ഈ സൈന്ധവനാഗരികതയുടെ കാലം 2500 ബി. സി. ഇ മുതല്ക്കാണെന്നാണ് ഇന്നു പണ്ഡിതലോകം കരുതി വരുന്നത് എന്നാല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേയും ഖരക്പൂര്‍ ഐ ഐ ടിയും സംയുക്തമായി 2016ല്‍ നടത്തിയ പഠനത്തില്‍ ഇത് നില നിന്നത് ചുരുങ്ങിയത് 8000 ബി. സി. ഇ മുതല്ക്കാണ് എന്നു തെളിഞ്ഞിട്ടുണ്ട്. ഈ നാഗരികതയുടെ കാലഘട്ടം തൊട്ട് പാലിഭാഷയിലെഴുതപ്പെട്ട നിദ്ദേശം എന്ന പ്രധാനബൗദ്ധഗ്രന്ഥത്തിന്റെ കാലമായി കരുതി വരുന്ന ബി. സി. ഇ. നാലാം ശതകം വരെയുള്ള കാലഘട്ടത്തെ ഹിന്ദു ഉപബോധത്തിന്റെ മേല്‍പ്പറഞ്ഞ തനിമ വ്യക്തവും ദൃഢവുമായ കാലഘട്ട (format period) മായി കരുതാം. ഈ കാലത്തെ ആണ് ഈ ലേഖകന്‍ ഭാരതത്തിന്റെ സുവര്‍ണ്ണകാലഘട്ടമായി കരുതുന്നത് ഭാരതത്തിന്റെ സുവര്‍ണ്ണ കാലഘട്ടമായി ചരിത്രകാരന്മാര് ഇന്നു പറയുന്നത് ഗുപ്തകാലത്തെയാണ്. അത് വൈദികമാര്‍ഗത്തിന്റെ പ്രചാരകാലമായിട്ടേ യഥാര്‍ത്ഥത്തില്‍ കണക്കാക്കാന്‍ കഴിയൂ. നിദ്ദേശകാലം വരെയുള്ള ഈ സുവര്‍ണ്ണകാലത്തിന്റെ ഒരു പ്രത്യേകത സിന്ധുസരസ്വതീ നാഗരികതയില്‍ തെളിയുന്ന വൈവിധ്യമാര്‍ന്ന ആചാരാനുഷ്ഠാനങ്ങളുടെ ചിത്രം ഏറക്കുറെ അതേ പടി നില നിന്നുപോന്നിരുന്നു എന്നതാണ്. നിദ്ദേശത്തില്‍ കാണുന്ന ആചാരാനുഷ്ഠാനവിവരണം ഈ നിഗമനത്തിനു മതിയായ തെളിവാണ് (R. G. Bhandarkar, Vaishnavim, Saivism and other-Minor Religious Systems). സൈന്ധവനാഗരികതയില്‍, പില്ക്കാലത്തു വൈദികം അവൈദികം എന്ന പട്ടികയിലാക്കി നാം എണ്ണുന്ന വൈദികം, തന്ത്രം, യോഗം. ജൈനം, ബൗദ്ധം മുതലായ ഒട്ടുമിക്ക ആചാരാനുഷ്ഠാനസമ്പ്രദായങ്ങളുടെയും പൂര്വരൂപ(prottoypes)ങ്ങള്, പുരാവസ്തുശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്.
പില്ക്കാല ഹിന്ദുഉപബോധത്തില് ഈ നാഗരികതയുടെ സ്വാധീനം എത്രമാത്രം ആഴമേറിയതാണ് എന്ന് Prof. B. B. Lal. ഘമഹ വ്യക്തമാക്കുന്നുണ്ട് (How Deep Are the Roots of Indian Civilization? Archaeology Answers). അതായത് സിന്ധുസരസ്വതീ നാഗരികതയുടെ കാലത്തു തന്നെ ഏകാത്മതയിലൂന്നിയ വൈവിധ്യം എന്ന ഹിന്ദുതനിമ പ്രകടമാകുകയും വിഭിന്നാശയങ്ങളുടെയും ആചാരാനുഷ്ഠാനസമ്പ്രദായങ്ങളുടെയും ഒരു പൊതു ശേഖരം (common pool) ഇവിടെ രൂപപ്പെടുകയും ചെയ്തു കഴിഞ്ഞു എന്നതാണ് ശ്രദ്ധേയമായ വസ്തുത. ആ നാഗരികതയുടെ വികിരണത്തിനു ശേഷം ഗംഗാസമതലത്തിലേക്കു വ്യാപിച്ച ഒരു വിഭാഗം ഹിന്ദുഗോത്രങ്ങള്‍ വൈദികമാര്‍ഗത്തെ പുഷ്ടിപ്പെടുത്തി. മറ്റു ചില ഹിന്ദുഗോത്രങ്ങള്‍ പ്രത്യേകിച്ചും വടക്കുകിഴക്കും വടക്കുപടിഞ്ഞാറും തെക്കെ മുനമ്പിലുമെത്തിയവര് തന്ത്രഹഠസമ്പ്രദായങ്ങളെ പരിപോഷിപ്പിച്ചു. ശക്തിസംഗമതന്ത്രം, പുരശ്ചര്യാര്‍ണ്ണവം മുതലായ തന്ത്രഗ്രന്ഥങ്ങളില് തന്ത്രസമ്പ്രദായത്തെ കാശ്മീരം, ഗൗഡം (ബംഗാളം), കേരളം എന്നു മൂന്നായി പരഞ്ഞിരിക്കുന്നത് ഈ നിഗമനത്തിന് ഉപോത്ബലകമാണ്. പാഞ്ചരാത്രവൈഷ്ണവം വടക്കുപടിഞ്ഞാറെ ഗുജറാത്തിലെ യാദവഗോത്രങ്ങള് വളര്‍ത്തിയെടുത്തു. ഏറക്കുറെ സമകാലികമായി വടക്കുകിഴക്കു ഭാഗങ്ങളിലായി മഹാവീരനും ഗൗതമബുദ്ധനും ജൈനബൗദ്ധധാരകളെ പുതിയരൂപത്തില്‍ അവതരിപ്പിച്ചു.തന്ത്രയോഗധാരയോടൊപ്പം പാശുപത, കാപാലിക, മത്തമയൂരാദി ശൈവധാരകളും ഹിന്ദുസമൂഹത്തിലെ പല വിഭാഗങ്ങളുടെ ഇടയിലും ഇടം കണ്ടെത്തി. ഇവ കൂടാതെ ഉള്ള നിരവധി സമ്പ്രദായങ്ങളെ നിദ്ദേശത്തില്‍ പറയുന്നുണ്ട്. ചുരുക്കത്തില്‍ ഇന്നു നമ്മള് എണ്ണുകയും ആചരിക്കുകയും അനുഷ്ഠിക്കുകയും ഗ്രന്ഥരൂപത്തില്‍ വായിക്കുകയും പഠിക്കുകയും താരതമ്യപ്പെടുത്തുകയും ചെയ്തുപോരുന്ന എല്ലാതരം ആശയങ്ങളും ആചാരാനുഷ്ഠാനങ്ങളും ആ സുവര്‍ണ്ണകാലത്തിനു ശേഷം മേല്‍പ്പറഞ്ഞ പൊതുശേഖരത്തില്‍ നിന്നെടുത്തു പരിഷ്കരിച്ചു രൂപപ്പെടുത്തപ്പെട്ടവയാണ്.
തിരുത്ത്: ഇന്നലെ പ്രസിദ്ധീകരിച്ച ‘ആചാരാനുഷ്ഠാനങ്ങളുടെ തത്വശാസ്ത്രം’പരമ്പരയിലെ ‘പേഴ്സ്യയിലെ സൈറസിന്റെ ആക്രമണം…’ എന്നു തുടങ്ങുന്ന വരിയില്‍ വര്‍ഷം രേഖപ്പെടുത്തിയതില്‍ സാങ്കേതിക പിഴവു പറ്റിയിരുന്നു. അത് 558- 530 ബിസിഇ എന്നു തിരുത്തി വായിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: