെ പോലെതന്നെ വിചാരണക്ക് വിധേയമാക്കാവുന്ന തരത്തില്‍ ജുവനൈല്‍ നിയമത്തിലും ഭേദഗതിയുണ്ടായി. നിയമത്തിന്റെ കരങ്ങളെ കൂടുതല്‍ ശക്തമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഇന്ത്യയുടെ നിയമനിര്‍മ്മാണസഭ തയാറായെങ്കിലും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഇന്നും തെക്കെന്നോ വടക്കെന്നോ വ്യത്യാസമില്ലാതെ. 1990ല്‍ 14കാരിയെ ബലാത്സംഗം ചെയ്തു കൊന്ന കുറ്റത്തിന് 2004ല്‍ തൂക്കിലേറ്റപ്പെട്ട ധനഞ്ജയ ചാറ്റര്‍ജീയുടെ വധശിക്ഷ ഈ സമൂഹത്തിന് ഒരു പാഠവുമായില്ലേയെന്ന് ചിന്തിച്ചുപോകുന്നു. പീഡനത്തിനും ബലാത്സംഗത്തിനും ഇരകളാകുന്ന പെണ്‍കുട്ടികളുടെ ജീവനെടുക്കുന്ന പ്രവണത ഇന്ന് ഏറിവരികയാണ്. ഇത്തരത്തില്‍ തെളിവ് നശിപ്പിച്ച് രക്ഷപ്പെട്ടു നടക്കുന്ന എത്രയോ കുറ്റവാളികള്‍ ഈ സമൂഹത്തില്‍ നമുക്കിടയില്‍തന്നെയുണ്ട്. നീതിന്യായ സംവിധാനത്തിന്റെ പടിക്കല്‍ പോലും എത്താനാകാതെ വീടിനകത്ത് പേടിച്ചും വേദന സഹിച്ചും കഴിഞ്ഞുകൂടുന്ന നൂറുകണക്കിന് പെണ്‍കുട്ടികള്‍ നമുക്കുചുറ്റുമുണ്ട്.
തൊഴിലിടത്തെ ചൂഷണങ്ങള്‍ക്ക് വിധേയരാകുന്നവര്‍ ഒരിടത്ത്, രക്ഷകരെന്ന വ്യാജേന ആദിവാസി മേഖലകളില്‍ കാരുണ്യത്തിന്റെ കറുത്തകരങ്ങളുമായെത്തുന്ന കുറെപേര് മറ്റൊരിടത്ത്. ഈ രാജ്യത്തിന്റെ സാമൂഹ്യ മനസ്സാക്ഷി സ്ത്രീയെ ഒരു ഉപഭോഗവസ്തു മാത്രമായി കാണുന്ന അവസ്ഥയ്ക്ക് മാറ്റം വരാത്ത കാലത്തോളം നെഞ്ചില്‍ കാളലില്ലാതെ ജീവിക്കാന്‍ ഈ രാജ്യത്തെ സ്ത്രീകള്‍ക്ക് കഴിയില്ല.
എല്ലാ കുറ്റകൃത്യങ്ങളുടെയും ഉത്ഭവസ്ഥാനം അതിലേര്‍പ്പെടുന്നവരുടെ മനസ്സാണ്. തങ്ങള്‍ ചെയ്യുന്ന കുറ്റകൃത്യത്തിന്റെ ആഴവും പരപ്പും അവര്‍ക്ക് അറിയാതെയല്ല, മറിച്ച് ഇന്നും നമ്മുടെ സമൂഹമനസ്സാക്ഷിയില്‍ അന്തര്‍ലീനമായി കിടക്കുന്ന പുരുഷമേധാവിത്വത്തിന്റെ തിണ്ണ മിടുക്കാണ് ഇത്തരം കുറ്റകൃത്യങ്ങളിലൂടെ ആവര്‍ത്തിക്കപ്പെടുന്നത്. വധശിക്ഷ നടപ്പാക്കുന്നതിലെ മനുഷ്യാവകാശ ലംഘനത്തെ കുറിച്ച് ഏറെ വ്യാകുലപ്പെടുന്നവരുമുണ്ട്. ഒരു പൗരന് ഭരണഘടന നല്കുന്ന ജീവിക്കാനുള്ള അവകാശത്തെ നിഷേധിക്കാന്‍ ഭരണകൂടത്തിന് പോലും അവകാശമില്ല എന്നവര്‍ വാദിക്കുന്നു. ആ അവകാശം കുറ്റവാളികളാല്‍ ജീവന് നഷ്ടപ്പെട്ട പെണ്‍കുട്ടിക്കും ഭരണഘടന നല്കിയിരുന്നെന്നതും ഒരു പൗരന് ഈ നാട്ടില്‍ ജീവിക്കാനുള്ള അവകാശം നിലവിലുള്ള നിയമത്തിന് അനുസൃതമായി മാത്രമാണെന്ന് ഇതേ ഭരണഘടന അനുശാസിക്കുന്നു എന്നതും സൗകര്യപൂര്‍വ്വം മറക്കുന്നു. നിയമത്തിന്റെ എല്ലാ പഴുതുകളും ഉപയോഗിച്ചുകൊണ്ട് വധശിക്ഷയില്‍ നിന്നും കുറ്റവാളികളെ രക്ഷിച്ചെടുക്കാനും വധശിക്ഷ നീട്ടിക്കൊണ്ടുപോകാനും അനവരതം പരിശ്രമിച്ച അഭിഭാഷകന് നിര്‍ഭയ കേസില്‍ തന്റെ കര്‍ത്തവ്യ നിര്‍വഹണത്തില്‍ ബദ്ധശ്രദ്ധനായി നിലകൊണ്ടു.
തൂക്കിലേറ്റപ്പെടുന്നതിന് മണിക്കൂറുകള്‍ മുമ്പുവരെ കോടതികളുടെയും സമൂഹത്തിന്റെയും രൂക്ഷവിമര്‍ശനം ഏറ്റുവാങ്ങിക്കൊണ്ടുപോലും കുറ്റവാളികള്‍ക്ക് നിയമപരിരക്ഷ ഉറപ്പാക്കാന്‍ അദ്ദേഹം ശ്രമിച്ചു. മറുവശത്ത് മകളുടെ ഘാതകര്‍ക്ക് തൂക്കുകയറില്‍ അന്ത്യം കുറിക്കുന്നതുവരെ നിയമവഴിയില്‍ നിതാന്ത ജാഗ്രതയോടെയിരുന്ന ആ അമ്മയെ ഓര്‍ക്കാതെപോകരുത്. ഭാരതത്തിലെ എല്ലാ പെണ്‍കുട്ടികള്‍ക്കുമായി തന്റെ നിയമപോരാട്ടത്തിന്റെ വിജയം സമര്‍പ്പിക്കുമ്പോള്‍ നിര്‍ഭയയുടെ അമ്മയുടെ ഇടനെഞ്ചിലെ നീറ്റലിന് ഈ വിധി അല്‍പ്പമെങ്കിലും ശമനമേകിയെങ്കില് അതാണ് എഥാര്ത്ഥവിജയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: