കൊച്ചി: കൊറോണാ കാലത്തും മാധ്യമങ്ങളെ വരുതിയില്‍നിര്‍ത്താന്‍ പോലീസ്. കേരളത്തില്‍ ആദ്യമായി കൊറോണാ നിരീക്ഷണത്തില്‍നിന്ന് യുവാവ് രക്ഷപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്ത ജന്മഭൂമി കളമശേരി പ്രാദേശിക ലേഖകന്‍ എസ്. ശ്രീജിത്തിനെ വാര്‍ത്തയുടെ ഉറവിടം അറിയാന്‍ പോലീസ് ചോദ്യം ചെയ്തു. കളമശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ ശ്രീജിത്തിന്റെ മൊബൈല്‍ഫോണ്‍ കസ്റ്റഡിയില്‍ എടുത്തു. എല്ലാ രേഖകളുടേയും അടിസ്ഥാനത്തില്‍ വാര്‍ത്ത നല്‍കിയിട്ടും പോലീസ് സ്വീകരിച്ച നടപടിക്കെതിരെ പ്രതിഷേധം ശക്തമായി. പോലീസ് നടപടി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ. ശൈലജയും അറയിച്ചു.
ശ്രീജിത്തിന്റെ മൊബൈല്‍ ഫോണ്‍ 24 മണിക്കൂര്‍ കസ്റ്റഡിയില്‍ വെച്ചു. തെറ്റായ വാര്‍ത്ത നല്കിയതിനല്ല കളമശേരി പോലീസിന്റെ നടപടി എന്നതാണ് ശ്രദ്ധേയം. വാര്‍ത്ത എവിടുന്നു കിട്ടി എന്നു വെളിപ്പെടുത്തണം എന്നാണ് പോലീസ് ആവശ്യപ്പെട്ടത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദേശ പ്രകാരമാണെന്നാണ് വിശദീകരണം. പരാതി ആരുടേതാണെന്ന് പറയാന്‍ പോലീസ് തയാറായില്ല. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ട് ആറു മുതല്‍ എട്ടു വരെ ശ്രീജിത്തിനെ കളമശേരി പോലീസ് സ്റ്റേഷനില്‍ തടഞ്ഞുവെച്ചു. എട്ടു മണിക്ക് ഫോണ്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. ചൊവ്വാഴ്ച ശ്രീജിത്തിന് വാര്‍ത്ത നല്‍കാനും കഴിഞ്ഞില്ല.
ഫോണ്‍ ബുധനാഴ്ച വൈകിട്ട് തിരികെ നല്കി. വിവിധ മാധ്യമങ്ങളില്‍ സര്‍ക്കാര്‍-പോലീസ് നടപടികളെ വിമര്‍ശിച്ച് വാര്‍ത്ത വന്നതോടെ അറസ്റ്റ് അടക്കമുള്ള തുടര്‍നടപടികളില്‍ നിന്ന് പിന്മാറുകയായിരുന്നു.
വിദേശത്തു നിന്നെത്തി ഐസൊലേഷനിലായ യുവാവാണ് മാര്‍ച്ച് രണ്ടിന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നിന്ന് ചാടിപ്പോയത്. ആളെ ഉടന്‍ കണ്ടു പിടിച്ചില്ലെങ്കില്‍ സാമൂഹ്യ പ്രശ്നമാകുമെന്നും അടിയന്തര നടപടി വേണമെന്നും ആവശ്യപ്പെട്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജില്ലാ കളക്ടര്‍ക്ക് രേഖാമൂലം അറിയിപ്പു നല്കി. ഇതിന്റെ പകര്‍പ്പു സഹിതം ജന്മഭൂമി ഓണ്‍ലൈനില്‍ മാര്‍ച്ച് രണ്ടിന് രാത്രിതന്നെ വാര്‍ത്ത പ്രസിദ്ധീകരിച്ചു. വൈകാതെ ഈ യുവാവ് തിരികെ എത്തി, ആ വാര്‍ത്തയും ജന്മഭൂമി പ്രസിദ്ധീകരിച്ചു.
പിറ്റേന്ന് ജില്ലാ കളക്ടറും ഡിഎംഒയും സംഭവം വിശദീകരിച്ചു, ഔദ്യോഗികമായി ശരിവച്ചു. സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക പത്രക്കുറിപ്പിറക്കി. കൊറോണാ പ്രതിരോധം കുറ്റമറ്റതാണെന്നു സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ വന്നപ്പോള്‍ കളമശേരി സംഭവം സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായി. തുടര്‍ന്ന് ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് സര്‍ക്കാര്‍ പത്രക്കുറിപ്പിറക്കി. പിന്നാലെ പോലീസ് കേസെടുത്ത് അന്വേഷിക്കുകയുമായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ജന്മഭൂമി ലേഖകന്‍ അടക്കമുള്ള കളമശേരിയിലെ പ്രാദേശിക പത്രപ്രവര്‍ത്തകരെ കളമശേരി പോലീസ് ചോദ്യം ചെയയ്തത്.
സമൂഹം ജാഗ്രതയോടെ, കരുതലോടെ ഇരിക്കാന്‍ അറിയിപ്പു നല്കുന്ന വിധം വാര്‍ത്ത പ്രസിദ്ധീകരിച്ചപ്പോള്‍ നടപടി സ്വീകരിച്ച പോലീസിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. മാധ്യമ പ്രവര്‍ത്തനം തടഞ്ഞ അടിയന്തരാവസ്ഥയിലെ പ്രവര്‍ത്തനത്തിന് സമാനമാണ് ഈ നടപടിയെന്ന് വിവിധ സംഘടനാ നേതാക്കള്‍ പറഞ്ഞു. സിപിഎമ്മും ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പ്രതിക്കൂട്ടിലായ പ്രളയ ദുരിതാശ്വാസ തട്ടിപ്പുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ പുറത്തു കൊണ്ടുവന്നത് ശ്രീജിത്തായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: