കൊച്ചി: മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് വനവാസികളില്നിന്നുള്പ്പെടെ ശേഖരിച്ച പണം പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഫോറസ്റ്റ് ഡിവിഷനിലെ ഉദ്യോഗസ്ഥര്‍ വെട്ടിച്ചു. റിസര്‍വിന് കീഴിലുള്ള 30 ഇക്കോ ഡവലപ്മെന്റ് കമ്മിറ്റി (ഇഡിസി) കളില്‍നിന്ന് ശേഖരിച്ച പണമാണ് തട്ടിച്ചത്. ഇതേക്കുറിച്ച് ഫോറസ്റ്റ് വിജിലന്‍സ് വിഭാഗം അന്വേഷണം തുടങ്ങി.
ഇഡിസികള്‍ വനത്തിനുള്ളിലും പുറത്തുമായി വന സംരക്ഷണത്തിനും ജോലികള്‍ക്കുമായി പ്രവര്‍ത്തിക്കുന്നവരുടെ സമിതിയാണ്. ഇവരില്‍നിന്ന് 2018ലെ പ്രളയ ദുരിതാശ്വാസത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെന്നു പറഞ്ഞ് 10,000 രൂപ വീതമാണ് ശേഖരിച്ചത്. ഇങ്ങനെ ശേഖരിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നേരിട്ട് അടയ്ക്കണമെന്നാണ് ചട്ടം. ഇതിന് പ്രത്യേകം രസീതുമുണ്ടാക്കിയിരുന്നു. എന്നാല്‍, കൈകൊണ്ടെഴുതി തയാറാക്കിയ താത്കാലിക രസീതാണ് ഇഡിസികള്ക്ക് നല്‍കിയത്.
പിരിച്ച പണത്തില്‍ 49,000 രൂപ വിവിധ ആവശ്യങ്ങള്‍ക്ക് ചെലവായതായി കണക്കുണ്ടാക്കിയിട്ടുണ്ട്. ഇങ്ങനെ ചെലവിടുന്നത് ചട്ടവിരുദ്ധമാണ്. ശേഷിച്ച 1,68,000 രൂപ മുഖ്യമന്ത്രിയുടെ നിധിയിലേക്ക് നേരിട്ട് നല്കുന്നതിനു പകരം പെരിയാര്‍ ടൈഗര്‍ ഫൗണ്ടേഷനില്‍ നിക്ഷേപിച്ചു. ഇതും ചട്ട വിരുദ്ധമാണ്. ഡിഎഫ്ഒയുടെ നിര്‍ദേശ പ്രകാരം, അവരുടെ മേല്‍നോട്ടത്തില്‍ ഇക്കോ ഡവലപ്മെന്റ് റേഞ്ച് ഓഫീസറാണ് പണം പിരിച്ചതും ഫണ്ട് കൈകാര്യം ചെയ്തതും. ഡിഎഫ്ഒയുടെ നിര്‍ദേശ പ്രകാരം, ടൈഗര്‍ ഫൗണ്ടേഷനില്‍ നിക്ഷേപിച്ച പണം മറ്റ് ആവശ്യം പറഞ്ഞ് രസീതു നല്കി തിരികെ വാങ്ങി. 8000 രൂപ ഇപ്പോഴും ഫൗണ്ടേഷനില്‍ നിക്ഷേപമായി ബാക്കിയുണ്ട്.
പെരിയാര്‍ ടൈഗര്‍ ഫൗണ്ടേഷന് മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു. ആ പണത്തില്‍ ഇഡിസി വഴി ശേഖരിച്ച പണവുമുണ്ടെന്ന് വരുത്താനുള്ള ശ്രമങ്ങളാണ് ഈ കൃത്രിമങ്ങള്‍ക്ക് പിന്നില്‍. ദൈനംദിന ജോലിയില്‍നിന്ന് കിട്ടുന്ന സമ്പാദ്യം മിച്ചംപിടിച്ചാണ് വനവാസികള്‍ ഉള്‍പ്പെടെ അംഗങ്ങളായ ഇഡിസികള്‍ പ്രളയ ബാധിതര്‍ക്ക് സഹായത്തിനായി പണം നല്‍കിയത്. ആ പണമാണ് വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ അപഹരിച്ച് കീശയിലാക്കിയത്.
പെരിയാര്‍ ടൈഗര്‍ ഫോറസ്റ്റ് ഡിവിഷന് കീഴില്‍ നടക്കുന്ന ഒട്ടേറെ ക്രമക്കേടുകള്‍ പുറത്തുവന്നിട്ടും സംസ്ഥാനതലത്തില്‍ അതു സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ടും നടപടി ശുപാര്‍ശകളും കിട്ടിയിട്ടും നടപടികള്‍ മാത്രം ഉണ്ടാകുന്നില്ല. ടൈഗര്‍ റിസര്‍വില്‍ വനം കൈയേറി മൈതാനം നിര്‍മിച്ചു. ഇത് അന്വേഷിക്കാന്‍ ചെന്ന വിജിലിന്‍സ് ഉദ്യോഗസ്ഥനെ വഞ്ചിവയലില്‍ മര്‍ദിച്ചു. ഈ സംഭവത്തില്‍ ശിക്ഷാ നടപടിക്കുള്ള ശുപാര്‍ശകള്‍ കിട്ടിയിട്ട് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പോലും മേല്‍നടപടിക്ക് തയാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: