തിരുവനന്തപുരം: കൊറോണ ജാഗ്രത നിര്‍ദേശങ്ങള്‍ മറികടന്ന് വിമാനത്താവളത്തില്‍ സ്വീകരണമൊരുക്കിയ സംഭവത്തില്‍ റിയാലിറ്റി ഷോ ബിഗ് ബോസ് താരം രജിത് കുമാര്‍ കസ്റ്റഡിയില്‍. ആറ്റിങ്ങലിലെ വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. രജിത്തിനെ ഇന്നുതന്നെ നെടുമ്പാശേരി പൊലീസിന് കൈമാറും. റിയാലിറ്റി ഷോയില്‍ നിന്നു പുറത്തായ വ്യക്തിയെ സ്വീകരിക്കാന്‍ കൊറോണ നിയന്ത്രണങ്ങള്‍ ലംഘിച്ച് നൂറുകണക്കിനാളുകള്‍ വിമാനത്താവളത്തില്‍ തടിച്ചുകൂടിയതു വന്‍ വിവാദമായിരുന്നു. ബിഗ്ബോസ് റിയാലിറ്റിഷോയില്‍ നിന്ന് പുറത്തായ രജിത് കുമാറിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തിന് മുന്നില്‍ തടിച്ചുകൂടിയ നിരവധി പേര്‍ക്കെതിരേ കേസെടുത്തിരുന്നു.
കൊറോണയുടെ പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ചതിന് എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസിന്റെ നിര്‍ദേശപ്രകാരമാണ് കേസെടുത്തത്. വിമാനത്താവളത്തില്‍ തടിച്ച് കൂടിയ പേരറിയാവുന്ന നാല് പേര്‍ക്കും കണ്ടാലറിയുന്ന 75 പേര്‍ക്കുമെതിരെ കേസെടുത്തതായി കളക്ടര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. പെരുമ്പാവൂര്‍ സ്വദേശികളായ നിബാസ്, അഫ്സല് എന്നിവരടക്കം 9 പേരെ അറസ്റ്റ് ചെയ്തതായി നെടുമ്പാശ്ശേരി പോലീസ് അറിയിച്ചു. രജിത് കുമാര്‍ ഒന്നാം പ്രതിയാണ്.
ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ചെന്നൈയില്‍ നിന്ന് രാത്രി ഒന്‍പത് മണിയോടെ നെടുമ്പാശേരിയിലെത്തിയ രജിത് കുമാറിന് സ്വീകരണമൊരുക്കാനാണ് മുന്നറിയിപ്പ് അവഗണിച്ച്, നൂറോളം പേരെത്തിയത്. ആഭ്യന്തര ടെര്‍മിനലിന് പുറത്തായിരുന്നു സ്വീകരണം. കൈക്കുഞ്ഞുങ്ങളുമായി എത്തിയവര്‍പോലും പോലീസ് ഇടപെട്ടിട്ടും പിരിഞ്ഞു പോകാത്തതിനെ തുടര്‍ന്നാണ് കേസെടുത്തത്. രജിത് കുമാറിന് പുറമേ റിയാലിറ്റി ഷോയിലെ മറ്റൊരു മത്സരാര്‍ഥിയായിരുന്ന പരീക്കുട്ടി പെരുമ്പാവൂര്‍, കഴിഞ്ഞ സീസണിലെ മത്സരാര്‍ഥി ഷിയാസ് കരീം, ഹബീബ് റഹ്മാന് എന്നിവര്‍ക്കെതിരേയും കേസുണ്ട്.
അന്യായമായി സംഘംചേരല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നിര്‍ദേശം അവഗണിക്കല്‍, പൊതുജനങ്ങളുടെ വഴി തടസപ്പെടുത്തി അപകടം വരുത്താനുള്ള ശ്രമം എന്നിങ്ങനെ അഞ്ച് വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. കൂടാതെ വിമാനത്താവളത്തിന്റെ 500 മീറ്റര്‍ പരിധിയില്‍ പ്രകടനം നടത്തരുതെന്ന നിയമവും ലംഘിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: