ന്യൂദല്‍ഹി: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്നലെ മുതല്‍ സുപ്രീംകോടതിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഹോളി അവധിക്ക് ശേഷമുള്ള ആദ്യ പ്രവൃത്തി ദിനമായ ഇന്നലെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചടക്കം ഏഴ് ബെഞ്ചുകള്‍ മാത്രമാണ് പ്രവര്‍ത്തിച്ചത്.
നിയമജ്ഞര്‍ക്കു മാത്രമാണ് പ്രവേശനം അനുവദിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമായിരുന്നു. മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമാണ് ഒരേ സമയം കോടതിയിലേക്ക് പ്രവേശനം നല്‍കിയത്. കോടതി പരിസരത്ത് പ്രവേശിക്കണമെങ്കില്‍ ഇവര്‍ എല്ലാ ഗേറ്റുകളിലും തെര്‍മല്‍ സ്‌ക്രീനിങ്ങിന് വിധേയമാകണം. ശരീരോഷ്മാവ് അനുവദനീയമായ അളിവില്‍ കൂടുതലാണെങ്കില്‍ കോടതിയില്‍ പ്രവേശിക്കാനാകില്ല.
തെര്‍മല്‍ സ്‌ക്രീനിങ്ങിന് ശേഷം ലഭിക്കുന്ന ഫോമില്‍, അടുത്തിടെ വൈറസ് ബാധിത രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്, രോഗ ലക്ഷണങ്ങളുണ്ട്, കുടുംബാംഗങ്ങള്‍ക്ക് രോഗലക്ഷണങ്ങളുണ്ട് എന്നിവയിലേതെങ്കിലും രേഖപ്പെടുത്തുന്നവരെ വിദഗ്ധ പരിശോധനയ്‌ക്കും വിവരശേഖരണത്തിനും അയക്കും.
ലിസ്റ്റ് ചെയ്തിട്ടുള്ള കേസുകള്‍ക്ക് ഹാജരാകുന്ന അഭിഭാഷകരെ ഹര്‍ജി പരിഗണിക്കുന്നതിന് തൊട്ടുമുന്‍പ് മാത്രമേ അകത്തേക്ക് പ്രവേശിപ്പിക്കൂ. ഹര്‍ജി നടപടികള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ പുറത്തുപോകണം. ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് ഒരു കേസും മറ്റു ബെഞ്ചുകള്‍ 12 വീതം കേസുകളുമാണ് പരിഗണിച്ചത്. ആറ് കേസുകള്‍ കേട്ട് കോടതി മുറി അണുവിമുക്തമാക്കിയ ശേഷമാണ് ഓരോ ബെഞ്ചും വീണ്ടും കേസുകള്‍ പരിഗണിച്ചത്.
















