ന്യൂദല്‍ഹി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു. പ്രതിപക്ഷ ബഹളത്തിനിടെയായിരുന്നു സത്യപ്രതിജ്ഞ. സമാജ്വാദി പാര്‍ട്ടി ഒഴികെയുള്ള പ്രതിപക്ഷ അംഗങ്ങള്‍ സത്യപ്രതിജ്ഞ നാണക്കേടാണെന്ന് ആരോപിച്ച് ഇറങ്ങിപ്പോയി. പ്രതിപക്ഷം തന്നെ ഉടന്‍ സ്വാഗതം ചെയ്യുമെന്ന് പാര്‍ലമെന്റ് വളപ്പില്‍ വാര്‍ത്താഏജന്‍സിയോട് ഗൊഗോയ് പ്രതികരിച്ചു.
കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ഗൊഗോയിയെ സ്വാഗതം ചെയ്തു. മുന്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ വ്യത്യസ്ത മേഖലയിലുള്ള നിരവധി പ്രഗത്ഭര്‍ അംഗങ്ങളായിട്ടുള്ള മഹത്തായ പാരമ്പര്യമാണ് രാജ്യസഭയ്ക്കുള്ളത്. ഗൊഗോയിക്ക് ഒരുപാട് സംഭാവനകള്‍ നല്കാന് കഴിയും. കോണ്‍ഗ്രസ്സിന്റെ പ്രതിഷേധം ശരിയല്ല, അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യസഭയിലേക്ക് രാഷ്ട്രപതി അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യുന്നതിന് നിയമങ്ങളും നടപടിക്രമങ്ങളുമുണ്ടെന്നും പ്രതിപക്ഷം ഈ രീതിയില്‍ പെരുമാറുന്നത് ശരിയല്ലെന്നും സഭാധ്യക്ഷനും ഉപരാഷ്ട്രപതിയുമായ വെങ്കയ്യ നായിഡു വ്യക്തമാക്കി. സമാജ്വാദി പാര്‍ട്ടി ഒഴികെയുള്ള പ്രതിപക്ഷ പാര്‍ട്ടികളാണ് സത്യപ്രതിജ്ഞയ്ക്കിടെ മേശമായ നടപടി സഭയില്‍ സ്വീകരിച്ചത്.
മുന്‍ ചീഫ് ജസ്റ്റിസിനെ എംപിയാക്കിയത് ജുഡീഷ്യറിയുടെ വിശ്വാസ്യത നശിപ്പിക്കുന്ന നടപടിയാണെന്നാണ് കോണ്‍ഗ്രസ്സിന്റെ ആരോപണം. അയോധ്യ, റഫാല്‍ വിധികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്കിയ ഉപഹാരമാണ് സ്ഥാനമെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍, നേരത്തെ മുന്‍ ചീഫ് ജസ്റ്റിസ് രംഗനാഥ മിശ്രയെ ഒഡീഷയില്‍നിന്ന് പാര്‍ട്ടി ടിക്കറ്റില്‍ മത്സരിപ്പിച്ച് കോണ്‍ഗ്രസ് രാജ്യസഭാംഗമാക്കിയിരുന്നു. 1998 മുതല്‍ 2004 വരെയാണ് മിശ്ര എംപിയായിരുന്നത്. കേരള, ഗുജറാത്ത് ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസായിരുന്ന സുബ്രഹ്മണ്യന് പോറ്റി ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി കേരളത്തില്‍ മത്സരിച്ചിട്ടുണ്ട്. എന്നാല്‍, നിയമ വിദഗ്ധനെന്ന നിലയില്‍ രാഷ്ട്രപതിയുടെ നോമിനേറ്റഡ് എംപിയായി രാജ്യസഭയിലേക്കെത്തിയ മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനോട് മോശമായ പെരുമാറ്റമാണ് പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നുണ്ടായത്. 2018 ഒക്ടോബര്‍ മൂന്ന് മുതല്‍ 2019 നവംബര്‍ 17 വരെയാണ് ഗൊഗോയ് ചീഫ് ജസ്റ്റിസായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: