ആലപ്പുഴ: കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ക്ക് സംസ്ഥാനത്ത് ആവശ്യക്കാരില്ല. ഓരോ മാസവും റേഷന്‍ കടകളില്‍ ഭക്ഷ്യധാന്യങ്ങള്‍ 10 ശതമാനത്തോളം കുറവാണ് ചെലവാകുന്നത്. എല്ലാ മാസവും മുഴുവന്‍ വിഹിതവും കേന്ദ്രത്തില്‍നിന്ന് ഏറ്റെടുക്കുന്നതുമൂലം ഇത് ഗോഡൗണില്‍ക്കിടന്ന് പഴകി നശിക്കുന്നു. അതിനാല്‍ നാലു മാസമായി ചെലവു കുറവുള്ള ഭക്ഷ്യധാന്യം കുറച്ചാണ് സംസ്ഥാനം കേന്ദ്രത്തില്‍നിന്ന് ഏറ്റെടുക്കുന്നത്.
നിലവില്‍ റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്നതിനുള്ള സ്റ്റോക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഗോഡൗണുകളിലുണ്ട്. കൊറോണ വ്യാപകമായാല്‍ ഈ മാസം റേഷന്‍ ധാന്യങ്ങള്‍ക്ക് ആവശ്യക്കാരേറുമെന്നാണ് കണക്കുകൂട്ടല്‍. അങ്ങനെ സംഭവിച്ചാല്‍ അടുത്ത മാസം മുഴുവന്‍ വിഹിതവുമെടുക്കാനാണ് നീക്കം.
കൊറോണയുടെ പശ്ചാത്തലത്തില്‍ വരുന്ന മാസങ്ങളില്‍ റേഷന്‍ കടകളില്‍ ഉപഭോക്താക്കള്‍ വര്‍ദ്ധിക്കുമെന്നാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ പ്രതീക്ഷ. അതിനിടെ, കൊറോണ പടരുന്നത് തടയാനായി റേഷന്‍കടകളിലും പ്രതിരോധം ശക്തമാക്കി. കാര്‍ഡുടമകളെ കൂടുതല്‍നേരം റേഷന്‍കടകളില്‍ നിര്‍ത്താതെ പെട്ടെന്നുതന്നെ സാധനങ്ങള്‍ നല്‍കി തിരിച്ചയയ്‌ക്കാനുള്ള സംവിധാനമേര്‍പ്പെടുത്തി. മാനുവല്‍ വിതരണ രജിസ്റ്റര്‍ എഴുതി തയ്യാറാക്കുക, ഗുണഭോക്താവ് രജിസ്റ്ററില്‍ ഒപ്പിടുക എന്നിവ താത്കാലത്തേക്ക് ഒഴിവാക്കി.
വിതരണ വിവരങ്ങള്‍ റേഷന്‍ കാര്‍ഡില്‍ പതിച്ച് നല്‍കില്ല. ഗുണഭോക്താവില്‍നിന്ന് വാങ്ങുന്ന പണവും തിരികെ കൊടുക്കുന്ന പണവും ഒരു ബാഗിലോ മേശപ്പുറത്തോ പ്രത്യേകം വയ്‌ക്കണം. ഭക്ഷ്യധാന്യങ്ങള്‍ ഗുണഭോക്താവിന്റെ സഞ്ചിയിലേക്ക് സ്പര്‍ശിക്കാതെ പകര്‍ന്നു നല്‍കണം. കാര്‍ഡുടമകള്‍ക്ക് ഒടിപി എടുക്കാനോ പറഞ്ഞു തരാനോ അറിയില്ലെങ്കില്‍ റേഷന്‍ വ്യാപാരി/സെയില്‍സ്മാന്‍ മൊബൈല്‍ ഫോണ്‍ വാങ്ങി നോക്കേണ്ടതില്ല, പകരം മാനുവല്‍ വിതരണത്തിലേക്ക് കടക്കാം. മുന്‍കരുതല്‍ എന്നനിലയില്‍ റേഷന്‍ വ്യാപാരി/സെയില്‍സ്മാന്‍, ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കണം. കാര്‍ഡുടമകള്‍ക്കും നല്‍കണം. എന്നാല്‍ ഇതിന്റെ ചെലവ് അതത് റേഷന്‍ വ്യാപാരികളാണ് വഹിക്കേണ്ടത്.
















